ആഘോഷങ്ങള്‍ക്കിടെ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികളായിരിക്കില്ല; പ്രണയദിനത്തില്‍ കമിതാക്കളുടെ വീഡിയോ എടുക്കുമെന്ന് ബജ്‌റംഗദള്‍
Valentine's Day
ആഘോഷങ്ങള്‍ക്കിടെ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികളായിരിക്കില്ല; പ്രണയദിനത്തില്‍ കമിതാക്കളുടെ വീഡിയോ എടുക്കുമെന്ന് ബജ്‌റംഗദള്‍
ന്യൂസ് ഡെസ്‌ക്
Tuesday, 12th February 2019, 11:27 pm

ഡെറാഡൂണ്‍: വാലന്റൈന്‍സ് ഡേയില്‍ കമിതാക്കള്‍ പൊതുസ്ഥലങ്ങളില്‍ സ്‌നേഹപ്രകടനം നടത്തിയാല്‍ വീഡിയോ എടുക്കുമെന്ന് ബജ്‌റംഗദള്‍. ആഘോഷത്തിന്റെ പേരില്‍ അസാന്മാര്‍ഗികമായി ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് വീഡിയോ ഏടുക്കുന്നതെന്നും ഇതിനായി 250 വളണ്ടിയര്‍മാരെ വിവിധ സ്ഥലങ്ങളിലായി ഇറക്കുമെന്നും സംഘടന പറഞ്ഞു.

മാളുകളിലും റെസ്റ്റോറന്റുകളിലും വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ അനുവദിക്കരുതെന്നും ബജ്‌റംഗദള്‍ മുന്നറിയിപ്പ് ഇറക്കിയിട്ടുണ്ട്. ആഘോഷങ്ങള്‍ സംഘടിപ്പിച്ചതിന് ശേഷം എന്തെങ്കിലും പറ്റിയാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്ന് സംഘടനയുടെ ഹൈദരബാദ് ഘടകം നേതാവ് മുകേഷ് പറഞ്ഞു.

ഫെബ്രുവരി 14ലെ ആഘോഷങ്ങള്‍ക്കെതിരായി നഗരങ്ങളില്‍ കോലം കത്തിക്കാനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതാദ്യമായല്ല വാലന്റൈന്‍സ് ഡേയ്‌ക്കെതിരെ ബജ്‌റംഗദള്‍ ഭീഷണി മുഴക്കുന്നത്. വി.എച്ച്.പിയും ബജ്‌റംഗദളുമടങ്ങുന്ന സംഘടനകള്‍ ഇതിന് മുമ്പ് പബ്ബുകള്‍ക്കടക്കമെതിരെ ആക്രമണം നടത്തിയിട്ടുണ്ട്.