എഡിറ്റര്‍
എഡിറ്റര്‍
ചാരക്കേസ്: അന്വേഷണം വേണ്ടെന്ന് വെച്ചത് ഇടത് സര്‍ക്കാരെന്ന് ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Tuesday 16th October 2012 2:00pm

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അന്വേഷണം വേണ്ടെന്ന് വെച്ചത് ഇടത് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസ് അന്വേഷണം ആവശ്യമില്ലെന്നത് ഇടത് സര്‍ക്കാരിന്റെ പ്രഖ്യാപനമായിരുന്നെന്നും അതില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Ads By Google

ചാരക്കേസില്‍ ആത്മപരിശോധന നടത്തേണ്ടത് സര്‍ക്കാരല്ല, മറ്റുചിലരാണ്. ഇനി എല്ലാം നോക്കിയിട്ടേ അന്വേഷണത്തെ കുറിച്ച് തീരുമാനിക്കുള്ളൂ. യു.ഡി.എഫ് സര്‍ക്കാരിന്റെ എല്ലാ നയങ്ങളും ഇടത് സര്‍ക്കാരിന്റെ തുടര്‍ച്ചയായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിനെയും മുന്നണിയെയും എങ്ങനെ ബാധിക്കുമെന്ന് വിശദമായി ആലോചിച്ച ശേഷമേ ചാരക്കേസ് പുനരന്വേഷണം നടത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാവൂ എന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.സുധാകരന്‍ എം.പി പറഞ്ഞു.

പുറത്തുവന്നേക്കാവുന്ന കാര്യങ്ങള്‍ അത്ര ഗുണകരമാവില്ല. എവിടെ എങ്ങനെ ബാധിക്കും എന്ന് ആലോചിച്ചുവേണം പ്രതികരിക്കാന്‍. പിതാവിന്റെ മേലുള്ള കറ മായ്ച്ചുകളയണമെന്ന കെ.മുരളധീരന്റെ ആവശ്യം തെറ്റല്ല.

മുരളീധരന്റെ പരാതിക്ക് സര്‍ക്കാര്‍ മറുപടി നല്‍കുക തന്നെ വേണം. സാവകാശം വേണ്ടതിനാലാകും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇക്കാര്യത്തില്‍ മറുപടി വൈകിക്കുന്നത്. – കെ.സുധാകരന്‍ പറഞ്ഞു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പിതാവിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇന്നലെ കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞിരുന്നു. ചാരക്കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.

ഈ കത്ത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നും എന്നാല്‍ കത്ത് അവഗണിച്ചാല്‍ മറ്റ് നിയമനടപടി സ്വീകരിക്കുമെന്നും മുരളി വ്യക്തമാക്കിയിരുന്നു.

താന്‍ കേസുമായി മുന്നോട്ട് പോകുന്നത് പാര്‍ട്ടിക്ക് പ്രശ്‌നമാണെങ്കില്‍ അത് നേരിട്ട് പറയണമെന്നും  അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ വേണ്ടത് ചെയ്യുമെന്നും മുരളി പ്രതികരിച്ചിരുന്നു.

ചാരക്കേസില്‍ പോലീസുകാരെ ചോദ്യം ചെയ്യേണ്ടെന്ന തിരുവഞ്ചൂരിന്റെ നിലപാട് ഖേദകരമാണെന്നും മുരളി പറഞ്ഞിരുന്നു.

Advertisement