നമ്മുടെ മാലാഖയുമൊത്ത്, ഒരു ഭൂമിക നാം കണ്ടെത്തും, തീര്‍ച്ച; വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി ദുല്‍ഖര്‍
Entertainment news
നമ്മുടെ മാലാഖയുമൊത്ത്, ഒരു ഭൂമിക നാം കണ്ടെത്തും, തീര്‍ച്ച; വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd December 2021, 6:24 pm

സിനിമ പ്രേമികള്‍ക്ക് ദുല്‍ഖറിനോളം തന്നെ ഇഷ്ടമുണ്ട് ദുല്‍ഖര്‍-അമാല്‍ ദമ്പതികളോട്. ദുല്‍ഖറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് മുന്‍പേ 2011 ഡിസംബര്‍ 21 നായിരുന്നു വിവാഹം. പത്താം വിവാഹവാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് ദുല്‍ഖര്‍. ജീവിതത്തെ ഒരു കപ്പലിലെ യാത്രയായി സങ്കല്‍പിച്ചുകൊണ്ട് മനോഹരമായ ഭാവനയോടെയാണ് ദുല്‍ഖര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്.

‘ഒരു പതിറ്റാണ്ടിനിപ്പുറം ഈ കപ്പല്‍ ശക്തമാണ്. ഇനിയും നീളമേറിയ യാത്ര മുന്നിലുണ്ട്. നമ്മുടെ മാലാഖയുമൊത്ത് സുരക്ഷിതമാവാനുള്ള ഒരു കാക്കക്കൂടിനായി, ഒരു ഭൂമിക നാം കണ്ടെത്തും, തീര്‍ച്ച, എന്നെന്നേക്കും ഒന്നിച്ച്; ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അമാലിനൊപ്പമുള്ള ചിത്രങ്ങളും ഡി.ക്യൂ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി താരങ്ങളാണ് ദുല്‍ഖറിനും അമാലിനും ആശംസകള്‍ അറിയിച്ചത്.

2012 ല്‍ ‘സെക്കന്റ് ഷോ’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച ദുല്‍ഖര്‍ ഒരു പതിറ്റാണ്ടിനിപ്പുറം താരപുത്രന്‍ എന്ന ലേബലില്‍ നിന്നും സ്വന്തമായി ഒരു ഇടം മലയാള സിനിമയില്‍ ഉണ്ടാക്കിയെടുത്തു. മോളിവുഡിനുമപ്പുറം ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകന്‍ മണിരത്‌നം സംവിധാനം ചെയ്ത ‘ഓ.കെ കണ്‍മണി’യിലൂടെ തമിഴിലും തന്റെ സാനിധ്യം ഉറപ്പിച്ചു.

‘കാരവാനി’ലൂടെ ബോളിവുഡിലേക്കും ചുവട് വെച്ച് ദുല്‍ഖര്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ‘കുറുപ്പാ’ണ് ഒടുവില്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം. റോഷന്‍ ആന്‍ഡ്രൂസിന്റെ ‘സല്യൂട്ട്’ ‘ബ്രിന്ദയുടെ ‘ഹേ സിനാമിക’ എന്നീ ചിത്രങ്ങളാണ് ഇനി ദുല്‍ഖറിന്റേതായി റിലീസ് ചെയ്യാനുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ഒരുമിച്ച് ഒരു പതിറ്റാണ്ട്. ഇരുപതുകളിലെന്നോ തുടങ്ങിയ യാത്ര, ദിശയില്ലാത്ത ഞങ്ങളെ നയിക്കാന്‍ കാറ്റ് മാത്രം. പലപ്പോഴും എതിരെ വരുന്ന തിരമാലകളെയും കാറ്റിനേയും നേരിട്ട് ആടിയുലയുമ്പോള്‍ പരസ്പരം മുറുകെ പിടിച്ച്, മഹാശാന്തതയിലും സെന്‍ കണ്ടെത്തി, ഞങ്ങള്‍ ജീവിക്കുന്ന ജീവിതത്തെ സൃഷ്ടിക്കുന്നു.

ഇപ്പോള്‍ ഞങ്ങളുടെ കൈയ്യില്‍ ഒരു ദിശാസൂചികയുണ്ട്. വിവിധ തുറമുഖങ്ങളിലൂടെ ഒരുമിച്ച് യാത്ര തുടരുന്നു, ഇപ്പോഴും പുതിയ ഭൂമികകള്‍ തിരയുന്നു, ഇനിയും കാണാനേറെ.

ഒരു പതിറ്റാണ്ടിനിപ്പുറം ഈ കപ്പല്‍ ശക്തമാണ്. ഇനിയും നീളമേറിയ യാത്ര മുന്നിലുണ്ട്. നമ്മുടെ മാലാഖയുമൊത്ത് സുരക്ഷിതമാവാനുള്ള ഒരു കാക്കക്കൂടിനായി, ഒരു ഭൂമിക നാം കണ്ടെത്തും, തീര്‍ച്ച, എന്നെന്നേക്കും ഒന്നിച്ച്….’

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content High;ight: on-dulquer-salmaan-and-amal-sufiya-10th-wedding-anniversary-actor-pens-a-romantic-note