എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് വെടിവെയ്പ്പിന് ഒരാണ്ട്: എസ്.പി യ്‌ക്കെതിരെ ഒരു നടപടിയുമില്ല
എഡിറ്റര്‍
Thursday 11th October 2012 8:10am

കോഴിക്കോട്: വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി നിര്‍മ്മല്‍ മാധവിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നടത്തിയ സമരത്തിന് നേരെ വെടിയുതിര്‍ത്ത അസി. കമ്മീഷണര്‍ രാധാകൃഷ്ണപ്പിള്ളയ്ക്ക് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം. സംഭവം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷവും സര്‍വ്വീസ് ബുക്കില്‍ ബ്ലാക്ക് മാര്‍ക്ക് നല്‍കാതെ ആഭ്യന്തര വകുപ്പ് ഇപ്പോഴും എസ്.പി യെ സംരക്ഷിച്ച് കൊണ്ടിരിക്കുകയാണ്.

Ads By Google

സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നല്‍കിയ പരാതി അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി ജയകുമാറിനെയാണ് ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തിയിരുന്നത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.പി യെ മലപ്പുറം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി യായി സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് നടപടിയൊന്നും ഉണ്ടായില്ല.

സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെയ്ക്കാനുള്ള സാഹചര്യമെന്നും അന്നുണ്ടായിരുന്നില്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും വെടിവെപ്പ് അനവസരത്തിലായിരുന്നുവെന്ന സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടും പരിഗണിക്കാന്‍ അന്നത്തെ ഡി.ജി.പി യോ ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രിയോ തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഡി.ജി.പി ജേക്കബ് പുന്നൂസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും രാധാകൃഷ്ണപ്പിള്ളയെ ന്യായീകരിക്കുന്നതായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയത് വെടിവെയ്ക്കാനായിരുന്നില്ലെന്നും ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു രാധാകൃഷ്ണപ്പിള്ളയുടെ ഉദ്ദേശ്യമെന്നായിരുന്നു ഡി.ജി.പി യുടെ ഭാഷ്യം. അതേ സമയം വെടിവെയ്ക്കുക തന്നെയായിരുന്നു തന്റെ ഉദ്ദേശ്യമെന്ന എസ്.പി യുടെ പത്രപ്രസ്താവന വേണ്ടിയിരുന്നില്ല എന്നതാണ് ഡി.ജി.പി യുടെ റിപ്പോര്‍ട്ടില്‍ എതിരായിട്ടുള്ളത്. സംസ്ഥാനത്ത് ആഴ്ടകളോളം ആളിക്കത്തിയ വിഷയമായിട്ടും ഭരണതലത്തിലെ സമ്മര്‍ദ്ദവും ഉന്നതതല ബന്ധവുമാണ് പിള്ളയ്‌ക്കെതിരായ നടപടി മരവിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 10 നായിരുന്നു ഈ വിവാദ സംഭവം അരങ്ങേറിയത്.

Advertisement