ഓണ്‍ലൈന്‍ റമ്മി കേസ്; അജു വര്‍ഗീസിനും കോഹ്‌ലിക്കും തമന്നയ്ക്കും ഹൈക്കോടതി നോട്ടീസ്: സര്‍ക്കാരിനോട് വിശദീകരണം തേടി
Kerala
ഓണ്‍ലൈന്‍ റമ്മി കേസ്; അജു വര്‍ഗീസിനും കോഹ്‌ലിക്കും തമന്നയ്ക്കും ഹൈക്കോടതി നോട്ടീസ്: സര്‍ക്കാരിനോട് വിശദീകരണം തേടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th January 2021, 11:46 am

കൊച്ചി: ഓണ്‍ലൈന്‍ റമ്മി കേസില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ക്ക് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, നടി തമന്ന, മലയാള സിനിമാ താരം അജു വര്‍ഗീസ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് നോട്ടീസ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.

നേരത്തെ ഓണ്‍ലൈന്‍ ചൂതാട്ട സ്ഥാപനങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് താരങ്ങള്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. വിരാട് കോഹ്‌ലി, ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, ചലച്ചിത്ര താരങ്ങളായ തമന്ന, പ്രകാശ് രാജ് എന്നിവര്‍ക്കായി ചെന്നൈ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നത്.

ഓണ്‍ലൈന്‍ ചൂതാട്ടം ജനങ്ങളെ പ്രതികൂലമായി സ്വാധീനിക്കുമെന്ന് അറിയില്ലേയെന്നായിരുന്നു കോടതി ഇവരോട് ചോദിച്ചത്. താരങ്ങള്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണോ എന്ന് ചോദിച്ച കോടതി അന്ന് താരങ്ങള്‍ക്ക് കോടതി നോട്ടീസും അയച്ചിരുന്നു.

ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചെന്നൈ ഹൈക്കോടതിയില്‍ ഹരജി എത്തിയത്.

ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. നടി തമന്ന ഭാട്ടിയയേയും അറസ്റ്റ് ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ നടത്താനുള്ള ആപ്പുകള്‍ നിരോധിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ഇതിലേക്ക് രാജ്യത്തെ യുവാക്കളെ സ്വാധീനിക്കാന്‍ താരങ്ങള്‍ക്ക് കഴിയുമെന്നും ഇക്കാരണത്താല്‍ താരങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇത്തരം ആപ്പുകള്‍ നിരോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കണം. യുവാക്കളെ ആപ്പുകള്‍ അടിമകളാക്കി മാറ്റുന്നുവെന്നാണ് ഹരജിക്കാരന്റെ പ്രധാന ആരോപണം. യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ ഓണ്‍ലൈന്‍ ചൂതാട്ട ആപ്പുകള്‍ താരങ്ങളെ ഉപയോഗിക്കുകയാണ്. അതിനാല്‍ താരങ്ങളെ അറസ്റ്റ് ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഓണ്‍ലൈനില്‍ ചൂതാട്ടത്തിനായി വാങ്ങിയ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി സമര്‍പ്പിച്ചത്.

രാജ്യത്ത് ചൂതാട്ടം ക്രിമിനല്‍ കുറ്റമാണെന്നും ചൂതാട്ടത്തിന് അടിമപ്പെടുന്നവരുടെ ആത്മഹത്യ കേസുകള്‍ തമിഴ്നാട്ടില്‍ വര്‍ധിച്ചിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Online Rummy case Highcourt notice against Virat Kohli, Thamanna and Aju Varghese