ബി.ജെ.പി. നല്‍കിയ പണത്തില്‍ ഒരു ലക്ഷം സുഹൃത്തിന് നല്‍കിയെന്ന് കെ. സുന്ദര; ബാങ്ക് രേഖകള്‍ ശേഖരിച്ച് അന്വേഷണ സംഘം
Kerala News
ബി.ജെ.പി. നല്‍കിയ പണത്തില്‍ ഒരു ലക്ഷം സുഹൃത്തിന് നല്‍കിയെന്ന് കെ. സുന്ദര; ബാങ്ക് രേഖകള്‍ ശേഖരിച്ച് അന്വേഷണ സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th June 2021, 9:38 am

കാസര്‍ഗോഡ്: കെ. സുരേന്ദ്രനെതിരെ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറുന്നതിനായി ബി.ജെ.പി. നല്‍കിയ രണ്ടര ലക്ഷം രൂപയില്‍ ഒരു ലക്ഷം സുഹൃത്തിന് നല്‍കിയെന്ന് കെ. സുന്ദര. ബാങ്കില്‍ നിക്ഷേപിച്ച ഈ പണം കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ബാങ്ക് രേഖകള്‍ പരിശോധിച്ചു.

രണ്ടര ലക്ഷം രൂപയാണ് ബി.ജെ.പി. നല്‍കിയതെന്നും ഒന്നര ലക്ഷം രൂപയാണ് ചെലവായി പോയെന്നും സുന്ദര നേരത്തെ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

അതേസമയം, കെ. സുന്ദരയ്ക്ക് ബി.ജെ.പി. നല്‍കിയ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഷോപ്പിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് ഫോണ്‍ വാങ്ങിയ ബി.ജെ.പി. പ്രവര്‍ത്തകനെ പൊലീസ് തിരിച്ചറിഞ്ഞു.

സുരേന്ദ്രനെതിരായ കേസ് നിലവില്‍ ക്രൈം ബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ഐ.പി.സി 171 ബി വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

എന്നാല്‍ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പായ തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും എഫ്.ഐ.ആറില്‍ ചേര്‍ക്കാനും നീക്കമുണ്ട്. കൂടുതല്‍ പ്രാദേശിക നേതാക്കളെയും കേസില്‍ പ്രതിചേര്‍ത്തേക്കും.

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി. രമേശനാണ് കെ. സുരേന്ദ്രനെതിരെ പരാതി നല്‍കിയത്. രമേശന്റെ മൊഴിയും ക്രൈം ബ്രാഞ്ച് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെതിരെ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ബി.ജെ.പിക്കാര്‍ തനിക്ക് പണം നല്‍കിയെന്ന് കെ. സുന്ദര പറഞ്ഞതോടെയാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്.

സുരേന്ദ്രനും ബി.ജെ.പിയും സുന്ദരയുടെ വെളിപ്പെടുത്തലുകളെ നിഷേധിച്ചെങ്കിലും പണം നല്‍കിയത് യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്കാണെന്നു കഴിഞ്ഞ ദിവസം കെ. സുന്ദര പൊലീസിനു മൊഴി നല്‍കി.

സുനില്‍ നായിക്ക്, സുരേഷ് നായിക്ക് തുടങ്ങിയവരാണു പണം നല്‍കാന്‍ വന്നതെന്നും സുന്ദര പറഞ്ഞു. അശോക് ഷെട്ടിയും സംഘത്തിലുണ്ടായിരുന്നുവെന്ന് സുന്ദര പറഞ്ഞു. ബദിയടുക്ക പൊലീസിനാണ് സുന്ദര മൊഴി നല്‍കിയത്. ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും സുന്ദര പറഞ്ഞു.

സുന്ദരയ്ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് തീരുമാനിച്ചു. മൊഴിനല്‍കിയ ശേഷം വീട്ടിലെത്തിച്ചതും പൊലീസ് സംരക്ഷണിയിലാണ്. കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ടു സുനില്‍ നായിക്കിനെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സുനില്‍ നായിക്കായിരുന്നു പണം നല്‍കിയതെന്നായിരുന്നു ധര്‍മരാജന്‍ പൊലീസിന് മൊഴി നല്‍കിയത്.

മാര്‍ച്ച് 21 ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കെ. സുന്ദരയുടെ വീട്ടില്‍ പോയപ്പോള്‍ എടുത്ത ചിത്രം സുനില്‍ നായിക്ക് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുമുണ്ട്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കാശ് വാങ്ങിയത് തെറ്റാണെന്നും എന്നാല്‍ ചെലവായതിനാല്‍ തിരികെ കൊടുക്കാനില്ലെന്നും സുന്ദര നേരത്തെ പറഞ്ഞിരുന്നു.

ആരുടെയും പ്രലോഭനത്തിലല്ല ഇപ്പോഴത്തെ വെളിപ്പെടുത്തലെന്നും കെ. സുന്ദര വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: One lakh given by BJP to K Sundara to is with his friend, police investigating