Administrator
Administrator
ചിതയിലെരിയാത്ത വാക്കുകള്‍
Administrator
Sunday 3rd October 2010 2:13pm


വിജയന്‍ മാഷ് ഓര്‍മ്മയായിട്ട് ഒക്ടോബര്‍ 3 ന് മൂന്ന് വര്‍ഷം

വരുണ്‍ രമേഷ്

ഇങ്ങനെപോയാല്‍ പാര്‍ട്ടിയുണ്ടാകും പിന്നില്‍ ജനങ്ങളുണ്ടാവില്ല എന്ന് പറഞ്ഞത് എം.എന്‍ .വിജയനാണ്. പ്രീയപ്പെട്ടവരുടെ വിജയന്‍മാഷ്. ഒരു പക്ഷേ രാഷ്ട്രീയ കേരളം എംഎന്‍ വിജയനെ പറ്റിയോര്‍ക്കുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടതും ഇനിയും ചര്‍ച്ചചെയ്യപ്പെട്ടേക്കാവുന്നതുമായ ഒരു പ്രസ്താവനയായിരുന്നു അത്. ധീരമായ ഒരു പ്രഖ്യാപനം,  ഓര്‍മ്മപ്പെടുത്തല്‍, പാര്‍ട്ടിക്കെതിരെയുള്ള ആക്രമണം, തികഞ്ഞ ഒരു അരാജകവാദിയുടെ ജല്‍പ്പനങ്ങള്‍… ആ  ചര്‍ച്ചകളില്‍  ഉയര്‍ന്നുകേട്ട ചില പരാമര്‍ശങ്ങളായിരുന്നു അത്. എതിര്‍ത്തവര്‍ ലേഖന പരമ്പരകള്‍ തീര്‍ത്ത് വിജയന്‍മാഷിനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു.ദേശാഭിമാനിയിലെ ലേഖനപരമ്പരകള്‍ അവസാനിച്ചപ്പോള്‍ വിജന്‍മാഷ് ചെറുപുഞ്ചിരിയോടെ പറഞ്ഞു. ” കുട്ടികള്‍പോലും എന്നെ നിരാശപ്പെടുത്തിക്കളഞ്ഞു. ”

എന്നാല്‍ കാലത്തിന്‍റെ കണക്കുപുസ്തകം വിജയന്‍മാഷിന്‍റെ വാക്കുകള്‍ ഇത്രയുംവേഗം യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരും കരുതിക്കാണില്ല.  ഇടതുപക്ഷത്തെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയ റിവിഷണലിസവും വിഭാഗീയതയും പാര്‍ട്ടിയുടെ അടിവേരുകള്‍ പോലും അറുത്തുമാറ്റുന്ന കാഴ്ച്ചകളാണ് ഇന്നും കണ്ടുകൊണ്ടിരിക്കുന്നത്. ലോകത്തെവിടെയും റിവിഷണലിസത്തില്‍ പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ തിരിച്ചുകയറാന്‍ വലതുപക്ഷം അനുവദിച്ചിട്ടില്ലെന്ന തിരിച്ചറിവില്‍ ചിലര്‍ പാര്‍ട്ടിക്ക് പുറത്തുപോയി. തങ്ങള്‍ സ്വപ്നം കണ്ട ചെങ്കൊടി തണല്‍  നഷ്ടമാകുന്നു എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ഇങ്ങനെയൊരു ചുവടുമാറ്റം. ഇന്നലെവരെ സിപിഐഎമ്മിനൊപ്പം നിന്നവരില്‍ ഒരുവലിയ വിഭാഗം നിര്‍ജീവമായി. ചരിത്രനിയോഗം പോലെ ബംഗാളിലെ പാര്‍ട്ടി അതിന്‍റെ ഏറ്റവും വലീയ വേലിയിറക്കത്തിനുള്ള പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു. കേരളത്തില്‍ ഇടതുകോട്ടകളില്‍ പോലും വിള്ളലുണ്ടാക്കികൊണ്ട് വലതുരാഷ്ടീയം പിടിമുറുക്കി തുടങ്ങുന്നു.

കഴിഞ്ഞലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വെറും നാല് സീറ്റിലേക്ക് ഒതുങ്ങപ്പോയപ്പോള്‍ എസ്എംഎസ്സുകളായി ലോകം മുഴുവന്‍ പറന്ന് നടന്നത് എംഎന്‍ വിജയന്‍റെ  ആ വാക്കുകളായിരുന്നു.” ഇങ്ങനെപോയാല്‍ പാര്‍ട്ടിയുണ്ടാകും പിന്നില്‍ ജനങ്ങളുണ്ടാകില്ല.” അപ്പോഴും പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെ മനസ്സില്‍ എംഎന്‍ വിജയന്‍ പാര്‍ട്ടിയുടെ ശത്രുപക്ഷത്തായിരുന്നു.  പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് ഇടതു രാഷ്ട്രീയം ഒലിച്ചുപോകുന്നതാണ് പിന്നീട് കണ്ടത്. നേതാക്കന്‍മാരില്‍ ചിലര്‍ വലതുപാളയത്തിലേക്ക് ചേക്കേറി നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി എന്ന് അഭിമാനപൂരിതം പറയുന്നതും.

ഈ അവസ്ഥയില്‍ നിന്ന്കൊണ്ടുവേണം എംഎന്‍ വിജയന്‍റെ ദീര്‍ഘവീക്ഷണങ്ങളോടുകൂടിയ വാക്കുകള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടത്. എന്നാല്‍ അപ്പോഴും പാര്‍ട്ടിയെന്നും പാര്‍ട്ടി വിരുദ്ധരെന്നുമുള്ള രണ്ട് കള്ളികളിലൊതുക്കാനായിരുന്ന ചിലര്‍ ശ്രമിച്ചത്. ഈ രണ്ട് കള്ളികള്‍ക്കപ്പുറത്ത് ചെങ്കൊടി തണല്‍ സ്വപ്നം കണ്ട് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചവരാണ് പാര്‍ട്ടിയുടെ അത്മാവെന്ന് തിരിച്ചറിയാന്‍ നേതൃത്വം  മറന്നുപോയിരുന്നു. തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് അവര്‍ നീങ്ങി. ഒടുക്കം ഒരു തെറ്റുതിരുത്തല്‍ രേഖയ്ക്കും തിരുത്താനാവാത്തത്ര തെറ്റുകളില്‍ പൂണ്ടമരുകയും ചെയ്തു.

“ആര്‍ക്ക് വേണ്ടി പാര്‍ട്ടി എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ലെങ്കില്‍ പാര്‍ട്ടിക്കുവേണ്ടി എന്ന വാക്കിന് അര്‍ത്ഥമില്ല. അതുകൊണ്ട് നമ്മളുണ്ടാക്കിയ സാധനം മറ്റാരുടെയൊക്കെയേ ആയ സ്വതന്ത്രസ്ഥാപനമാകുമ്പോള്‍ അതൊരു മര്‍ദ്ദനോപകരണമായി മാറും.അത് മനുഷ്യന്റെ ശത്രുവായിത്തീരും.നമ്മെ രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പോലീസ് സേന അവരുടെ വടി നമ്മെ തല്ലാനുപയോഗിക്കുന്നത് പോലെയാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ സംഭവിച്ച രൂപാന്തരം.”

ഇവിടെയാണ് സാധരണ ജനം  വോട്ടിലൂടെയാണെങ്കിലും  പകരം ചോദിക്കുന്നത്. വൈകിവന്ന വിവേകം പോലെ അവസാനത്തെ ശ്വാസം വലിക്കുന്നതിന് മുന്‍പ് ഇടതുപക്ഷം തെറ്റ് ചെയ്തുപോയെന്ന് തെറ്റുതിരുത്തല്‍ രേഖകളിലൂടെ ജനങ്ങള്‍ക്ക് മുന്‍പില്‍ സ്വയം സമ്മതിക്കുന്നു. മതമൗലികവാദികളോടും റിവിഷണലിസ്റ്റ് നിലപാടുകളോടും കലഹിച്ച്  പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ “കുലംകുത്തികളോട്”  പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ അപേക്ഷിക്കുന്നു. പാര്‍ട്ടിക്കകത്ത് ഇരവാദങ്ങള്‍ ചിലര്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ചപ്പോള്‍ ഇത് വര്‍ഗ്ഗ രാഷ്ട്രീയത്തില്‍ നിന്ന് സ്വത്വരാഷ്ട്രീയത്തിലേക്കും മതമൗലിക വാദത്തിലേക്കുമുള്ള വ്യതിയാനമാണെന്ന്  വിജയന്‍മാഷ് വിളിച്ചു പറഞ്ഞു.

എന്നാല്‍ അത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരെ ശബ്ദിച്ച മാഷിനെ സവര്‍ണഫാസിസ്റ്റുകളുടെ ആലയില്‍ കെട്ടാനായിരുന്നു പാര്‍ട്ടിക്ക്  താല്‍പ്പര്യം. ഇന്ന് സ്വത്വ രാഷ്ട്രീയത്തെയും മതമൗലിക വാദികളെയും തള്ളിപ്പറയാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെയ്യാറാവുപ്പോള്‍ ചരിത്രത്തിന്‍റെ വിധിവൈപര്യത്യം പോലെ പുറത്ത് നിന്ന് ചില മൗലികവാദികള്‍ പാര്‍ട്ടി  സവര്‍ണ്ണ ഫാസ്റ്റുകളുടെ കൂടെയാണെന്ന് പറയുന്നത് കേള്‍ക്കേണ്ടിവരുന്നു.

ഇവിടെയാണ് എംഎന്‍ വിജയന്‍ ചെയ്ത തെറ്റെന്തായിരുന്നു എന്ന് ജനം തിരിച്ചുചോദിക്കുന്നത്. മൗനമാണ് ഫാസിസത്തിന് വളരാനുള്ള ഏറ്റവും വളക്കുറുള്ള മണ്ണ് എന്ന തിരിച്ചറിവില്‍ നിന്നാണ് എംഎന്‍ വിജയന്‍ ലോകത്തോട് നിറുത്താതെ സംസാരിച്ചുകൊണ്ടേയിരുന്നത്. കേള്‍ക്കണമെങ്കില്‍ ഈ ഭാഷതന്നെവേണമെന്ന് പറഞ്ഞ് തൃശൂര്‍ പ്രസ്സ് ക്ലബ്ബിന്‍റെ കസേരയോട് ചാഞ്ഞിരുന്ന് ഈ ലോകത്തോട് സംസാരിച്ച് കൊണ്ട്, സംവദിച്ചുകൊണ്ടാണ് എംഎന്‍ വിജയന്‍ വിടവാങ്ങിയത്. ഇപ്പോഴും ആ ദൃശ്യങ്ങള്‍ മായാതെ  സാധാരണ മലയാളിയുടെയും മനസ്സിലുണ്ട്.

കൊടുങ്ങല്ലൂരിലെ കരുണയിലെ വീട്ടുവളപ്പില്‍ വിജന്‍ മാഷ് എരിഞ്ഞുതീരുമ്പോള്‍ വിതുമ്പിക്കരഞ്ഞവര്‍  മാഷ് പറഞ്ഞ പ്രത്യയശാസ്ത്ര ചര്‍ച്ചകളില്‍ സജീവമായി ശ്രദ്ധിച്ചിരുന്നവരും പങ്കെടുത്തവരും  മാത്രമായിരുന്നില്ല. ജീവിതത്തിന്‍റെ എല്ലാകോണുകളില്‍ നിന്നുമുള്ള മനുഷ്യരും അവിടെയെത്തിയിരുന്നു. ജീവിതത്തിലുടനീളം നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും നിറുത്താതെ പറഞ്ഞുകൊണ്ടിരുന്ന മനുഷ്യര്‍ ഇവിടെയുറങ്ങുന്നു. കരുണയിലെ തുളസിപൂക്കളുടെ തണലില്‍ വിജന്‍ മാഷ് അന്ത്യനിദ്രകൊള്ളുമ്പോഴും അദ്ദേഹത്തിന്‍റെ വാക്കുകളാണ് നമ്മളുടെ ചിന്തകളെ പൊള്ളിക്കുന്നത്.

“ചിതയില്‍ സ്വയം എരിഞ്ഞ് തീര്‍ക്കുന്ന ഒരാളെ മറ്റൊരു തീയിനും പൊള്ളിക്കാന്‍ കഴിയില്ല. ഒരു സ്വാന്ത്വനത്തിനും കെടുത്താനും കഴിയില്ല. ”

വിജയന്‍ മാഷിനെക്കുറിച്ച് കൂടുതല്‍ >>

വിജയന്‍മാഷ് പറഞ്ഞിരുന്നു; വാലുമുറിച്ച് രക്ഷപ്പെടുന്ന പല്ലികളെക്കുറിച്ച്

Advertisement