2017ന് മുമ്പ് യു.പി ഭരിച്ചിരുന്നത് മുഴുവന്‍ അഴിമതിക്കാര്‍, ഇപ്പോള്‍ യു.പിയുടെ സ്ഥിതി മാറി; യോഗി ആദിത്യനാഥ്
national news
2017ന് മുമ്പ് യു.പി ഭരിച്ചിരുന്നത് മുഴുവന്‍ അഴിമതിക്കാര്‍, ഇപ്പോള്‍ യു.പിയുടെ സ്ഥിതി മാറി; യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th September 2022, 10:00 am

ലഖ്‌നൗ: 2017ന് മുന്‍പ് ഉത്തര്‍പ്രദേശ് ഭരിച്ചിരുന്നത് മുഴുവന്‍ അഴിമതിക്കാരായിരുന്നു എന്ന വിവാദ പരാമര്‍ശവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരത്തില്‍ അഴിമതി കാണിച്ച് ഇത്തരക്കാര്‍ നേടിയെടുത്ത സ്വത്തും സമ്പാദ്യവും പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാര്‍ക്ക് കലാപകാരികളുടെ വിധി തന്നെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് യോഗി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

മുന്‍ സര്‍ക്കാരുകളുടെ ജീനുകളില്‍ അഴിമതിയുണ്ടായിരുന്നുവെന്നും ഇവര്‍ സംസ്ഥാനത്തിന്റെ മൊത്തം വ്യവസ്ഥയേയും ഇല്ലാതാക്കിയെന്നും യോഗി ആദിത്യനാഥ് പറയുന്നു. എല്ലാ പ്രവര്‍ത്തികളുടെയും ശിക്ഷ നേരത്തെ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്ലാ പ്രവൃത്തികള്‍ക്കുമുള്ള പ്രതിഫലം നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

മുന്‍സര്‍ക്കാരുകളുടെ കാലത്ത് പ്രവര്‍ത്തിച്ചിരുന്ന റാക്കറ്റ് മൊത്തം വ്യവസ്ഥിതിയേയും നശിപ്പിച്ചു. അതിന് സംസ്ഥാനം നല്‍കേണ്ടിവന്ന വിലയേക്കുറിച്ച് എല്ലാ ജനങ്ങള്‍ക്കും അറിയാം. മുന്‍ സര്‍ക്കാരുകളുടെ ജീനുകളില്‍ അഴിമതിയുണ്ടായിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ഭരണത്തിലുള്ളവരുടെ ഉറ്റവരും ഉടയവരും മാത്രമായിരുന്നു. യോഗി പറഞ്ഞു.

അഞ്ച് കൊല്ലം മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്ന് ഒരാള്‍ മറ്റെവിടെയെങ്കിലും പോയാല്‍ അവരുടെ വ്യക്തിവിവരങ്ങള്‍ മറച്ചുവെക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നും ഇന്ന് സ്ഥിതി ഏറെ മെച്ചപ്പെട്ടതാണെന്നും യോഗി പറയുന്നു. രാജ്യത്തുടനീളം അംഗീകരം നേടിയ ഒന്നാണ് യു.പി മോഡലെന്നും യോഗി പറയുന്നു.

അഞ്ച് കൊല്ലം മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്ന് ഒരാള്‍ മറ്റെവിടെയെങ്കിലും പോയാല്‍ അവരുടെ വ്യക്തിവിവരങ്ങള്‍ മറച്ചുവെക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി അങ്ങനെയല്ലെന്നും ഏറെ ബഹുമാനത്തോടെയാണ് സ്വീകരിക്കപ്പെടുന്നതെന്നും യോഗി പറഞ്ഞു. യു.പി മോഡല്‍ എല്ലാവരും അംഗീകരിക്കുന്നു. കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കും സംസ്ഥാനത്ത് സ്ഥാനമില്ലാതായെന്നും കലാപരഹിത സംസ്ഥാനമായി യു.പി മാറി, യോഗി പറഞ്ഞു.

2017ലാണ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്. 2012 മുതല്‍ 2017വരെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവായിരുന്നു ഉത്തര്‍പ്രദേശിനെ നയിച്ചിരുന്നത്.

Content Highlight:Ones who ruled Uttar Pradesh once were corrupt people. now everything changed says UP cm yogi adityanath