Administrator
Administrator
അപ്പോള്‍, നങ്ങേലി മുലയരിഞ്ഞ് വച്ചതെന്തിന്?
Administrator
Monday 20th December 2010 8:57pm

ചരിത്രം/പ്രതികരണം

ആര്‍.കെ. ബിജുരാജ്

മലയാളിസ്ത്രീയുടെ ഇന്നത്തെ വേഷം നീണ്ടുവലിഞ്ഞ കലാപങ്ങളുടെ തുടര്‍ച്ചയാണ്. സ്ത്രീ നടത്താന്‍ പോകുന്ന വരുംകാല സമരങ്ങളിലും വസ്ത്രം ഒരു മുഖ്യവിഷയമായിരിക്കും. പക്ഷേ, ഇപ്പോള്‍ നമുക്ക് ആ കലാപങ്ങളുടെ ചരിത്രം പുന:പരിശോധിക്കേണ്ടിയിരിക്കുന്നു.

പ്രത്യേകിച്ച്, കഴിഞ്ഞകാല പോരാട്ടങ്ങളിലെ പുരുഷന്‍മാര്‍ സ്ത്രീക്ക് മേല്‍ വസ്ത്രം/മുലക്കച്ചകള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്ന് ഫെമിനിസ്റ്റുകളില്‍ ചിലര്‍ പുതിയ വാദമുഖം കൊണ്ടുവരുമ്പോള്‍. നമുക്ക് കേരളത്തിലെ ഫെമിനിസ്റ്റ് മുന്നേറ്റങ്ങളിലെ പ്രമുഖ ചിന്തകരിലൊരാളായ ജെ. ദേവികയുടെ അത്തരത്തിലുള്ള ഒരു വാദം കേള്‍ക്കാം:

‘കേരളത്തിലെ മുസ്ളിം സ്ത്രീകള്‍ക്കിടയില്‍ ശീരോവസ്ത്രം ധരിക്കുന്ന പ്രവണത വലിയ തോതില്‍ പ്രചാരണം നേടുന്നത് വലിയൊരു പ്രശ്നമല്ലേ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഞാന്‍ അവരോട് പറയാറുള്ളത്, 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ കേരളത്തിലെ പല ഹിന്ദു ജാതിക്കാരും പെണ്ണുങ്ങളെ നേരിട്ടും അല്ലാതെയും ബലപ്രയോഗത്തിലൂടെയും മസ്തിഷ്ക പ്രക്ഷാളനത്തിലൂടെയും ബ്ളൌസടുവിച്ചതിലെ പ്രശ്നങ്ങള്‍ തന്നേയേ ഇതിലുള്ളൂ എന്നാണ്.

കാരണം അന്നും വീടിന് പുറത്തിറങ്ങണമെങ്കില്‍ സ്ത്രീക്ക് മാന്യമായ വസ്ത്രം ഇന്നതാണെന്ന് ഈ നവീകരിക്കപ്പെട്ട സമുദായങ്ങള്‍ എല്ലാം തന്നെ തീരുമാനിക്കുകയും അതനുസരിച്ചാണ് അവള്‍ പുറത്തിറങ്ങുന്നതെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു ” (അദര്‍ ബുക്സ് കോഴിക്കോട് നടത്തിയ ഇന്ററാക്ടീവ് സെഷനില്‍ ചെയ്ത പ്രഭാഷണം, മാധ്യമം ആഴ്ചപ്പതിച്ച് 2010 ഏപ്രില്‍ 19).

‘പുതിയ വാദ’ത്തിന്റെ രാഷ്ട്രീയം

ദേവിക പറഞ്ഞതെന്താണെന്ന് പ്രഭാഷണം വായിച്ചപ്പോള്‍ അന്ന് കൃത്യമായി മനസിലായില്ല. പക്ഷേ, അതിലെ രാഷ്ട്രീയം പിന്നീട് മറനീക്കി പുറത്തുവന്നു. കാസര്‍ഗോഡ് ജില്ലയിലെ ചേര്‍ക്കളം സ്വദേശിയായ യുവ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി റൈഹാന ആര്‍ ഖാസി വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വധഭീഷണി നേരിട്ട പശ്ചാത്തലത്തില്‍ ജെ. ദേവിക എഴുതിയ കുറിപ്പിലാണ് അത്.

‘കേരളത്തിലെ വസ്ത്രധാരണവും വധഭീഷണിയും: പരിഷ്കരണവാദിയായ പുരുഷന്റെ രണ്ടാംവരവോ’ എന്ന പേരില്‍ ഷംസാദ് ഹുസൈനുമായി ചേര്‍ന്ന് ദേവിക ‘കഫില ഡോട്ട് ഓര്‍ഗി’ല്‍ ഇംഗ്ളീഷില്‍ ലേഖനമെഴുതിയിരുന്നു. പര്‍ദ അടിച്ചേല്‍പ്പിക്കുന്നതിനെപ്പറ്റിയുള്ള വിഷയം സംസാരിക്കുമ്പോള്‍ പഴയ സാമൂഹ്യ മുന്നേറ്റങ്ങള്‍ എടുത്തുപറയുകയും ഉപമിക്കുകയും ചെയ്യുമ്പോള്‍ തന്നെ രാഷ്ട്രീയം വ്യക്തം.

രിത്രം വളച്ചൊടിച്ചുകൊണ്ട് അതില്‍ പറയുന്നതിങ്ങനെയാണ്: “കൊളോണിയല്‍ ആധുനികതയോടൊപ്പിച്ച് മലയാളി സമൂഹത്തില്‍ 19-ാം നൂറ്റാണ്ടിന്റെ ആദ്യം ‘മലയാളി നവോഥാന’ കാലത്ത് വിവിധ സാമുദായിക നേതാക്കള്‍ (സംശയമില്ല, അവര്‍ പുരുഷന്‍മാരായിരുന്നു,) അതേ സമുദായത്തിലെ സ്ത്രീകളുടെ ശരീരത്തിന്‍മേല്‍ നിയന്ത്രണം തേടുകയും ‘മാന്യമായ വസ്ത്രധാരണ’ത്തിന്റെ നിയമങ്ങള്‍ അതിലെ സ്ത്രീ അംഗങ്ങള്‍ക്കുമേല്‍ ബാധകമാക്കുകയൂം ചെയ്തു.

ഒരു സവിശേഷ ചിത്രകാലഘട്ടത്തില്‍ സമൂദായങ്ങള്‍ പുനര്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ സമുദായത്തിന്റെ അടയാളങ്ങള്‍ ചുമക്കുക എന്ന ഭാരം ആനുപാതികമല്ലാത്ത വിധത്തില്‍ അതിലെ സ്ത്രീകളുടെമേല്‍ വന്നു പതിച്ചു” (സ്വതന്ത്ര വിവര്‍ത്തനം ലേഖകന്റേത്). വീണ്ടും മാറുമറയ്ക്കല്‍ കലാപവും പര്‍ദ അടിച്ചേല്‍പ്പിക്കലും ഒന്നാക്കിക്കൊണ്ട് ഒരു അവിയല്‍ സിദ്ധാന്തം!. ഇപ്പോള്‍ നമുക്ക് അപകടം മനസിലാകുന്നു. മാറുമറയ്ക്കല്‍ കലാപവും പെരിനാട് കലാപവുമെല്ലാം കേരളീയ നവോഥാനത്തിന്റെ ഭാഗമല്ല. പുരുഷന്റെ കലാപമാണ്. അതുപോലെയൊന്നാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പര്‍ദ അടിച്ചേല്‍പ്പിക്കലുകള്‍. അതില്‍ വലിയ രോഷം കൊള്ളേണ്ട കാര്യമില്ല.

സ്വയം സ്ത്രീകള്‍ തന്നെ പര്‍ദ എടുത്തണിഞ്ഞോളൂ-ഇതാവണം ദേവികയുടെ വാദത്തിന്റെ ധ്വനി. ഒന്നുകൂടി ചുഴിഞ്ഞ് നോക്കിയാല്‍, ദേവികയുടെ ലേഖനത്തില്‍ (പിന്നീട് പുസ്തകത്തില്‍) ഒരുതരം വൈരുദ്ധ്യം അടങ്ങിയിരിക്കുന്നത് കാണാനാവും. 19-ാം നൂറ്റാണ്ടില്‍ നടന്ന ‘ബ്ളൌസിടിക്കല്‍’ ശരിയോ അതോ തെറ്റോ എന്ന് ലേഖിക വ്യക്തമായ ഉത്തരം പറയുന്നില്ല. പക്ഷേ ലേഖനത്തില്‍നിന്ന് മനസിലാവുന്നത് തെറ്റാണെന്നാണ്. അതുപോലെ തന്നെ ലേഖനത്തിന്റെ പൊതു സ്വഭാവം പര്‍ദയെ ന്യായീകരിക്കുകയാണ്. ബ്ളൌസിടിക്കല്‍ പോലെയാണ് പര്‍ദയുടെ വിഷയമെങ്കില്‍ അതും തെറ്റാണെന്നു വരുന്നു. ഒരാശയക്കുഴപ്പം ദേവിക പറഞ്ഞുവയ്ക്കുന്ന കാര്യത്തിലുണ്ട്.

ശിരോവസ്ത്രം ധരിക്കുന്ന/ധരിപ്പിക്കുന്ന പ്രവണതയും മാറുമറയ്ക്കല്‍പോലുള്ള കലാപങ്ങളെയും എങ്ങനെയാണ് ഒന്നാവുന്നത്? ഒന്ന് ജാതീയവും ലിംഗപരവുമായ അടിച്ചമര്‍ത്തലിനെതിരെ നടന്ന സാമൂഹ്യമുന്നേറ്റമാണ്. അതില്‍ സ്ത്രീയും പുരുഷനും പങ്കുവഹിച്ചിരുന്നു. സമൂഹത്തിലെ ഒരു വിഭാഗത്തിന് വസ്ത്രം ധരിക്കാനാവുകയും മറ്റൊരു വിഭാഗം ജനങ്ങള്‍ക്ക് ജാതിയുടെ പേരില്‍ അത് നിഷേധിക്കപ്പെടുകയും ചെയ്ത അനീതിക്കെതിരെയാണ് ആ പേരാട്ടങ്ങള്‍ നടക്കുന്നത്.

എന്നാല്‍ ശിരോവസ്ത്രം അടിച്ചേല്‍പ്പിക്കലോ? അതേത് ജാതിവിരുദ്ധ/ലിംഗവിവേചന വിരുദ്ധ സമരത്തിന്റെ ഭാഗമാണ്? അതിന് ഒരു സാമൂഹ്യമുന്നേറ്റവുമായും ബന്ധമില്ല. സ്ത്രീക്കുമേല്‍ നേരിട്ട് തന്നെ പുരുഷന്‍ അടിച്ചേല്‍പ്പിക്കുന്ന ആധിപത്യത്തിന്റെ രൂപങ്ങളാണ് അത്. 1940 കള്‍ക്ക് മുമ്പ് നടന്ന മുന്നേറ്റങ്ങള്‍ സ്ത്രീകള്‍ മാന്യമായി പുറത്തിറങ്ങുന്നതിന് വേണ്ടി നടന്നതല്ലെന്ന് ആദ്യം അറിയണം. അത് ജാതീയമായും സാമൂഹികമായും സ്ത്രീകള്‍ നേരിട്ട വിവേചനങ്ങള്‍ക്കും അനീതികള്‍ക്കുമെതിരായിട്ടാണ് നടന്നത്.

‘സമൂദായങ്ങള്‍ പുനര്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ സമുദായത്തിന്റെ അടയാളങ്ങള്‍ ചുമക്കുക എന്ന ഭാരം ആനുപാതികമല്ലാത്ത വിധത്തില്‍ അതിലെ സ്ത്രീകളുടെമേല്‍ വന്നുവീണു’ വന്ന ദേവികയുടെ വാദം എടുക്കാം. ഒരു വാദത്തിനുവേണ്ടി സമ്മതിക്കുക. അപ്പോള്‍, ഈ സാമൂഹ്യ മുന്നേറ്റങ്ങള്‍ നടക്കും മുമ്പ് സമുദായത്തിന്റെ അടയാളങ്ങള്‍ ചുമക്കുക എന്ന ഭാരം ആരിലാണ് പതിച്ചിരുന്നത് എന്ന മറുചോദ്യം ഉയരുന്നു. അതിന് ഉത്തരം വളരെ സ്പഷ്ടമാണ്: സ്ത്രീകള്‍ തന്നെ. ഇനി സാമൂഹ്യപരിഷ്കാരങ്ങള്‍ സ്ത്രീയെക്കൂടി ഉള്‍ക്കൊള്ളാതെ മുന്നോട്ട്പോയിരുന്നെങ്കിലും ഭാരം ചുമക്കേണ്ടതും അവര്‍ മാത്രം. ഈ രണ്ട് വൈരുദ്ധ്യങ്ങള്‍ കാണാതെയാണ് ദേവികയുടെ വാദമുഖങ്ങള്‍ തുടങ്ങുന്നതു തന്നെ.

ദേവികയുടെ വാദത്തിലേക്ക് കൂടുതലായി കടക്കുന്നതിന് മുമ്പ് പൊതുവില്‍ നടന്നുവരുന്ന ഒരു ‘ബൌദ്ധികഅഭ്യാസ’ത്തെപ്പറ്റി കൂടി സൂചിപ്പിക്കേണ്ടതുണ്ട്. നിങ്ങള്‍ക്കൊരു തെറ്റായ കാര്യം ന്യായീകരിക്കണമെന്ന് കരുതുക. ഉടനെ നിങ്ങള്‍ ചരിത്രത്തില്‍നിന്ന് അതിന് ഒരു ന്യായം കണ്ടെത്തുക. എന്നിട്ട് അതിനെ പുതിയ സാഹചര്യത്തില്‍ അല്‍പം ബൌദ്ധികദര്‍ശനം നല്‍കി അവതരിപ്പിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ചരിത്രത്തിന്റെ പിന്‍ബലം കിട്ടും. ഒപ്പം ഇന്നത്തെ പ്രവൃത്തി പഴയ ചരിത്രസത്യത്തിന് ഒപ്പിച്ചതാണ് എന്നും വരും. ഇത് ഒരുതരം ബൌദ്ധിക കളിയാണ്.

ഈ ‘ബൌദ്ധിക ഇടപെടലി’നെപ്പറ്റി പറയാന്‍ കാരണമുണ്ട്. സ്ത്രീകള്‍ക്കുമേല്‍ പര്‍ദ അടിച്ചേല്‍പ്പിക്കുന്ന പുരുഷാധിപത്യ പ്രവണതകളെ നിങ്ങള്‍ക്ക് ന്യായീകരിക്കേണ്ടതുണ്ട് എന്നു കരുതുക. ഉടനെ നിങ്ങള്‍ ചരിത്രത്തിലേക്ക് പോകുന്നു. അവിടെ ‘മാറുമറയ്ക്കല്‍ സമരം’ കാണുന്നു. അതിന് പുതിയ വ്യാഖ്യാനം നല്‍കാം. ഒപ്പം മാറുമറയ്ക്കല്‍ സമരവും പര്‍ദ അടിച്ചേല്‍പ്പിക്കലും സമാനമാണ് എന്ന് പറഞ്ഞ് സമര്‍ത്ഥിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍ പര്‍ദയ്ക്ക് ഒരു ചരിത്ര/ദാര്‍ശനീക ന്യായീകരണം ലഭിക്കും. ബൌദ്ധികമായ ഇത്തരം ഒരു ശ്രമത്തിലാണ് ജ. ദേവികയെന്ന് തോന്നുന്നു.

സ്ത്രീ മാറുമറയ്ക്കേണ്ട എന്നത് ആരുടെ താല്‍പര്യം?

ദേവിക പറഞ്ഞതുപോലെ “പല ഹിന്ദു ജാതിക്കാരും പെണ്ണുങ്ങളെ നേരിട്ടും അല്ലാതെയും ബലപ്രയോഗത്തിലൂടെയും മസ്തിഷ്ക പ്രക്ഷാളനത്തിലൂടെയും ബ്ളൌസടുവിച്ചു” എന്ന് തന്നെ കരുതുക. അതിനര്‍ത്ഥം സ്ത്രീക്ക് താല്‍പര്യമില്ലാതിരുന്ന ഒരു കാര്യം അവളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു എന്നതാണ്. അങ്ങനെയാണെങ്കില്‍ വളരെ ലളിതമായ ചോദ്യമുണ്ട്. ഈ ബലപ്രയോഗമൊക്കെ നടക്കുന്നതിന് മുമ്പ് സ്ത്രീകള്‍ മാറുമറയ്ക്കേണ്ട എന്നത് ആരുടെ താല്‍പര്യമായിരുന്നു. സ്ത്രീകളുടേതോ?

അതിനുമുമ്പുള്ള കാലം സ്ത്രീ ആധിപത്യത്തിന്റെയോ, സ്ത്രീ സമത്വത്തിന്റെയോ ഒന്നുമല്ല. അപ്പോള്‍ പിന്നെ ആരുടെ താല്‍പര്യം? അതിനു വളരെ കൃത്യമായ ഉത്തരം പുരുഷന്‍മാരുടെ എന്നു തന്നെയാണ്.

മുല എന്നത് ഒരു ലൈംഗികാവയവമായി പരിഗണിക്കപ്പെടാതിരുന്ന ഒരു സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നതെങ്കില്‍ ദേവികയുടെ വാദം ഒരു പക്ഷേ ശരിയാകുമായിരുന്നു. പക്ഷേ, മുല എന്നത് പുരുഷന്റെ ലൈംഗികതൃഷ്ണയുടെയും കാമത്തിന്റെയും ഭോഗതല്‍പരതയുടെയുമെല്ലാം അടയാളമായിരുന്നു. പുരാണങ്ങള്‍ മുതല്‍ മണിപ്രവാളം വരെ, കൂത്തരങ്ങ് മുതല്‍ ക്ഷേത്രമതിലുകളിലെ പ്രതിമകള്‍ വരെ മുല നിറഞ്ഞു നില്‍ക്കുന്നത് അതുകൊണ്ടാണ്.

രാമന്‍ അരിഞ്ഞെറിഞ്ഞ ശൂര്‍പ്പണഖയുടെ മുലയും അതേ പ്രതീകം തന്നെ. അങ്ങനെ വരുമ്പോള്‍ മാറുമറയ്ക്കാതിരിക്കുക എന്നത് പുരുഷന്റെ താല്‍പര്യം മാത്രമാണ്. സ്ത്രീയുടേതല്ല. അപ്പോള്‍ ദേവികയുടെ വാദം പൊളിയുന്നു.

രണ്ട്. പുരുഷന്റെ താല്‍പര്യമായ ‘മാറുമറയ്ക്കാതിരിക്കുക’ യും ദേവിക പറയുന്ന പുരുഷന്റെ താല്‍പര്യമായ ‘മാറുമറയ്ക്കുകയും’ തമ്മില്‍ വൈരുദ്ധ്യമുണ്ടല്ലോ. ദേവിക അതിനെങ്ങനെയാണ് മറുപടി പറയുക?

നമുക്കിപ്പോള്‍ മാറുമറയ്ക്കല്‍ കലാപവും പെരിനാടും കലാപവും ഒന്നോടിച്ച് വായിക്കാം.

മാറുമറയ്ക്കല്‍/മേല്‍മുണ്ട് സമരവും പെരിനാട് കലാപവും

1822 മുതല്‍ നാല്‍പ്പതുവര്‍ഷക്കാലം നീണ്ടു നിന്ന മേല്‍മുണ്ട് കലാപം/മാറുമറയ്ക്കല്‍ സമരമാണ് കേരളത്തിലെ ആദ്യത്തെ പുരുഷാധിപത്യവിരുദ്ധ സ്ത്രീമുന്നേറ്റം. അതിനെ കൃത്യമായ രീതിയില്‍ കുറ്റമറ്റ ഒരു സ്ത്രീവിമോചനസമരം എന്നു വിളിക്കാനാവില്ല. കാരണം പുരാഷധിപത്യ വിരുദ്ധം എന്നതിനൊപ്പം ജാതിവിരുദ്ധം കൂടിയായിരുന്നു ആ കലാപം. നാടുവാഴിത്ത അധികാരത്തിനെതിരെയുള്ള ആദ്യത്തെ ജനാധിപത്യ പോരാട്ടവുമായിരുന്നു അത്. ഒന്നാം സ്വാതന്ത്യ്രസമരത്തിനും വര്‍ഷങ്ങള്‍ മുമ്പാണ് ഈ കലാപം നടക്കുന്നത്.

യൂറോപ്പ് സഞ്ചരിച്ചു തിരിച്ചുവന്ന ഒരു നായര്‍ യുവതി മാറുമറച്ചുകൊണ്ട് ആറ്റിങ്ങല്‍ റാണിയെ കാണാന്‍പോയി എന്ന കുറ്റത്തിന് റാണിയുടെ മുമ്പില്‍വച്ച് യുവതിയുടെ രണ്ടു മുലകളും മുറിച്ചുമാറ്റിയിട്ടുണ്ടെന്നതാണ് ചരിത്രം. അങ്ങനെ നടന്നത് 18-ാം നൂറ്റാണ്ടില്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും ഈ അവസ്ഥ അതിനേക്കാള്‍ തീവ്രമായി തുടര്‍ന്നു.

മുട്ടിനുമുകളില്‍ അരയ്ക്കു ചുറ്റും മാത്രം വസ്ത്രം ധരിച്ചു അവര്‍ണ്ണസ്ത്രീകള്‍ (സ്ത്രീകള്‍ മാത്രമല്ല അവര്‍ണ്ണ പുരുഷന്‍മാരും) നടക്കണമെന്നതാണ് അന്നത്തെ സവര്‍ണ്ണ പുരുഷനും അവന്റെ അധികാരവും നിഷ്കര്‍ഷിച്ചിരുന്നത്. അതായത് മുട്ടിന് താഴെ കഷ്ടിച്ചെത്തുന്ന അരവസ്ത്രം. നായര്‍ സ്ത്രീകള്‍ ധരിച്ചിരുന്ന മേല്‍മുണ്ട് അന്ന് കീഴ്ജാതിയില്‍പെട്ട സ്ത്രീകള്‍ക്ക് അനുവദിച്ചിരുന്നില്ല.

സവര്‍ണ്ണരായ അന്തര്‍ജനങ്ങള്‍ക്ക് ഇല്ലത്തെ ഇരുട്ടില്‍ മാറിടം മറയ്ക്കാനുള്ള അവകാശമുണ്ടായിരുന്നില്ല. പക്ഷേ, ഇല്ലംവിട്ടു വെളിയില്‍ പോകുന്ന സന്ദര്‍ഭത്തില്‍ ദേഹം മുണ്ടുകൊണ്ടു മൂടുകയും മുഖംമറയ്ക്കാന്‍ ഓലക്കുട പിടിക്കുകയും ചെയ്യണം. അമ്പലത്തിലെ വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ അവരും നഗ്നരായിരിക്കണം. നായര്‍ ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്കും ബ്രാഹ്മണസ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാമായിരുന്നു. എന്നാല്‍ നമ്പൂതിരിമാര്‍ക്കും നാടുവാഴികള്‍ക്കും മുന്നില്‍ മാറുമറയ്ക്കാന്‍ അനുവാദമില്ല.

ക്രിസ്ത്യന്‍ മിഷനറിമാരുടെ പിന്തുണയും പ്രേരണയുംകൊണ്ട് തിരുവിതാംകൂറിലെ നാടാര്‍ സമുദായം മതംമാറിയിരുന്നു.1800 കളുടെ തുടക്കത്തില്‍ അവരുടെ സ്ത്രീകള്‍ മേല്‍വസ്ത്രമണിയാന്‍ തുടങ്ങി. ഗ്രാമങ്ങളിലെ അവര്‍ണരും ഇത് പിന്തുടര്‍ന്നു. ക്രിസ്തുമതമാണ് ഒരു പക്ഷേ ലോകത്ത് തന്നെ ആദ്യമായി നഗ്നയ്ക്കെതിരെ സംസാരിക്കുന്ന സെമിറ്റിക് മതം. അവരുടെ മതസംഹിതങ്ങളില്‍ അടിസ്ഥാന ആശയമായി തന്നെ നഗ്നതമറയ്ക്കലും മാന്യയമായ വസ്ത്രധാരണവും നിലനിന്നിരുന്നു.

അതാണവര്‍ തിരുവിതാംകൂറിലെ നാടാര്‍ സമൂഹത്തിലേക്ക് പകര്‍ന്നത്. പതിയെ, ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ട മുഴുവന്‍ നാടാര്‍ സ്ത്രീകള്‍ മാറുമറയ്ക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. ചില സ്ത്രീകള്‍ ഈ വസ്ത്രത്തിനു പുറമേ തോള്‍ശീലയും ഉപയോഗിച്ചു. ഇത് സവര്‍ണവിഭാഗത്തെ പ്രകോപിപ്പിച്ചു. അവര്‍ സ്ത്രീകളെയും അവര്‍ണ വിഭാഗത്തെയും അടിച്ചമര്‍ത്താന്‍ തുടങ്ങി. രാജാധികാരം അവര്‍ക്കൊപ്പമായിരുന്നു.

തിരുവിതാംകൂറിന്റെ റസിഡന്റും ദിവാനുമായിരുന്ന മണ്‍റോ തിരുവനന്തപുരത്തിന്റെയും നെയ്യാറ്റിന്‍കരയുടെയും നാടുവാഴികള്‍ക്ക് 988 ധനു 19ന് ‘മറ്റു രാജ്യങ്ങളിലെ സ്ത്രീകളെപ്പോലെ തിരുവിതാംകൂറിലെ ക്രിസ്തുമതം സ്വീകരിച്ച സ്ത്രീകള്‍ക്കും മാറുമറയ്ക്കാന്‍’ ഉത്തരവ് നല്‍കി. ഈ ഉത്തരവ് അവഗണിച്ചുകൊണ്ട് സവര്‍ണര്‍ മാറുമറച്ച സ്ത്രീകള്‍ക്കെതിരേ അക്രമം അഴിച്ചുവിട്ടു. നാടാര്‍ സമൂഹം ശക്തമായ ചെറുത്തുനില്‍പ്പു നടത്തി. പലസ്ഥലങ്ങളിലും അക്രമങ്ങള്‍ നടന്നു. സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി.

ക്രിസ്തുമതത്തില്‍ ചേര്‍ന്ന നാടാര്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് 1821 ല്‍ വീണ്ടും ഉത്തരവ് വന്നു. 1822 മെയില്‍ ഇരണിയല്‍, കല്‍ക്കുള തുടങ്ങിയ ദേശങ്ങളില്‍ മാറുമറച്ചു സ്ത്രീകളെ വ്യാപകമായി ചന്തയിലും പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലുമായി സവര്‍ണര്‍ ആക്രമിക്കുകയും അവരുടെ മേല്‍ക്കുപ്പായങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. 1823-ല്‍ പത്മനാഭപുരം കോടതിയില്‍ നിന്നും ക്രിസ്ത്യന്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാമെന്ന വിധി സ്ത്രീകള്‍ക്കനുകൂലമായി വന്നു. ഉത്തരവിനെ തുടര്‍ന്ന് ലഹളകള്‍ക്കും അക്രമങ്ങള്‍ക്കും കുറവുണ്ടായി. എങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സവര്‍ണരുടെ ആക്രമണം തുടര്‍ന്നുകൊണ്ടിരുന്നു.

വസ്ത്രധാരണത്തെപ്പറ്റിയുള്ള രാജകാല ഉത്തരവുകള്‍ നാടാര്‍ സ്ത്രീകളെ നായന്‍മാര്‍ക്ക് തുല്യമായ വസ്ത്രം ധരിക്കാന്‍ അനുവദിച്ചുവെന്ന് കരുതരുത്. സവര്‍ണ്ണ സമുദായങ്ങളില്‍ നിന്ന് നാടാര്‍ സ്ത്രീകളുടെ വസ്ത്രധാരണം ഭിന്നമായിരിക്കണമെന്ന് ഈ ഉത്തരവുകള്‍ വ്യക്തമായി തന്നെ നിഷ്കര്‍ഷിച്ചിരുന്നു. അതിന് കാരണം വസ്ത്രം കേവലം ജാതിയുമായി മാത്രമല്ല, നേരിട്ട് അധികാരവുമായി ബന്ധപ്പെട്ടിരുന്നുവെന്നതാണ്. വെള്ളക്കാര്‍ക്ക് മുമ്പില്‍ കറുത്തവര്‍ഗക്കാര്‍ വസ്ത്രം ധരിക്കരുതെന്നെ പഴയ കൊളോണിയല്‍ അധികാരനിര്‍ദേശങ്ങളുടെ മറ്റൊരു പതിപ്പാണ് ഇവിടെയും വസ്ത്രവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നത്.

സമരം വര്‍ഷങ്ങള്‍ നീണ്ടു. 1859 ജനുവരി 4 ന് 200 നായന്‍മാര്‍ ആയുധങ്ങളുമായി നാഗര്‍കോവിലിലെ ഒരുഗ്രാമം ആക്രമിച്ച് നാടാര്‍ സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറുകയും മര്‍ദിക്കുകയും ചെയ്തു. ജനുവരി 11 ന് നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട് ചന്തയിലേക്കുള്ള വഴിയില്‍ രണ്ട് നാടാര്‍ സ്ത്രീകളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അപമാനിച്ചു. തുടര്‍ന്ന് ഈ സ്ത്രീകളെ തറനായകന്‍ (ഗ്രാമമുഖ്യന്‍) മുന്നില്‍ ഹാജരാക്കി. എന്നാല്‍ തറനായകന്‍ ആ സ്ത്രീകളുടെ കുപ്പായം വലിച്ചുകീറുകയും അത് മരത്തില്‍കെട്ടി തൂക്കുകയും ചെയ്തു.

ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ടാണ് നാടാര്‍ ജനത ഇതിനോട് പ്രതികരിച്ചത്. സാമൂഹിക വിപ്ളവകാരിയായ വൈകുണ്ഠസ്വാമിയുടെ പ്രേരണയും നേതൃത്വവും മാറുമറയ്ക്കല്‍ സമരത്തിനുണ്ടായരുന്നു.

1859-ല്‍ മദിരാശി ഗവര്‍ണ്ണര്‍ അവര്‍ണജാതിയിലെ സ്ത്രീകള്‍ക്കു മാറുമറയ്ക്കാനുള്ള അവകാശം അനുവദിച്ചു. അതനുസരിച്ചുള്ള വിളംബരം തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് 1859 ജൂലൈ 26 ന് വന്നു. നാടാര്‍ സ്ത്രീകളുടെ കാര്യത്തില്‍ മാറ്റമുണ്ടായെങ്കിലും നമ്പൂതിരി, നായര്‍ സ്ത്രീകളുടെ അവസ്ഥ പഴയതുപോലെ തുടര്‍ന്നു. ഈഴവ സമുദായത്തിനും മറ്റും മാറുമറയ്ക്കാനുള്ള അവകാശം 1865 ലാണ് അനുവദിക്കപ്പെടുന്നത്.

1915 ലാണ് കൊല്ലം പെരിനാട് കലാപം അരങ്ങേറുന്നത്. അവര്‍ണജാതിയില്‍പ്പെട്ട സ്ത്രീകള്‍ മേല്‍വസ്ത്രത്തിനു പകരം കല്ലയും മാലയും ആയിരുന്നു ധരിക്കേണ്ടിയിരുന്നത്. ഇതില്‍ സ്ത്രീകളുടെ (സ്ത്രീപക്ഷവാദികളായ പുരുഷന്‍മാരുടെയും) പ്രതിഷേധമാണ് പെരിനാട് കലാപമായി പടരുന്നത്. 1915 ഒക്ടോബര്‍ 24ന് പെരിനാട് സ്ത്രീകള്‍ ഒത്തുചേര്‍ന്നു. അയ്യന്‍കാളിയ്ക്കായിരുന്നു ഇതിന്റെ നേതൃത്വം. സമ്മേളനത്തിനുനേരെ സവര്‍ണര്‍ അക്രമം അഴിച്ചുവിട്ടു.

സ്ത്രീകളുടെ മുലക്കച്ചകള്‍ വലിച്ചുകീറി. ചെറുത്തുനിന്നവരുടെ മുല അറുത്തുകളഞ്ഞാണ് സവര്‍ണ്ണര്‍ ഇതിനോട് പ്രതികരിച്ചത്. തിരിച്ചടിക്കാന്‍ സ്ത്രീകളും അവര്‍ണരും തയ്യാറായി. അടിച്ചമര്‍ത്തല്‍ ശക്തമായപ്പോള്‍ അവര്‍ണര്‍ നാടുവിട്ട് പലായനം ചെയ്തു. 1915 ഡിസംബര്‍ 19ന് കൊല്ലത്ത് വീണ്ടും അവര്‍ണ സ്ത്രീകള്‍ സംഘടിച്ചു. സമ്മേളനത്തില്‍വച്ച് ആയിരക്കണക്കിനു സ്ത്രീകള്‍ അവര്‍ അണിഞ്ഞിരുന്ന കല്ലയും മാലയും പൊട്ടിച്ചുകളഞ്ഞു.

ഒപ്പം മേല്‍വസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്യ്രപ്രഖ്യാപനം നടത്തുകയുംചെയ്തു. തുടര്‍ന്നാണ് മാറുമറയ്ക്കാനുള്ള അവകാശം അവര്‍ണജാതി സ്ത്രീകള്‍ നേടുന്നത്. ഈ പോരാട്ടത്തെ തുലനപ്പെടുത്തേണ്ടത് പര്‍ദ അടിച്ചേല്‍പ്പിക്കുന്ന പുരുഷന്റെ നീക്കവുമായല്ല.

മറിച്ച് പര്‍ദയിടണമെന്ന താക്കീതിനെ തുറന്നെതിര്‍ക്കുന്ന റൈഹാനയുടെ നീക്കവുമായാണ്. ചാന്നാത്തിക്കും പുലയിക്കും കലാപം ചെയ്യേണ്ടിയിരുന്നത് അവരുടെ സമുദായത്തിലെ പുരുഷന്‍മാരോടായിരുന്നില്ല. മറിച്ച് സവര്‍ണ്ണ ജാതിയില്‍ പെട്ട പുരുഷന്‍മാരോടാണ്. ഈ വ്യത്യാസവും പ്രധാനമാണ്. കലാപം ചെയ്ത ചാന്നാത്തിയും പുലയിയും ഹിന്ദുജാതിക്കാരാണോ എന്നത് വേറെ വിഷയം.

‘ഹിന്ദുജാതിക്കാര്‍’ എന്ന് ദേവിക വിശേഷിപ്പിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ നമ്പൂതിരി സ്ത്രീകള്‍ക്കിടയില്‍ നടന്ന പരിഷ്കരണ ശ്രമങ്ങളെയായിരിക്കും. വി.ടി. ഭട്ടത്തിരിപ്പാടും എം.ആര്‍.ബിയും പ്രേംജിയുമെല്ലാം നമ്പൂതിരി സ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്നു എന്നത് നേര്.

“സ്ത്രീശരീരത്തെ പുതിയ പുരുഷാധികാരത്തിന്റെ വരുതിയിലാക്കുക, അതിനുവേണ്ടി പരമ്പരാഗത അധികാരത്തില്‍ (പഴയ ജാതിയുടെ, പഴയ കുടുബത്തിന്റെ) നിന്ന് അതിനെ മോചിപ്പിക്കുക, എന്നിട്ട് പുതിയ രീതികള്‍ക്കനുസരിച്ച് പാകപ്പെടുത്തിയെടുക്കുക-ഇതായിരുന്നു ‘യുദ്ധ’ത്തിന്റെ അത്യന്തിക ലക്ഷ്യം എന്നു ദേവിക പറയുന്നുണ്ട്.

തങ്ങളുടെ സമുദായത്തിലെ സ്ത്രീകളെയും അവരുടെ ശരീരവും തങ്ങളുടേതാക്കുക എന്ന ലക്ഷ്യം ഈ പുരുഷന്മാരായ സ്ത്രീപക്ഷക്കാരെ നയിച്ചിട്ടുണ്ടാവമെന്ന് വാദത്തിന് സമ്മതിക്കാം. പക്ഷേ അവര്‍ തന്നെയാണ് മറക്കുട തല്ലിപ്പൊളിക്കാനും ഘോഷ ബഹിഷ്കരിക്കാനും നമ്പൂതിരി സ്ത്രീകളോട് ആഹ്വാനം ചെയ്തതും (‘മറക്കുടയ്ക്കുള്ളിലെ മഹാനരകം’ എന്ന എം.ആര്‍.ബിയൂടെ പ്രഹസനം ഓര്‍ക്കുക). അങ്ങനെ നോക്കിയാല്‍ തങ്ങളുടെ സ്ത്രീകളെ തങ്ങള്‍ക്ക് സ്വകാര്യമാക്കുക എന്നതിനേക്കാള്‍ മറ്റുള്ളവര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുക എന്നതാവും അര്‍ത്ഥം. അപ്പോള്‍ സ്ത്രീകളുടെ ‘സ്വകാര്യവല്‍ക്കരണ’മായിരുന്നു പുരുഷന്‍മാരെ നയിച്ചിരുന്നത് എന്ന വാദം നിലനില്‍ക്കില്ല.

മാറുമറയ്ക്കല്‍ കലാപത്തില്‍ വൈകുണ്ഠസ്വാമിയും, പെരിനാട് കലാപത്തില്‍ അയ്യങ്കാളിയും, മറക്കുടയും ഘോഷയും ഒഴിവാക്കി പൊതുവേദിയിലേക്കുവന്ന പാര്‍വതി നെന്മിനി മംഗലത്തെപ്പോലുള്ള നമ്പൂതിരി സ്ത്രീക്ക് വി.ടി.ഭട്ടത്തിരിപ്പാടും പിന്തുണയും ധൈര്യവും പകര്‍ന്നിരിക്കാം. പിന്തുണയല്ല, സ്ത്രീകളുടെ ധീരതതന്നെയാണ് വിഷയം.

സ്ത്രീയുടെ മാറുമറയ്ക്കല്‍ കലാപത്തില്‍ തങ്ങളുടെ സ്ത്രീകളെ തങ്ങള്‍ക്കു മാത്രമാക്കുക എന്ന പുരുഷാധിപത്യ സ്വകാര്യതാല്‍പര്യം ഒട്ടുമേ ഉണ്ടായിരുന്നില്ല എന്നൊന്നും വാദിക്കേണ്ട കാര്യമല്ല. അത് സ്വഭാവികമായിട്ട് ഉണ്ടാവാം. പക്ഷേ, അതായിരുന്നു- അതുമാത്രമായിരുന്നു- ബ്ളസ് ഇടുവിച്ചതിന്റെ പിന്നില്‍ എന്ന് പറയുന്നിടത്താണ് വിയോജിപ്പ്്.

‘പാരമ്പര്യത്തിന്റെ പടിയില്‍ നിന്ന് സ്ത്രീ ശരീരത്തെ വീണ്ടെടുക്കാനുള്ള തന്ത്രമെന്ന നിലയില്‍ ഈ പ്രസ്ഥാനങ്ങളെല്ലാം സ്ത്രീകളുടെ വസ്ത്ര പരിഷ്കരണത്തിന് മുന്തിയ സ്ഥാനം നല്‍കി’ എന്ന ദേവികയുടെ വാദവും തെറ്റാണ്. സ്ത്രീകളുടെ മോചനം എന്ന പ്രശ്നം അന്തര്‍ലീനമായി ഉയര്‍ത്തിയെങ്കിലും അടിസ്ഥാനപരമായി കേരളത്തില്‍ നടന്ന മുന്നേറ്റങ്ങള്‍ (1940 നു മുമ്പ്) ജാതിയുമായി ബന്ധപ്പെട്ടവയാണ്. അവയുടെ കേന്ദ്രം ജാതി അടിമത്തത്തെ ഇല്ലാതാക്കുകയെന്നതാണ്.

നമ്പൂതിരി സ്ത്രീകളുടെ മോചനവിഷയവും ആ സമൂദായത്തിന്റെ മൊത്തം പരിഷ്കരണവുമായി ബന്ധപ്പെട്ടതാണ്. അതിന് നേതൃത്വം സ്വാഭാവികമായും പുരുഷന്‍മാര്‍ക്കായിരുന്നു. എന്നാല്‍ അത്തരം ഒരു ജാതിവിരുദ്ധ/ജാതി വിവേചന മുന്നേറ്റങ്ങള്‍ക്ക് തങ്ങളുടെ സമുദായങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടു മാത്രമേ മുന്നോട്ട് പോകാനാവൂ. അതിനാല്‍ തന്നെയാണ് ജാതി വിവേചനത്തിന്റെ പ്രകടിതരൂപമായ വസ്ത്രധാരണത്തെയും അത്തരം മുന്നേറ്റം ഉള്‍ക്കൊണ്ടത്.

തങ്ങളുടെ സമൂഹങ്ങള്‍/സമുദായങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിരുന്നില്ലെങ്കില്‍ ഈ മുന്നേറ്റങ്ങളെല്ലാം കേവലം പുരുഷന്റെ സമരങ്ങളായി അവശേഷിക്കുമായിരുന്നു. അതായത് അതേ സമൂഹത്തിലെ സ്ത്രീകള്‍ പിന്നോക്കമായി തുടരുകയും പുരുഷന്‍ മാത്രം മുന്നേറുകയും ചെയ്യും. അത്തരം ദുരന്തത്തിന് അന്നത്തെ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ ഇടം നല്‍കിയില്ല എന്നതാണ് ഏറ്റവും നല്ല വശം. അതുകൊണ്ട് തന്നെ മാറുമറയ്ക്കല്‍/മേല്‍മുണ്ട് കലാപം. പെരിനാട് കലാപം, ഘോഷബഹിഷ്കരണം ഇവയെല്ലാം തന്നെ കേരളത്തിലെ നവോഥാനത്തിന്റെ അവിഭാജ്യഭാഗമാണ്.

‘നാണമില്ലാത്തവരും നാണമുള്ളവരും’

ദേവികയുടെ പുതിയ പുസ്തമായ “കുലസ്ത്രീയും’ ‘ചന്തപ്പെണ്ണും’ ഉണ്ടായതെങ്ങനെ? (സി.ഡി.എസ്) കൂടുതല്‍ വ്യക്തമായി തന്നെ ‘ചരിത്രം’ പറഞ്ഞുവയ്ക്കുന്നുണ്ട്.

“വസ്ത്രധാരണ പരിഷ്കാരത്തെ സ്ത്രീകള്‍ സ്വാഭാവികമായി സ്വീകരിച്ചുവെന്ന് നാം പലപ്പോഴും ധരിക്കാറുണ്ട്. ഇത് ശരിയല്ല. ശരീരത്തെക്കുറിച്ച് നാണം തോന്നുന്നത് സ്വഭാവികമാണെന്ന ധാരണ തന്നെ ശരിയല്ല. സ്ത്രീശരീത്തിന്റെ നഗ്നത മാന്യമല്ലെന്ന തോന്നല്‍ ശക്തമായപ്പോഴാണ് സ്ത്രീകള്‍ മേല്‍വസ്ത്രംനിര്‍ബന്ധമായും ഇട്ടുതുടങ്ങിയത്. ഇതിന് പുരുഷന്‍മാരായ പരിഷ്കര്‍ത്താക്കള്‍ക്ക് വളരെ അധ്വാനിക്കേണ്ടിവന്നു”-ദേവിക പറയുന്നു.

മുമ്പ് സ്ത്രീകള്‍ മുലകള്‍ നഗ്നമായി നടക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു എന്ന് വാദത്തിന് അനുപൂരകമായി കുറച്ച ഉദാഹരണങ്ങള്‍ ഗ്രന്ഥകാരി എടുത്തുകാണിക്കുന്നു. ‘തിരുവനന്തപുരത്തെ പരിഷ്കാരികളുടെ ലോകത്ത് സാരിയും ബ്ളൌസുമിട്ടവര്‍ സ്വന്തം തറവാട്ടിലേക്ക് പോകുമ്പോള്‍ വള്ളത്തില്‍ കയറും മുമ്പ് ബ്ളൌസും സാരിയും മഅഴിച്ചുമാറ്റി മുണ്ടും മേല്‍മുണ്ടും മാത്രമാക്കിയരുന്നത്രെ!’ മറ്റൊരിടത്ത് സി. കേശവന്റെ ആത്മകഥയായ ‘ജീവിതസമരത്തില്‍’ നിന്ന് ചില ഭാഗങ്ങള്‍ എടുത്തുദ്ധരിക്കുന്നു.

“തന്റെ അമ്മാവനും ഈഴവ സമുദയത്തിന്റെ ആദ്യകാല നേതാക്കളില്‍ പ്രധാനിയയുമായിരുന്ന സി.വി. കുഞ്ഞിരാമന്റ്െ ഭാര്യയാണ് ഇതിലെ നായിക.രണ്ട് റവുക്ക സമ്മാനമായി ലഭിച്ചപ്പോള്‍ ഭര്‍ത്താവിന്റെ അമ്മയ്ക്ക് അത് പിടിച്ചില്ല. “ക്രിസ്തുമതമോ ഇസ്ളാമതമോ സ്വീകരിച്ചവരോ ‘ആട്ടക്കാരികളോ’ ണ് റവുക്ക ധരിക്കുന്നത്’ എന്നായിരുന്നു അമ്മായിയമ്മയുടെ വാദം. അമ്മായിഅമ്മയുടെ ദേഷ്യത്തെപ്പേടിച്ച് സി.വി.യുടെ ഭാര്യ റവുക്ക പെട്ടിയില്‍ വച്ചു. അമ്മായിഅമ്മ ഉറങ്ങിക്കഴിഞ്ഞാല്‍ അവര്‍ അതു പുറത്തെടുത്തു ധരിക്കും’.

അന്നുവരെ നിലവിലുണ്ടായിരുന്ന ഒരു സാമ്പ്രദായിക രീതിയെന്നത് കീഴ്ജാതി സ്ത്രീകളും പുരുഷന്‍മാരും വസ്ത്രംധരിക്കരുത് എന്നതായിരുന്നു. അല്ലെങ്കില്‍ സവര്‍ണ്ണപുരുഷാധിപത്യം അനുവദിച്ച രീതിയില്‍ ആവാം. മാറുമറയ്ക്കല്‍ പുതിയ കലാപമാണ്. ഒരു സാമ്പ്രദായിക രീതി പിന്തുടര്‍ന്ന ഒരു സമൂഹം മാറ്റങ്ങള്‍ക്ക് നേരെ വിമുഖത കാണിക്കും. അതുകൊണ്ടാണ് കീഴാള/പിന്നോക്ക വിഭാഗങ്ങളിലെ പ്രായംചെന്ന സ്ത്രീകള്‍ എണ്‍പതുകളുടെ ആദ്യ പകുതിവരെ കേരളത്തില്‍ പലയിടത്തും അപൂര്‍വമായെങ്കിലും മാറുമറയ്ക്കാതെ നടന്നിരുന്നതിന് കാരണം. അത് ശീലത്തിന്റെ പ്രശ്നമാണ്. എന്നാല്‍ ചരിത്രത്തിലേക്ക് പിന്‍തിരിഞ്ഞ് നോക്കി അന്നത്തെ എതിര്‍പ്പുകളെ മാത്രം കാണുക എന്നത് തെറ്റായ രീതിയാണ്. ഇത് കൂടുതല്‍ വ്യക്തമാവുന്നതിനായി സമകാലികമായ രണ്ട് സംഭവങ്ങള്‍ എടുക്കാം.

ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ടും, ഗുരുവായൂരില്‍ ചുരിദാര്‍ ധരിക്കുന്ന വിഷയമായും ബന്ധപ്പെട്ട് അടുത്ത കാലത്ത് ചില വിവാദങ്ങള്‍ ഉയര്‍ന്നു. ഫെമിനിസ്്റ്റുകളായ സ്ത്രീകളും പുരുഷന്‍മാരുമെല്ലാം ഇക്കാര്യത്തില്‍ അനകുലമായാണ് ശബ്ദമുയര്‍ത്തിയത്. എന്നാല്‍ സ്ത്രീകള്‍ ശബരിമലയില്‍ പോകേണ്ടതില്ലെന്നും, ചുരിദാര്‍ ധരിച്ച് അമ്പലത്തില്‍ കയറേണ്ടെന്നും ചില സ്ത്രീകള്‍ തന്നെ തുറന്ന രീതിയില്‍ അഭിപ്രായം പറഞ്ഞിരുന്നു. ഒരു വിഭാഗം സ്ത്രീകള്‍ ഗുരുവായൂരില്‍ യോഗവും നടത്തി.

കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ശബരിമല, ഗുരുവായൂര്‍ വിഷയങ്ങള്‍ പരിശോധിച്ച്, എതിരഭിപ്രായം പറഞ്ഞവരുടെ വാക്കുകള്‍ ചികഞ്ഞെടുത്ത് (ഫെമിനിസ്റ്റുകളല്ലാത്തവര്‍ പറഞ്ഞ അഭിപ്രായങ്ങള്‍) അക്കാലത്തെ സ്ത്രീകള്‍ മുഴുവന്‍ അതിന് എതിരായിരുന്നു എന്ന് വാദിക്കുന്നത് എത്ര അസംബന്ധമായിരിക്കും. ഇതാണ് കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ മാറുമറയ്ക്കല്‍ കലാപങ്ങളെപ്പറ്റി ദേവിക പറയുമ്പോഴും സംഭവിക്കുന്നത്. ഏതൊരു ജനകീയ സമരം നടക്കുമ്പോഴും അതിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങള്‍ ഉണ്ടാവുമെന്നത് ഓര്‍ക്കണം.

യഥാര്‍ത്ഥത്തില്‍ നല്ല ചരിത്രാന്വേഷകര്‍ മുഖ്യമായി കണ്ടെത്തുക അന്ന് സ്ത്രീകള്‍ക്കുവേണ്ടി, സ്ത്രീകള്‍ നടത്തിയ കലാപങ്ങളെയാണ്. അതിന് ചരിത്രത്തില്‍ തെളിവുകള്‍ ധാരാളമുണ്ട് താനും.

20-ാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്ത്രില്‍ കൊച്ചികോവിലകത്തെ തമ്പുരാട്ടി ദര്‍ശനത്തിനായി എത്തിയവേളയില്‍ ബ്ളൌസ് ധരിച്ച നായര്‍ യുവതി മുന്നിലൂടെ കടന്നുപോയതിനെചൊല്ലിയുണ്ടായ കോലാഹത്തെപ്പറ്റി കെ.പി. പത്മനാഭമേനോന്‍ ‘ഹിസ്റ്ററി ഓഫ് കേരള’യില്‍ പറയുന്നുണ്ട്. ഭടന്‍മാര്‍ ബലപ്രയോഗത്തിലൂടെ ആ യുവതിയുടെ വസ്ത്രമഴിപ്പിച്ചു. മുമ്പൊരിക്കല്‍ ആറ്റിങ്ങല്‍ റാണിയുടെ മുന്നില്‍ കുപ്പായം ധരിച്ചെത്തിയ നാട്ടുകാരിയുടെ സ്ത്രീയുടെ മുലകള്‍ മുറിച്ചുകളയാന്‍ ഉത്തരവുണ്ടായി. ഇത്തരത്തില്‍ നൂറായിരം ഉദാഹരണങ്ങളും തെളിവുകളും മുന്നില്‍ നില്‍ക്കുമ്പോഴാണ് അന്നത്തെ നെഗറ്റീവ് വശങ്ങള്‍ അടങ്ങിയ ഉദാഹരണങ്ങള്‍ തേടുന്നത്. തീര്‍ച്ചയായും അക്കാലത്ത് ചില നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കലുകളുണ്ടായിരുന്നുവെന്നതില്‍ തര്‍ക്കമില്ല.

കാരണം ജാതിവിരുദ്ധ സമരത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ മുന്നേറുക സാധ്യമല്ലാത്തതുകൊണ്ടാണ്. ഇനി അത്തരം നിര്‍ബന്ധിക്കലുകള്‍ക്ക് സമാനമാണ് പര്‍ദ അടിച്ചേല്‍പ്പിക്കലുകള്‍ എന്ന് വാദിച്ചാല്‍ തെറ്റാവും. കാരണം പര്‍ദയെന്നത് നേരിട്ട് സ്ത്രീയുടെമേലുള്ള പുരുഷന്റെ ആധിപത്യത്തിന്റെ വിഷയമാണ്. മാറുമറയ്ക്കല്‍കലാപം അതില്‍ നിന്ന് ഭിന്നമായി സ്ത്രീകൂടി ഉള്‍പ്പെടുന്ന ഒരു ജാതി സമൂഹം സവര്‍ണ്ണപുരുഷ/സ്ത്രീകള്‍ അടങ്ങുന്ന മറ്റൊരു ആധിപത്യ വിഭാഗവുമായി നടത്തുന്ന കലാപമാണ്. ഇത് തിരിച്ചറിയാതെ പോകുമ്പോള്‍ ‘മാറുമറയ്ക്കല്‍കലാപം സമം പര്‍ദ അടിച്ചേല്‍പ്പിക്കല്‍ എന്ന തെറ്റായ സങ്കല്‍പത്തില്‍ എത്തിച്ചേരും.

“സ്ത്രീശരീരത്തെ പുതിയ പുരുഷാധികാരത്തിന്റെ വരുതിയിലാക്കുക, അതിനുവേണ്ടി പരമ്പരാഗത അധികാരത്തില്‍ (പഴയ ജാതിയുടെ, പഴയ കുടുബത്തിന്റെ) നിന്ന് അതിനെ മോചിപ്പിക്കുക, എന്നിട്ട് പുതിയ രീതികള്‍ക്കനുസരിച്ച് പാകപ്പെടുത്തിയെടുക്കുക-ഇതായിരുന്നു ‘യുദ്ധ’ത്തിന്റെ അത്യന്തിക ലക്ഷ്യം എന്നു ദേവിക പറയുന്നുണ്ട്. അതും കുറച്ചേ ശരിയാവുന്നുള്ളൂ. കാരണം സ്ത്രീകളുടെ വിഷയം മാത്രം ഉയര്‍ത്തിയല്ല ഈ കലാപങ്ങള്‍ നടന്നത്.

സ്ത്രീകളുടേതു മാത്രമായ ഒരു കലാപം നമ്മള്‍ പരിശോധിക്കുന്ന കാലത്ത് (1940 ന് മുമ്പ്) നടന്നിട്ടില്ല. നടന്നതെല്ലാം ജാതിവിരുദ്ധ/ജാതിനശീകരണ കലാപങ്ങളാണ്. അതിനൊപ്പം സ്ത്രീയുടെ കലാപവും ഒന്നുചേര്‍ന്നു. ആ സമരത്തില്‍ സ്ത്രീകള്‍ തങ്ങളുടെ ജാതി അടിമത്ത ചിഹ്നങ്ങളെ വലിച്ചെറിഞ്ഞു. സ്ത്രീകളുടെ വസ്ത്രത്തിന്റെ വിഷയം മാത്രമല്ല ഈ സമരങ്ങളില്‍ ഉയര്‍ത്തപ്പെട്ടത്. പുരുഷന്റെ വസ്ത്രത്തിന്റെ വിഷയം കൂടിയായിരുന്നു. സവര്‍ണ്ണ സമുദായങ്ങള്‍ ധരിച്ചിരുന്നതുപോലെയുള്ള വസ്ത്രധാരണത്തിനുള്ള അവകാശം പുരുഷനും ഈ കലാപങ്ങളിലൂടെ നേടിയെടുത്തു. ദേവിക പക്ഷേ, അത് കാണുന്നില്ല.

‘മാറുമറച്ച സ്തീകള്‍ അഭിസാരികകള്‍’

“മാറുമറയ്ക്കുന്ന സ്ത്രീകള്‍ അഭിസാരികമാരാണെന്ന വിശ്വാസം പോലും അന്നു (പണ്ട്)ണ്ടായിരുന്നു!’ എന്ന് ദേവിക തന്റെ പുസ്തകത്തില്‍ പറയുന്നു. എലിക് റെക്ളസ് എന്ന ബ്രിട്ടീഷുകാരന്‍ തലശേരിയിലെ തീയ വനിതകളെക്കുറിച്ച് പറയുമ്പോള്‍ പരാമര്‍ശിച്ച “മാറുമറയക്കാന്‍ ഞങ്ങള്‍ വേശ്യകളല്ല, അവര്‍ പറയും.” ദേവിക എടുത്തുകാട്ടുന്നുണ്ട്. ‘മാറുമറച്ചു നടക്കുന്ന സ്ത്രീയാണ് വേശ്യ എന്നതായിരുന്നു നാട്ടില്‍ പരക്കെയുള്ള വിശ്വാസം”.

മാറുമറച്ച സ്ത്രീകള്‍ മോശപ്പെട്ടവരാണെന്ന ഒരു ചിന്ത കുറച്ചുപേരിലെങ്കിലും സാമൂഹ്യ പരിഷ്കാര മുന്നേറ്റങ്ങള്‍ നടക്കുമ്പോള്‍ നിലനിന്നിട്ടുണ്ടാവാം. പക്ഷേ എന്തുകൊണ്ട് അങ്ങനെ വിളിക്കപ്പെട്ടു എന്ന് പരിശോധിക്കുന്നതില്‍ ദേവിക പരാജയപ്പെടുന്നു. ദേവികയുടെ പുസ്തകത്തിലൊരിടത്തും അതിനു കാരണം തേടുന്നില്ല. അല്ലെങ്കില്‍ അതെന്തുകൊണ്ട് എന്ന് അന്വേഷിക്കാനുള്ള സ്ത്രീപക്ഷ ചിന്തപോലും അവര്‍ പുലര്‍ത്തുന്നില്ല.

ഏതൊരു സമൂഹത്തിലും മുന്നിട്ടിറങ്ങുന്ന സ്ത്രീകള്‍ക്ക് ‘മോശം/പിഴച്ചവള്‍/ഇളക്കക്കാരികള്‍’ എന്ന വിളിപ്പേരുണ്ട്. അതിപ്പോഴും അങ്ങനെ നിലനില്‍ക്കുന്നുണ്ടെന്നതാണ് വാസ്തവം. നിലവിലുള്ള ഒരു സാമൂഹ്യരീതിയെ മറികടന്നവര്‍ക്കെല്ലാം ഇത്തരം അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരും. അക്കാലത്തെ വസ്ത്രം ഉടുക്കരുത് എന്ന നിഷ്കര്‍ഷയെ അവര്‍ വസ്ത്രം ഉടുത്തുകൊണ്ട് മറികടന്നിരിക്കുന്നു. അതുകൊണ്ട് തന്നെ അവരെ സ്ത്രീകള്‍ എന്ന് മുദ്രകുത്തേണ്ടത് പുരുഷന്റെയും പുരുഷസ്വാധീനത്തില്‍ കഴിയുന്ന സ്ത്രീയുടെയും ആവശ്യമാണ്. ഇത് ദേവിക തിരിച്ചറിയുന്നില്ല. സാമൂഹ്യപരിഷ്കാര പ്രസ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക്മേല്‍ വസ്ത്രം അടിച്ചേല്‍പ്പിച്ചു എന്ന് ചിന്തയില്‍ നയിക്കപ്പെടുകയും അതിനെ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന ചില പാകപിഴകളാണ് ഇത്.

നങ്ങേലിയുടെ കലാപം

മാറുമറയ്ക്കാന്‍ കലാപം ചെയ്ത ചന്നാത്തിയും കല്ലയും മാലയും പറിച്ചെറിഞ്ഞ പുലയിയും കേരളത്തില്‍ പുരുഷാധിപത്യ വിരുദ്ധ, സ്ത്രീവിമോചന സമരങ്ങളുടെ തുടക്കം കുറിച്ചവരാണ്. നമ്മളെത്തി നില്‍ക്കുന്ന സ്ത്രീവിമോചന ധാരണകളും ഇന്നത്തെ സ്ത്രീ അവസ്ഥകളും തുടങ്ങുന്നത് സ്ത്രീകളുടെ ഈ കലാപങ്ങളില്‍ നിന്നാണ്. ഇനി വാദത്തിന് ഇതെല്ലാം പുരുഷ പ്രേരണയില്‍ നടന്നതാണ് എന്ന് സമ്മതിച്ചുകൊടുക്കാം. പക്ഷേ, അപ്പോള്‍ നങ്ങേലിയുടെ കലാപമോ?

സ്ത്രീകളുടെ മുലയ്ക്ക് കരം നിശ്യിച്ച പുരുഷന്റെ അധികാരത്തെയാണ് നങ്ങേലി കുടഞ്ഞെറിഞ്ഞത്. കരം ചുമത്താനെത്തുന്ന ഉദ്യോഗസ്ഥന് മുന്നില്‍ മുലക്കരം നിലവിളക്ക് കത്തിച്ച വാഴയിലയില്‍ വയ്ക്കണമെന്നതാണ് നിയമം. കരം അടക്കാന്‍ നിവൃത്തിയില്ലാത്ത, അല്ലെങ്കില്‍ കൂട്ടാക്കാത്ത നങ്ങേലി സ്വന്തം മുലയറുത്ത് വാഴയില്‍ വച്ച് നീട്ടി. ചേര്‍ത്തലയില്‍ താമസിച്ചിരുന്ന ഈഴവ യുവതിയായിരുന്നു നങ്ങേലി.

പ്രായം മുപ്പത്തഞ്ച്. റാണി ലക്ഷ്മിഭായി തിരുവിതാംകൂര്‍ ഭരിക്കുന്നമ്പോഴാണ് (1810-15) ഈ ഒറ്റയാള്‍ കലാപം. ഒരാണിന്റെയും പ്രേരണയില്ലാത്തതായിരുന്നു നങ്ങേലിയുടെ പ്രതിഷേധം. രക്തം വാര്‍ന്ന മരിച്ച നങ്ങേലിയെക്കണ്ട് ഭര്‍ത്താവ് കണ്ടപ്പന്‍ ചിതയില്‍ ചാടിമരിച്ചുവെന്നാണ് അനുമാനം. മേല്‍മുണ്ട് സമരങ്ങളോടൊപ്പം തന്നെ പ്രസ്തമാണ് നങ്ങേലിയുടെ ആത്മത്യാഗവും. ഇതേത് പുരുഷന്റെ താല്‍പര്യമായിരുന്നു? എത് പുരുഷന്റെ പ്രേരണയായിരുന്നു?

പര്‍ദയുടെ പ്രശ്നം അഥവാ മനുഷ്യാവകാശത്തിന്റെ പ്രശ്നം

ക്ഷേത്ര പ്രവേശനത്തിനായി അവര്‍ണ ജാതിക്കാര്‍ നടത്തിയ സമരമെടുക്കുക. അന്നത്തെ പുരോഗമനവാദികള്‍ സമരത്തിന്് പിന്നില്‍ അണിനിരന്നു. അതിനര്‍ത്ഥം സമരത്തില്‍ പങ്കെടുത്ത പുരോഗമനവാദികള്‍ അമ്പലം മഹത്തായ കാര്യമായി കണ്ടുവെന്നല്ല. അവര്‍ ദൈവവിശ്വാസികളായിരുന്നുവെന്നുമല്ല. മനുഷ്യനെ ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്ന സാമൂഹികക്രമത്തോടുള്ള എതിര്‍പ്പാണ് പുരോഗമനവാദികളെ സമരത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ച ഘടകം. അതുകൊണ്ട് തന്നെയാണ് പിന്നീട് (1990 ല്‍) പറവൂര്‍ കൊങ്ങോര്‍പ്പിള്ളി ക്ഷേത്ത്രില്‍ പിന്നോക്കകാരനെ പൂജാരിയാക്കാതെ സവര്‍ണ്ണര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് നക്സലൈറ്റുകള്‍ നടത്തിയ പ്രകടനം.

പൂജാരി എന്ന തൊഴില്‍ മഹത്തായി പരിഗണിച്ചതുകൊണ്ടും ദൈവത്തെ അന്തിമവിധികര്‍ത്താവായി കണ്ടതുകൊണ്ടും അല്ല അവര്‍ പ്രതിഷേധിച്ചത്. സമാന കാരണങ്ങളാലാണ് ശബരിമലയിലും മറ്റ് ആരാധനാലയങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പുരോഗമനവാദികളും ജനാധിപത്യവാദികളും ആവശ്യപ്പെടുന്നത്. പര്‍ദയുടെ കാര്യവും അങ്ങനെ തന്നെ. അതുകൊണ്ടാണ്് കാസര്‍ഗോട്ടെ യുവതിക്കൊപ്പം ജനാധിപത്യകേരളത്തെ നിലയുറപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.

ഇന്നത്തെ കാലത്തില്‍ മുസ്ളീം സമൂഹത്തെ തെറ്റായി ചിത്രീകരിക്കാനും അവരെല്ലാം യാഥാസ്ഥിതികരും തീവ്രവാദികളുമാണ് എന്ന് ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ഹിന്ദുത്വ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നേര്. അതുകൊണ്ട് റൈഹാനമാരുടെമേല്‍ നടപ്പാക്കുന്ന ജനാധിപത്യധ്വംസനത്തെ ന്യായീകരിക്കേണ്ട ബാധ്യത ജനാധിപത്യ/പുരോഗമനവാദികള്‍ക്ക് ഇല്ല. ആത്മീയ സ്വാതന്ത്യ്രത്തിനുവേണ്ടിയും ന്യൂനപക്ഷ സംരക്ഷണത്തിനുവേണ്ടിയും വാദിക്കുമ്പോഴും ഭൌതികവാദിയായിരിക്കുക തെറ്റല്ല. അതാണ് ശരി. ഈ യുക്തി പലര്‍ക്കും പിടികിട്ടാറില്ല. പര്‍ദയുടെ കാര്യത്തില്‍ വ്യക്തമായ സ്ത്രീപക്ഷ നിലപാടുകള്‍ നമ്മള്‍ സ്വീകരിക്കേണ്ടത്. പക്ഷേ, അത് ദേവികയുടെ വഴിയില്‍ സാധ്യമല്ല.

പര്‍ദയെപ്പറ്റിയുള്ള പ്രശ്നത്തില്‍ യഥാര്‍ത്ഥ ഫെമിനിസ്റ്റുകളുടെ മാത്രമല്ല, പുരോഗമന/ജനാധിപത്യ/പൌരാവകാശപ്രവര്‍ത്തകരുടെയും നിലപാട് വളരെ വ്യക്തമാണ്. സുരക്ഷിതത്വത്തിന്റേയോ മറ്റെന്തെങ്കിലുമോ കാരണത്താല്‍ ഒരു സ്ത്രീ പര്‍ദ അണിയാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതല്ല. അവളുടെ ആ അവകാശത്തിനുവേണ്ടി എല്ലാവരും നിലയുറപ്പിക്കണം. മറിച്ച്, ഒരു സ്ത്രീയെ അവളൂടെ ഇഷ്ടത്തിനു വിരുദ്ധമായി പര്‍ദ അണിയാന്‍ ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അത് എതിര്‍ക്കപ്പെടണം. പര്‍ദ അണിയാതിരിക്കാനുള്ള അവളുടെ സ്വാതന്ത്യ്രത്തിന് ഒപ്പം നിലകൊള്ളണം. ഇതാണ് ശരിയായ നിലപാട്. അതാണ് യഥാര്‍ത്ഥ മനുഷ്യാവകാശം. മറിച്ചുള്ള ഏതൊരു വാദവും സ്ത്രീവിരുദ്ധമാണ്. അത് സ്ത്രീയാണ് ഉന്നയിക്കുന്നതെങ്കിലും.

ചിത്രം കടപ്പാട് ചിത്രകാരന്‍

സൂചികകള്‍

1. അയ്യങ്കാളി: ടി.എച്ച്.പി. ചെന്താരശ്ശേരി, പ്രഭാത് ബുക്സ്

2. ‘കുലസ്ത്രീയും’ ‘ചന്തപ്പെണ്ണും’ ഉണ്ടായതെങ്ങനെ?, ദേവിക, സി.ഡി.എസ്.

3. ജീവിത സമരം, സി.കേശവന്‍, ഡി.സി.ബുക്സ്

4. നാടുണര്‍ത്തിയ നാടാന്‍ പോരാട്ടങ്ങള്‍, പ്രൊഫ. ജെ. ഡാര്‍വിന്‍, ചിന്ത പബ്ളിഷേഴ്സ്, 2008

5.വൈകുണ്ഠ സ്വാമിയും സാമൂഹിക നവോത്ഥാനവും, ജോയി ബാലന്‍ വ്ളാത്താങ്കര, ചിന്ത പബ്ളിഷേഴ്സ്, 2009

6. നാരായണഗുരു, പി.കെ.ബാലകൃഷ്ണന്‍, ഡിസി ബുക്സ്

Advertisement