'എന്തുമാകാം, ആരും ചോദ്യം ചെയ്യില്ല എന്ന സ്ഥിതിയാണുള്ളത്'; യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവം കേരളത്തിന് അപമാനം- ഉമ്മന്‍ ചാണ്ടി
kERALA NEWS
'എന്തുമാകാം, ആരും ചോദ്യം ചെയ്യില്ല എന്ന സ്ഥിതിയാണുള്ളത്'; യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവം കേരളത്തിന് അപമാനം- ഉമ്മന്‍ ചാണ്ടി
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 7:28 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവം വിദ്യാര്‍ഥിസമൂഹത്തിനും കേരളത്തിനും അപമാനകരമാണെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി. യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘടനാ സ്വാതന്ത്ര്യമില്ലെന്നും ആ സ്ഥിതിക്കു മാറ്റം വന്നേ മതിയാകൂവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

‘വിദ്യാര്‍ഥികള്‍ക്കും കേരളത്തിനും തന്നെ അപമാനമാകുന്ന സംഭവങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇതു മനസ്സിലാക്കിക്കൊണ്ടാണ് 1992-ല്‍ ഞാന്‍ അവതരിപ്പിച്ച ബജറ്റില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഡിഗ്രി ക്ലാസ്സ് കാര്യവട്ടത്തേക്കു മാറ്റാന്‍ തീരുമാനിച്ചു. ആ തീരുമാനം നടപ്പാക്കി. കാര്യവട്ടത്ത് സര്‍ക്കാര്‍ കോളേജ് തുടങ്ങി. പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ത്തന്നെ തുടര്‍ന്നു. വളരെ നല്ല അന്തരീക്ഷം വന്നതാണ്.

പക്ഷേ അതുകഴിഞ്ഞുവന്ന ഇടതുപക്ഷ സര്‍ക്കാര്‍ കാര്യവട്ടം കോളേജ് അവിടെ നിലനിര്‍ത്തിയെങ്കിലും വീണ്ടും യൂണിവേഴ്‌സിറ്റി കോളേജില്‍ ഡിഗ്രി ക്ലാസ്സുകള്‍ തുടങ്ങി.’- അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥിരാഷ്ട്രീയമെന്നാല്‍ കലാപരാഷ്ട്രീയമെന്നോ സംഘര്‍ഷരാഷ്ട്രീയമെന്നോ അല്ലെന്നും അദ്ദേഹം പറഞ്ഞു. ‘അത് ജനാധിപത്യത്തിന്റെ ഒരു പരിശീലനക്കളരിയായി മാറണം. ഈ വിദ്യാര്‍ഥിരാഷ്ട്രീയത്തെയല്ല രക്ഷകര്‍ത്താക്കളും പൊതുജനങ്ങളും എതിര്‍ക്കുന്നത്. കലാലയങ്ങളിലെ അക്രമരാഷ്ട്രീയമാണ്.

അതുകൊണ്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെ തെറ്റു തിരുത്തണം. അല്ലെങ്കില്‍ ഈ ഭവിഷ്യത്ത് അവര്‍ക്കുതന്നെ ഒരു വിനയാകും. ഒരു സംശയവുമില്ല.’- അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘടനാ സ്വാതന്ത്ര്യമില്ലെന്നു ഭരണകക്ഷിയിലെ തന്നെ എ.ഐ.എസ്.എഫ് പരാതി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുമാകാം ആരും ചോദ്യം ചെയ്യില്ല എന്ന സ്ഥിതിയാണ് യൂണിവേഴ്‌സിറ്റി കോളേജിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തേ യൂണിറ്റ് നേതൃത്വത്തിലുള്ളവര്‍ക്ക് അടക്കം സംഭവവുമായി ബന്ധമുണ്ടെന്നു പ്രാഥമികമായി മനസ്സിലായതാണെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഏതെങ്കിലും പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അവര്‍ എസ്.എഫ്.ഐയില്‍ ഉണ്ടാവില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു.