എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ പാനല്‍: രാജിയും ജുഡീഷ്യല്‍ അന്വേഷണവുമില്ലെന്ന് ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Monday 17th June 2013 11:59am

ummenchandi1

തിരുവനന്തപുരം: സോളാര്‍ പാനല്‍ വിവാദത്തില്‍ താന്‍ രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. വിഷയത്തില്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ടുള്ള ബഹളത്തെ തുടര്‍ന്നാണ് സഭ പിരിഞ്ഞത്.

Ads By Google

സോളാര്‍ പാനല്‍ കേസിലെ പ്രതി സരിതാ എസ് നായരെ ദല്‍ഹിയില്‍ വെച്ച് കണ്ടെന്ന ആരോപണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിഷേധിച്ചു.

സരിതയെ ദല്‍ഹിയില്‍ വെച്ച് കാണുകയോ അവര്‍ക്ക് ശുപാര്‍ശ കത്ത് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. താനോ തന്റെ ഓഫീസോ ശുപാര്‍ശ കത്ത് നല്‍കിയിട്ടില്ല. ഫോണ്‍ വിളിച്ചതിന്റെ പേരില്‍ മാത്രം ഒരാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2012 ഡിസംബറില്‍ തന്നെ കാണാന്‍ ദല്‍ഹിയില്‍ വന്നത് സരിതാ എസ് നായരല്ല, അത് സുപ്രീം കോടതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്നെ കാണാന്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ബിജു രാധാകൃഷ്ണന്‍ വന്നിരുന്നു. അത് നിഷേധിക്കുന്നില്ല. സംസാരിച്ചത് കുടുംബകാര്യങ്ങളാണ്. എന്നാല്‍ തന്നെ കാണാന്‍ വരുമ്പോള്‍ ബിജു പിടികിട്ടാപ്പുള്ളിയായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം അനാവശ്യമായി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യ രശ്മി മരിച്ചപ്പോള്‍ ഇടതുസര്‍ക്കാര്‍ ഒന്നും ചെയ്തിരുന്നില്ല. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ക്രിമിനല്‍ കേസാക്കിയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തന്റെ ഓഫീസിലെ സ്വാതന്ത്ര്യം ചിലര്‍ ദുരുപയോഗം ചെയ്തു. കുറ്റക്കാരായ ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രി സഭയില്‍ മറുപടി പറഞ്ഞത്.

എന്നാല്‍ പ്രതിപക്ഷത്തിന്റെ രാജി ആവശ്യം മുഖ്യമന്ത്രി തള്ളി. സോളാര്‍ വിവാദത്തിന്റെ പേരില്‍ രാജിവെക്കില്ല. പൊതുതാത്പര്യം ബലികഴിച്ച് ഒരു നിമിഷം പോലും തുടരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സോളാര്‍ വിവാദത്തെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ഇന്ന് അടിയന്തര യു.ഡി.എഫ് യോഗം ചേരും. സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭപരിപാടികള്‍ ആസുത്രണം ചെയ്യാന്‍ എല്‍.ഡി.എഫ് യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ഉച്ചയ്ക്ക് 12 മണിക്ക് ക്ലിഫ് ഹൗസിലാണ് യോഗം ചേരുക. സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നവിധത്തില്‍ ദിനംപ്രതി വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് അടിയന്തര യു.ഡി.എഫ് യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളത്.

Advertisement