കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ജനങ്ങളുടെ സമ്പദ്‌വ്യവസ്ഥ കൂടി പരിഗണിക്കണം; സംസ്ഥാനങ്ങളോട് മോദി
national news
കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ജനങ്ങളുടെ സമ്പദ്‌വ്യവസ്ഥ കൂടി പരിഗണിക്കണം; സംസ്ഥാനങ്ങളോട് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th January 2022, 8:55 pm

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ അവലോകന യോഗത്തിലാണ് മോദി നിര്‍ദേശവുമായി രംഗത്തെത്തിയത്.

പകര്‍ച്ച വ്യാധിയുടെ സമയത്ത് കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് സംസ്ഥാനങ്ങളെ മോദി അഭിനന്ദിച്ചു. കൊവിഡിനെ പ്രതിരോധിക്കുമ്പോള്‍ സമ്പദ്‌വ്യവസ്ഥയും ജനങ്ങളുടെ ജീവനോപാധികളും സംരക്ഷിക്കണമെന്ന് മോദി പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന ഏതൊരു നിയന്ത്രണവും സാധാരണക്കാരുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുമെന്ന് പ്രധാനമന്ത്രി മോദി പരോക്ഷമായി പറഞ്ഞു.

100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക് ഇന്ത്യ പ്രവേശിച്ചിരിക്കുകയാണെന്ന് മോദി പറഞ്ഞു.

പ്രാദേശികതലത്തിലാണ് കൊവിഡ് പ്രതിരോധത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതെന്നും മോദി സംസ്ഥാനങ്ങളോട് പറഞ്ഞു.

File photo

കൊവിഡ് കുതിച്ചുചാട്ടത്തിനിടയില്‍ വൈറസ് വ്യാപനത്തിന്റെ പ്രാദേശിക നിയന്ത്രണത്തിലും ഉപജീവനത്തിന് ഏറ്റവും കുറഞ്ഞ നാശനഷ്ടം പൊതുജനങ്ങള്‍ക്ക് ഉറപ്പാക്കമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാക്‌സിനേഷനാണ് കൊവിഡിനെതിരായ ഏറ്റവും നല്ല പ്രതിരോധമാര്‍ഗം. ഇപ്പോള്‍ ഒമിക്രോണിനെ കുറിച്ചുള്ള സംശയങ്ങള്‍ മാറി. അതിവേഗത്തില്‍ ഒമിക്രോണ്‍ പടരുമെന്ന് വ്യക്തമായിട്ടുണ്ട്. ഒമിക്രോണിനെതിരെ മുന്‍കരുതലെടുക്കുമ്പോള്‍ മറ്റ് വകഭേദങ്ങളേയും നാം കരുതിയിരിക്കണമെന്ന് മോദി പറഞ്ഞു.

ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. എന്നാല്‍ നമ്മള്‍ ജാഗ്രതയോടെയിരിക്കണം. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണം. 60 വയസിന് മുകളിലുള്ളവര്‍ക്കും കൊവിഡ് മുന്‍നിര പോരാളികള്‍ക്കും എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.