'പൗരത്വ ഭേദഗതി നിയമം ഭരണഘടനയ്ക്ക് എതിരല്ലെന്നു ബോധ്യപ്പെടുത്തിയാല്‍ തല്‍ക്ഷണം സമരം അവസാനിപ്പിക്കാം'; പ്രണയദിനത്തില്‍ മോദിയെ ക്ഷണിച്ച് ഷാഹീന്‍ബാഗ്
national news
'പൗരത്വ ഭേദഗതി നിയമം ഭരണഘടനയ്ക്ക് എതിരല്ലെന്നു ബോധ്യപ്പെടുത്തിയാല്‍ തല്‍ക്ഷണം സമരം അവസാനിപ്പിക്കാം'; പ്രണയദിനത്തില്‍ മോദിയെ ക്ഷണിച്ച് ഷാഹീന്‍ബാഗ്
ന്യൂസ് ഡെസ്‌ക്
Friday, 14th February 2020, 7:50 am

ന്യൂദല്‍ഹി: പ്രണയ ദിനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഷാഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന സ്ത്രീകള്‍. പ്രധാനമന്ത്രി വെള്ളിയാഴ്ച്ച ഷാഹീന്‍ബാഗിലെ സമരപന്തലിലെത്തി തങ്ങളോട് സംസാരിക്കണമെന്നും ഉപഹാരങ്ങള്‍ സ്വീകരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

”പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഒന്നര മാസത്തിലധികമായി ഞങ്ങളിരിക്കുന്ന ഈ സമര പന്തലില്‍ വരണം. നിങ്ങളില്‍ ആരെങ്കിലും ഒരാള്‍ ഇപ്പോള്‍ നടത്തിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനയ്‌ക്കെതിരല്ല എന്ന് ഞങ്ങളെ പറഞ്ഞ് മനസിലാക്കുകയാണെങ്കില്‍ അന്ന് ഞങ്ങള്‍ ഈ സമരം അവസാനിപ്പിക്കും”. ഷാഹീന്‍ബാഗ് സമരത്തില്‍ തുടക്കം മുതല്‍ അണിനിരന്ന തസീര്‍ അഹമ്മദ് പറഞ്ഞു.

 നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന ഷാഹീന്‍ബാഗിലെ സ്ത്രീകള്‍ മോദിക്ക് പോസ്റ്റ് കാര്‍ഡ് അയച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ദിവസങ്ങളോളം തലസ്ഥാന നഗരിയില്‍ സമരം ചെയ്തിട്ടും തിരിഞ്ഞു നോക്കാത്ത പ്രധാന മന്ത്രിയോട് ഷാഹീന്‍ബാഗിലെത്തി തങ്ങളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റ്കാര്‍ഡ് അയച്ചത്.

ഡിസംബര്‍ 15നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാഹീന്‍ബാഗില്‍ സ്ത്രീകള്‍ സമരത്തിനെത്തുന്നത്. ഇതിനോടകം നിരവധി സംസ്ഥാനങ്ങളില്‍ നിന്ന് ഒട്ടേറെ പേര്‍ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍ ഷാഹീന്‍ബാഗ് സമരക്കാരോട് സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക്‌ തയ്യാറായിട്ടില്ല.

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ