Administrator
Administrator
ശിക്കാറിനിറങ്ങിയ ജെയിന്‍ ബാബു
Administrator
Monday 6th December 2010 11:30am

എം പത്മകുമാറിന്‍റെ ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച പുതുമുഖ നടനാണ് ജെയിന്‍ സിറിയക്ക് ബാബു. ചിത്രത്തില്‍ അപകടകരമായി ചിത്രീകരിച്ച  ക്ലൈമാക്സ് രംഗങ്ങളിലുള്‍പ്പെടെ ഗംഭീരമായ  അഭിനയമാണ്  ജെയിന്‍ കാഴ്ച്ചവച്ചത്. നാടകത്തിന്‍റെ അരങ്ങത്തുനിന്ന് വെള്ളിത്തിരയിലേക്കെത്തിയ ജെയിന്‍ ശിക്കാറിന്‍റെ വിശേഷങ്ങള്‍‌ വരുണ്‍ രമേഷുമായി പങ്കുവച്ചു.

നാടകത്തില്‍  നിന്ന് ക്യാമറയ്ക്കു മുന്നിലെത്തിയപ്പോള്‍…

സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ക്യാമറയ്ക്ക് മുന്‍പില്‍ ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല എന്ന ഒരു കാര്യം തന്നെ. ക്യമറ ഉണ്ടെന്നല്ലാതെ അതെവിടെയാണ് ഫോക്കസ് ചെയ്യുന്നതെന്നോ എന്തെല്ലാമാണ് ഒപ്പിയെടുക്കുന്നതെന്നോ നമുക്കറിയില്ല. തീയേറ്ററില്‍ നിന്ന് വളരെ വ്യത്യസ്ഥമായരീതിയിലല്ലേ സിനിമയിലെ മൂവ്മെന്‍റ്സ്. നാടകത്തില്‍ ഓഡിയന്‍സുമായുള്ള റീച്ച് നമുക്ക് നിര്‍ണ്ണയിക്കാന്‍ പറ്റും. എന്നാല്‍ ക്യാമറയുടെ റീച്ചും നമ്മുടെ മൂവ്മെന്‍റ്സും മനസ്സിലാക്കാനും ചെയ്യാനും നന്നായി കഷ്ടപ്പെട്ടു.

കോട്ടയത്ത് msw പഠിക്കുമ്പോള്‍ ഫീല്‍ഡ് ആക്ടിംങ് വര്‍ക്ക് ഉണ്ടായിരുന്നു. കുട്ടികളുടെ നേരെയുള്ള പീഢനത്തിനെതിരെ ഒരു ഇന്‍ഫോടെയിന്‍മെന്‍റ് പ്രോഗ്രാം ചെയ്യാന്‍ തീരുമാനിച്ചു. അതിന്‍റെ ഭാഗമായി ഒരു നാടകം ചെയ്യാനും ഞങ്ങള്‍ തീരുമാനിച്ചിരുന്നു. കെആര്‍ രമേഷിന്‍റെ നേതൃത്വത്തില്‍ ഇരുപതോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ‘ഉള്‍വനം’ എന്ന നാടകം ചെയ്തു. അന്ന് ഈ നാടകത്തില്‍ അഭിനയിച്ച എനിക്ക് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയിരുന്നു.

അത് പത്രത്തില്‍ വരികയും അത് കണ്ട് ശിക്കാറിന്‍റെ തിരക്കഥാ കൃത്തായ സുരേഷ് ബാബു സാര്‍ എന്നെ വിളിച്ചു. പീന്നീട് തൃശൂരില്‍ വച്ച് സംവിധായകന്‍ പത്മകുമാര്‍ സാറിനെ കണ്ടു. അപ്പോഴും അവര്‍ പറഞ്ഞിരുന്നു ഇത് പ്രധാനപ്പെട്ട കഥാപാത്രമാണ് ചുമ്മാതെ വന്നിട്ട് പോകാം. ഉറപ്പൊന്നുമില്ല എന്നൊക്കെ. ഞാന്‍ അവരെ പോയികാണുമ്പോള്‍ നാടകത്തിന്‍റെ ഒരു സിഡി കൈയ്യില്‍ കരുതിയിട്ടുണ്ടായിരുന്നു.

നാടകത്തിന്‍റെ സിഡി ഞാന്‍ അവരെ കാണിച്ചു. അപ്പോള്‍ നാടകത്തില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മാനറിസങ്ങളും ശിക്കാറിലെ കഥാപാത്രത്തിന്‍റെ മാനറിസവുമായി ഒരുപാട് സാമ്യതകളുണ്ടെ‌ന്ന് തിരിച്ചറിഞ്ഞ് എന്നെ ഇതിലേക്ക് കാസ്റ്റ് ചെയ്തു. എന്നാല്‍ അതോടൊപ്പം തന്നെ ഒരുപാട് മുന്നൊരുക്കങ്ങള്‍ ഇതോടൊപ്പം നടത്തേണ്ടതുണ്ടെന്ന് പറയുകയും ചെയ്തു. പ്രത്യേകിച്ചും മാര്‍ഷല്‍ ആര്‍ട്സ്. കോട്ടയത്തുള്ള ഡോ: ഹരീ ചെമ്പൂക്കര എന്ന മാര്‍ഷല്‍ ആര്‍ട്സ് വിദഗ്ദന്‍റെ കീഴില്‍ ഒന്നര വര്‍ഷം പരിശീലനം നടത്തി.

ശിക്കാറില്‍ അബ്ദുള്ള എന്ന തെലുങ്കാനയിലെ നെക്സലേറ്റ് നേതാവിന്‍റെ മകനായാണ് എത്തുന്നത്. കഥാപാത്രത്തെ എങ്ങനെ ഉള്‍ക്കൊണ്ടു…

ഈ കാരക്ടറിനെ ഉള്‍ക്കൊള്ളാനായുള്ള പല മെറ്റീരിയല്‍സും തിരക്കഥാകൃത്ത് സുരേഷ് ബാബു സാര്‍ കൊണ്ടുതന്നിരുന്നു.  വിപ്ലവ കവി ഗദ്ദറിന്‍റെ ആത്മകഥയും ഇത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പത്രകട്ടിങുകളും സൂക്ഷ്മതയോടെ ഞാന്‍ വായിക്കുകയും മനസ്സിലാക്കുകയും ചെയ്തു. പിന്നീട് നെക്സല്‍‌ പ്രവര്‍ത്തകരുടെ രീതികളും അവരുടെ ഭാഷയും എല്ലാം ഉള്‍ക്കൊണ്ടാണ് കഥാപാത്രത്തെ അവതരിപ്പിച്ചത്.

സംഘട്ടനരംഗം ചിത്രീകരണം. ക്ലൈമാക്സ്….

ശിക്കാര്‍ എന്ന സിനിമയുടെ ഏറ്റവും വലീയ ത്രെഡ് എന്ന് പറയുന്നത് ഇതിന്‍റെ ക്ലൈമാക്സ് ആണ്. സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കാനാണ് ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത്. അതായത് എല്ലാ ഷൂട്ടുംകഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് ശിക്കാറിന്‍റെ ക്ലൈമാക്സ് ചിത്രീകരിച്ചത്. ഇതിന്‍റെ ചിത്രീകരണത്തിനായി ഇന്ത്യയിലെ പല സ്ഥലങ്ങളിലും നോക്കിയെങ്കിലും അവസാനം കൊടൈക്കനാലിലെ ‘ഡവില്‍സ് കിച്ചണ്‍’ എന്നറിയപ്പെടുന്ന സ്ഥലത്ത് തീരുമാനിക്കുകയാണുണ്ടായത്.

‘ഗുണ’ എന്ന സിനിമ മാത്രമാണ് ഇതിന് മുന്‍പ് അവിടെ ചിത്രീകരിച്ചത്. ആ സ്ഥലം വളരെ റസ്ട്രിക്റ്റഡ് ആയ ഏരിയ ആണ്. എന്നാല്‍ ശിക്കാറിന് വേണ്ടി സെപെഷല്‍ പെര്‍മിഷന്‍ ഒക്കെയെടുത്താണ് ചിത്രീകരണം നടത്തിയത്. അതിന്‍റെ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് വലീയ കൊല്ലികളും പാറകളുടെ ആള്ളുകളും നിറഞ്ഞ സ്ഥലമാണത്. 500  അടി മുതല്‍ 1500 അടിവരെ താഴ്ച്ചയുണ്ട് പല കൊല്ലികള്‍ക്കും. അങ്ങനെ പ്രത്യേകമായ ഒരു ഭൂമിശാസ്ത്രമാണ് അവിടെ.

മാത്രമല്ല ചില പാറയുടെ അള്ളുകളിലെ വേരുകളില്‍  മണ്ണ് വന്ന് നിറഞ്ഞിട്ടുണ്ട്. അത് ചവിട്ടിയാല്‍ താഴ്ന്നുപോകും. അത്രയ്ക്ക് അപകടം പിടിച്ച ഒരു സ്ഥലമാണത്. എവിടെയാണ് ചവിട്ടേണ്ടതെന്ന് പോലും കൃത്യമായി മനസ്സിലാക്കാന്‍ വിഷമമായ സ്ഥലം. ഇത്തരത്തില്‍ അപകടം നിറഞ്ഞ സ്ഥലത്താണ് ശിക്കാറിന്‍റെ ക്ലൈമാക്സ് ചിത്രീകരിച്ചത്. നമ്മുടെ വളരെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വളരെ മനോഹരമായി തന്നെ സംഘട്ടനങ്ങള്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

മോഹന്‍ലാലിനൊപ്പമുള്ള അഭിനയം…

എന്നെ സംബന്ധിച്ച് എന്‍റെ കാരക്ടര്‍  വളരെ നന്നായി തന്നെ ചെയ്യാന്‍ സാധിച്ചത് ലാലേട്ടന്‍ തന്ന ഊര്‍ജ്ജമാണ്. ലാലേട്ടന്‍ എന്തും ചെയ്യാന്‍ തയ്യാറായിട്ട് നില്‍ക്കുന്ന ഒരാളാണ്.വളരെ ഫ്രീയാണ് എല്ലാവരോടും. വലിയ നടനാണെന്നുള്ള ഒരു ഭാരവും ആരുടെ മുകളിലും ലേലേട്ടന്‍ചുമത്താറില്ല.

ശിക്കാറിന്‍റെ ക്ലൈമാക്സ് ഷൂട്ടിന് വേണ്ടി ഉപയോഗിച്ചത് മൂന്ന് ക്യാമറകളാണ്. അവിടെ അഭിനയിക്കുന്നത് ഞാനും ലാലേട്ടനും അനന്യയുമാണ്. കൂടുതലായും ഞാനും ലാലേട്ടനും. എന്‍റെ എന്തെങ്കിലും ഒരു പ്രശ്നം കൊണ്ട് എന്തെങ്കിലും ഒരു റിട്ടേക്ക് വന്നാല്‍ ഭയങ്കരമായ പ്രശ്നങ്ങളുണ്ടാക്കും. ഒരു മൂവ്മെന്‍റ് സെറ്റ് ചെയ്ത് അതിന് റിടേക്ക് വേണ്ടിവന്നാല്‍ അതിന് പിന്നീട് മണിക്കൂറുകള്‍ വേണ്ടിവരും. അതുകൊണ്ട് തന്നെ സെറ്റിലുള്ള എല്ലാവരും വലിയ തോതില്‍ അധ്വാനിച്ചിട്ടുണ്ട്. ഇത്തരം അപകടകരമായ സൂക്ഷിച്ച് ചെയ്യേണ്ട സ്ഥലത്ത് നമുക്ക് നല്ല സപ്പോര്‍ട്ട് തന്നത് ലാലേട്ടന്‍ തന്നെയാണ്.

നമുക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ പുള്ളിതന്നെ മുന്നോട്ട് വന്ന് അത് പരിഹരിക്കും. അത് തരുന്ന ഒരു ഊര്‍ജ്ജം ഭയങ്കരമാണ്. ഇപ്പോ ഇത്രയും അപകടം നിറഞ്ഞ ഒരുസ്ഥലത്ത് ഷൂട്ട് ചെയ്തപ്പോള്‍ ലാലേട്ടന്‍ നമ്മുടെ സുരക്ഷയുംകൂടെ കണക്കിലെടുക്കുകയും അതിന് വേണ്ടി നില്‍ക്കുകയും ചെയ്യും. ഇത്രയും നല്ല പ്രൊട്ടക്ഷന്‍‌ ലേലേട്ടനെ പോലുള്ള ഒരാളില്‍ നിന്ന് കിട്ടിയപ്പോള്‍  കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ പറ്റി.

ദുര്‍ഘടമായ സ്ഥലങ്ങളില്‍ വച്ചാണ് ശിക്കാറിന്‍റെ ക്ലൈമാക്സ് ചിത്രീകരിച്ചത്…

രസകരമായ ഒരു സംഭവം സെറ്റിലുണ്ടായി. എനിക്ക് ഒരു മൂവ്മെന്‍റ്  ഷൂട്ട് ചെയ്യുന്നതിന് മുന്‍പായി സെറ്റില്‍ വച്ച് തന്നെ റിഹേഴ്സല്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്.  ഞാന്‍ ഒരു ഫൈറ്റിംങ് മൂവ്മെന്‍റ് റിഹേഴ്സല്‍ ചെയ്ത് കൊണ്ടിരുന്നപ്പോള്‍ ലാലേട്ടന്‍ പിന്നിലുണ്ടായിരുന്നു. അതറിയാതെ എന്‍റെ കൈ നല്ല ശക്തിയില്‍ ലാലേട്ടന്‍റെ നെഞ്ചത്ത് ചെന്നിടിച്ചു. ശരിക്കും നല്ല വേദനയാകുന്ന ഇടിയായിരുന്നു അത്.

അതോടെ ശരിക്കും ഞാന്‍ വിചാരിച്ചു തീര്‍ന്നെന്ന്. ലാലേട്ടന്‍ ആ സമയത്ത് എന്നെ ദേഷ്യപ്പെട്ടാല്‍ അതിന്‍റെ ഇരട്ടി മറ്റുള്ളവര്‍ എന്നെ ദേഷ്യപ്പെടും. അതോടെ സെറ്റിലെ മൂട് ആകെ മാറും. എന്നാല്‍ ലാലേട്ടന്‍ തമാശയൊക്കെ പറഞ്ഞ് അത് നോര്‍മ്മലാക്കി.അത്തരത്തിലുള്ള കാര്യങ്ങളൊക്കെ വര്‍ക്കിനെ നന്നായി സഹായിച്ചിട്ടുണ്ട്.

അതുപോലെതന്നെ നമ്മള്‍ റിസ്ക് കൂടുതല്‍ എടുക്കുന്നതിനനുസരിച്ച് ലാലേട്ടന്‍ നമ്മളെ എപ്രീഷിയേറ്റ് ചെയ്യും. അപ്പോള്‍ പിന്നെയും പിന്നെയും അങ്ങനെ റിസ്ക് ഏറ്റെടുക്കാന്‍ നമുക്ക് തോന്നും. ഫൈറ്റിന്‍റെ അവസാനത്തില്‍ ഒരു സ്പിനിംങ് കിക്ക് ഉണ്ടായിരുന്നു.എന്‍റെ അരയില്‍ രണ്ട് ഭാഗത്തായി റോപ്പ് കെട്ടിയിരുന്നു. അതിന്‍റെ ഇടയിലൂടെ വേണം രണ്ട് പ്രാവശ്യം തിരിഞ്ഞ് താഴേക്ക് ചാടി ലാലേട്ടനെ കിക്ക് ചെയ്യണമായിരുന്നു.

അത് കരക്ട് പൊസിഷനില്‍ അല്ലെങ്കില്‍ കാല്‍ റോപ്പില്‍ തട്ടി നന്നായി ലാന്‍റ് ചെയ്യാന്‍ പറ്റില്ലായിരുന്നു. അങ്ങനെ അവസാനം ആ സീന്‍ എടുക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ ഞാന്‍ കാണുന്നത് ലാലേട്ടന്‍ താഴെ നിന്ന് ആ സീന്‍ ശരിയാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ്. അത് ആരെയെങ്കിലും കാണിക്കാനൊന്നും വേണ്ടിയല്ല. നമ്മളുടെ കെയര്‍പോലും ലാലേട്ടന്‍ അത്രയ്ക്ക് കണക്കിലെടുത്തിരുന്നു.

ഇത് അവസാനെ ടേക്ക് പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്തു. കൃത്യമായി തന്നെ ലാന്‍റ് ചെയ്തു. അതോടെ ലാലേട്ടന്‍ ഓടിവന്ന് കെട്ടിപിടിച്ച് കയ്യിലൊരു ഉമ്മയൊക്കെ തന്നു. അതോടെ ഞാനാകെ എക്സൈറ്റഡായി. അതാണ് ലാലേട്ടന്‍.

മോഹന്‍ലാലുമായുള്ള സംഘട്ടനരംഗങ്ങള്‍…

പുള്ളി വളരെ കംഫട്ട് ആണ് അത്തരം കാര്യങ്ങളില്‍.  ഞാന്‍ ഒരു നെക്സലേറ്റ് കമാന്‍റെറുടെ വേഷത്തില്‍ അഭിനയിക്കുമ്പോള്‍ മുന്നിലുള്ളത് ആരാണെന്ന് നോക്കരുത് കഥാപാത്രമാവണം എന്നായിരുന്നു ലാലേട്ടന്‍ പറഞ്ഞത്. ലാലേട്ടനെ ചവിട്ടുന്ന സ്ഥലങ്ങളില്‍ ലാലേട്ടന്‍ തന്നെ പറയുമായിരുന്നു ഇനിയും ഫോഴ്സില്‍ ചവിട്ടാന്‍. വേദനിപ്പിക്കുന്ന രീതിയില്‍ ശക്തിയായി അടിക്കാന്‍. എന്നാല്‍ അതൊക്കെ വളരെ പെയിന്‍ഫുള്ളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതിന്‍റെ സ്പിരിട്ടില്‍ എടുക്കാന്‍ ലേലേട്ടന് കഴിഞ്ഞിരുന്നു.

പിന്നെ കഥാപാത്രമായി കഴിഞ്ഞാല്‍ മോഹന്‍ലാല്‍‌ എന്ന മഹാനടനാണ് മുന്നില്‍ നില്‍ക്കുന്നത് എന്നൊന്നും ഫീല്‍ ചെയ്യില്ല. മോഹന്‍ലാല്‍ തന്നെ സെറ്റിലൊക്കെ അത്തരത്തില്‍ വളരെ ഇന്‍ഫോര്‍മ്മലായ ഒരു ബന്ധം ഉണ്ടാക്കിയെടുക്കുമായിരുന്നു.

ശിക്കാര്‍ നക്സലിസം എന്ന വിഷയം വളരെ  പോസറ്റീവായി ചര്‍ച്ചചെയ്തു…

ഇവിടുത്തെ നക്സലിസം മുന്നോട്ടുവെയ്ക്കുന്ന ബേസിക്ക് രാഷിട്രീയത്തിനോട് നീതിപുലര്‍ത്തിയിട്ടുണ്ട് ഈ ചിത്രം എന്നാണ് എനിക്കു തോനുന്നത്. മോഹന്‍ലാലിന്‍റെ ബലരാമന്‍ എന്ന കഥാപാത്രത്തെ ശിക്കാര്‍ എന്ന സിനിമ ന്യായീകരിക്കുന്നില്ല. തന്‍റെ ഭാഗത്തുനിന്ന് സംഭവിച്ച കുറ്റമല്ലാഞ്ഞിട്ടുപോലും മോഹലാലിനെ ഒരു തരത്തിലും സിനിമ ന്യായീകരിക്കുന്നില്ല.അബ്ദുള്ള എന്ന തെലുങ്കാനയിലെ പാട്ടുകാരനായ, വിപ്ലവകാരിയായ നേതാവിന്‍റെ കഥാപാത്രം തന്നെയാണ് സിനിമയില്‍ ലീഡ് ചെയ്തിരിക്കുന്നത്.

അബ്ദുള്ളയും ബലരാമനും ഒന്നിച്ചുള്ള രംഗങ്ങളില്‍  അബ്ദുള്ള തന്നെയാണ് മികച്ചുനല്‍ക്കുന്നത്. സിനിമ കണ്ട ആര്‍ക്കും അബ്ദുള്ള എന്ന കഥാപാത്രത്തിനെ അത്ര പെട്ടന്ന് മറക്കാന്‍ സാധിക്കില്ല.

അബ്ദുള്ളയുടെ സംസാരത്തില്‍ നിന്ന് ബലരാമന്‍ എന്ന പോലീസ് ഓഫീസര്‍ തകര്‍ന്നു പോകുന്നതായാണ് ചിത്രം പറയുന്നത്. മറ്റ് ഉന്നത പോലീസ് മേധാവികളും ഭരണകൂടവും പറഞ്ഞ തരത്തിലുള്ള ഒരാളല്ല നക്സലേറ്റ് അബ്ദുള്ള എന്ന് മനസ്സിലാക്കുന്നതോടെ ബലരാമന്‍ എന്ന കഥാപാത്രം തകരുന്നുണ്ട്.

പിന്നെ കേരളത്തില്‍ ഒരു മുഖ്യധാരാ സിനിമയില്‍ അടുത്തകാലത്തൊന്നും ഇത്തരത്തിലുള്ള നെക്സല്‍ വിഷയങ്ങള്‍ ചര്‍ച്ചചെയ്തിട്ടില്ല. ശിക്കാറിന്‍റെ ഫസ്റ്റ് ഹാഫ് മുഴുവന്‍ അതിന്‍റെ കൊമേഷ്യല്‍ വിജയത്തിനായി ഉണ്ടാക്കിയെടുത്ത രംഗങ്ങളാണ്. എന്നാം സെക്കന്‍റ് ഹാഫ് വളരെ പൊളിറ്റിക്കലായ ചില കാര്യങ്ങളാണ് പറയുന്നത്.

Advertisement