ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ദല്‍ഹിയില്‍ കാര്‍ തല്ലിത്തകര്‍ത്ത കന്‍വാര്‍ യാത്രികരിലൊരാളെ പിടികൂടി
ന്യൂസ് ഡെസ്‌ക്
Thursday 9th August 2018 9:29pm

ന്യൂദല്‍ഹി: ദല്‍ഹി മോത്തി നഗറില്‍ ദേഹത്ത് തട്ടിയെന്ന് ആരോപിച്ച് കാര്‍ അടിച്ചുപൊളിച്ച സംഭവത്തില്‍ ഒരു കന്‍വാരി യാത്രികനെ പൊലീസ് പിടികൂടി. 25കാരനായ രാഹുല്‍ എന്നയാളെയാണ് പിടികൂടിയത്. നേരത്തെ ഒരു മോഷണക്കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. കാര്‍ കടന്ന് പോകുന്നതിനിടയില്‍ സംഘത്തിലുണ്ടായിരുന്ന ഒരാളുടെ ശരീരത്ത് തട്ടിയെന്ന് ആരോപിച്ചായിരുന്നു തീര്‍ത്ഥാടക സംഘത്തിന്റെ അക്രമം. പൊലീസുകാര്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലടക്കം വൈറലായിരുന്നു.

 

 

കാര്‍ കത്തിക്കാന്‍ സംഘത്തിന് പദ്ധതിയുണ്ടായിരുന്നുവെന്നും എന്നാല്‍ എണ്‍പതോളം പൊലീസുകാര്‍ സ്ഥലത്തെത്തിയത് കണ്ടു ഇതില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെടുകയായിരുന്നു. തുടരാക്രമണം ഭയന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കാന്‍ വിസമ്മതിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും പൊലീസ് അന്വേഷിച്ചുമാണ് കേസെടുത്തത്.

Advertisement