എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ; ഉടന്‍ പരിഹാരം കാണും: ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Monday 29th October 2012 3:58pm

കൊച്ചി മെട്രോ ഡി.എം.ആര്‍.സി ഏറ്റെടുക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും കമല്‍നാഥും ഷീലാ ദീക്ഷിതുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ചിട്ടുണ്ട്. കൊച്ചി മെട്രോയെ എങ്ങനെ സഹായിക്കാമെന്ന് കാര്യമായി ആലോചിക്കാമെന്നും അവര്‍ സമ്മതിച്ചിട്ടുണ്ട്.

അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ദല്‍ഹി മെട്രോ പ്രൊജക്ടിന്റെ ഫേസ് 3, ഫേസ് 4 പദ്ധതികള്‍ ഇനി തുടങ്ങാനിരിക്കുകയാണ്. ഇതിന് പുറമെ നിലവിലെ മെട്രോയുടെ മെയിന്റനന്‍സും നടത്താനുണ്ട്.

ഈ സാഹചര്യത്തില്‍ കേരളത്തിലെ കൊച്ചി മെട്രോ പോലുള്ള വലിയ പദ്ധതി ഡി.എം.ആര്‍.സി ഏറ്റെടുക്കുമ്പോള്‍ കേരളത്തിലേക്ക് കൂടുതല്‍ ആളുകളെ അയക്കേണ്ടി വരുമെന്നതാണ് അവര്‍ നേരിടുന്ന വലിയ പ്രശ്‌നം. അതേസമയം തന്നെ ദല്‍ഹിയിലെ മെട്രോ വര്‍ക്കിന് ദോഷകരമായി ബാധിക്കാത്ത രീതിയില്‍ എങ്ങനെ കേരളത്തെ സഹായിക്കാനാകുമെന്ന് ആലോചിക്കുമെന്ന് അവര്‍ ഉറപ്പ് പറഞ്ഞിട്ടുണ്ട്.

ദല്‍ഹിക്കു പുറത്തുള്ള ജോലികള്‍ ഏറ്റെടുക്കണമെങ്കില്‍ ഡി.എം.ആര്‍സിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി വേണമെന്ന തീരുമാനം മാത്രമാണ് ഇപ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകാന്‍ കാരണം.

കമല്‍നാഥുമായും ഷീലാ ദീക്ഷിതുമായും വീണ്ടും ചര്‍ച്ച ചെയ്ത് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കും. കൊച്ചി മെട്രോ ഡി.എം.ആര്‍.സി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ ആശയക്കുഴപ്പമില്ല. ഡി.എം.ആര്‍.സിയുടെ ഓഫീസ് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. എഞ്ചിനിയര്‍മാരെയും മറ്റ് ജോലിക്കാരെയും റിക്രൂട്ട് ചെയ്തു. അതുകൊണ്ട് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്.

ഇനി മറ്റന്നാള്‍ തിരുവനന്തപുരത്ത് ഇ. ശ്രീധരനെയും വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിനേയും മറ്റ് മന്ത്രിമാരേയും പങ്കെടുപ്പിച്ച് കൊണ്ട് യോഗം ചേരുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ദല്‍ഹി മെട്രോ അധികൃതരുമായി വീണ്ടും ചര്‍ച്ച നടത്തും. ഏത് ചര്‍ച്ചയിലും പങ്കെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും കമല്‍നാഥും ഷീല ദീക്ഷിതും അറിയിച്ചിട്ടുണ്ട്.

കൊച്ചി മെട്രോയില്‍ മികച്ച ടെക്‌നോളജിയില്‍ നല്ല ക്വാളിറ്റിയില്‍ വേഗത്തില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന് ഡി.എം.ആര്‍.സി തന്നെ വേണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സര്‍ക്കാര്‍ ഡി.എം.ആര്‍.സിയെ ഒഴിവാക്കി എന്ന തരത്തിലാണ്.  അത് ശരിയല്ല.പദ്ധതി ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ച് കഴിഞ്ഞതാണ്.

ഡി.എം.ആര്‍.സി ദല്‍ഹിയില്‍ ഏറ്റെടുത്തിട്ടുള്ള പദ്ധതികള്‍ക്ക് തടസ്സമാവാത്ത വിധത്തില്‍ പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുക്കാമെന്ന് ഷീല ദീക്ഷിത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇന്ന് നടത്തിയ ചര്‍ച്ചകള്‍ കേരളത്തിന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement