ലാലേട്ടന്റേയും രാക്ഷിത് ഷെട്ടിയുടേയും ഗസ്റ്റ് റോള്‍, പീറ്റര്‍ ഹെയ്‌ന്റെ ഫൈറ്റ്, അങ്ങനെ കുറെ ആഗ്രഹങ്ങള്‍ പവര്‍ സ്റ്റാറിലുണ്ടായിരുന്നു: ഒമര്‍ ലുലു
Film News
ലാലേട്ടന്റേയും രാക്ഷിത് ഷെട്ടിയുടേയും ഗസ്റ്റ് റോള്‍, പീറ്റര്‍ ഹെയ്‌ന്റെ ഫൈറ്റ്, അങ്ങനെ കുറെ ആഗ്രഹങ്ങള്‍ പവര്‍ സ്റ്റാറിലുണ്ടായിരുന്നു: ഒമര്‍ ലുലു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th June 2022, 6:51 pm

പത്ത് വര്‍ഷത്തിന് ശേഷമുള്ള ബാബു ആന്റണിയുടെ നായക വേഷവുമായി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് പവര്‍ സ്റ്റാര്‍. ആക്ഷന് പ്രാധാന്യമുള്ള ചിത്രം ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്.

പവര്‍ സ്റ്റാര്‍ ഒരു ബൈലിങ്ക്വല്‍ മൂവി ആയി ചെയ്യാനായിരുന്നു തന്റെ ആഗ്രഹമെന്ന് പറയുകയാണ് ഒമര്‍ ലുലു. കെ.ജി.എഫ് മ്യൂസിക് ഡയറക്ടര്‍ രവി ബാസൂര്‍, ഫൈറ്റിന് പീറ്റര്‍ ഹെയന്‍, രാമ ലക്ഷമണ്‍, ലാലേട്ടന്റെയും രക്ഷിത്ത് ഷെട്ടിയുടെയും ഒരു ഗസ്റ്റ് റോള്‍ അങ്ങനെ കുറെ ആഗ്രഹങ്ങള്‍ പവര്‍സ്റ്റാറില്‍ ഉണ്ടായിരുന്നുവെന്ന് ഒമര്‍ ലുലു പറയുന്നു. എന്നാല്‍ ബജറ്റ് കൂടുതലായത് കൊണ്ട് നിര്‍മാതാക്കള്‍ കൈ ഒഴിഞ്ഞുവെന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

മുഴുനീള ആക്ഷന്‍ ചിത്രമായൊരുക്കുന്ന പവര്‍ സ്റ്റാര്‍ റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചത്. റിയാസ് ഖാന്‍, ഷമ്മി തിലകന്‍, അബു സലിം, ശാലു റഹീം, അമീര്‍ നിയാസ്, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. ‘നഷ്ടപ്പെട്ടുപോയതെല്ലാം പത്തിരട്ടിയാക്കി തിരിച്ചു പിടിക്കുന്നവനാണ് യഥാര്‍ത്ഥ ഹീറോ,’ എന്നതാണ് പോസ്റ്ററിലെ ക്യാപ്ഷന്‍.

‘ഒരുപാട് നാളത്തെ എന്റെ ഒരു വലിയ സ്വപ്നം പൂവണിയാന്‍ കൂടെ കട്ടയ്ക്ക് നിന്ന എന്റെ എല്ലാ
ചങ്ക് ബഡീസിനും ഡെന്നീസ് ജോസഫ് സാറിനും ഹൃദയത്തില്‍ നിന്നുള്ള നന്ദി. ഒരുപാട് പ്രതീക്ഷയോടെ നിങ്ങളുടെ മുന്നില്‍ ഞങ്ങള്‍ ഇതാ പവര്‍സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമര്‍പ്പിക്കുന്നു,’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് ഒമര്‍ ലുലു കുറിച്ചത്.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിലും കര്‍ണ്ണാടകയിലും ആയി നടക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കഥ ആയത് കൊണ്ട് പവര്‍സ്റ്റാര്‍ മലയാളം കന്നട ബൈലിങ്ക്വല്‍ മൂവി ആയിട്ടാണ് പ്‌ളാന്‍ ചെയ്തത്. കെ.ജി.എഫ് മ്യൂസിക് ഡയറക്ടര്‍ രവി ബാസൂര്‍ പിന്നെ ഫൈറ്റിന് പീറ്റര്‍ ഹെയന്‍, രാമ ലക്ഷമണ്‍ എന്നിവരും, ലാലേട്ടന്റെയും രക്ഷിത്ത് ഷെട്ടിയുടെയും ഒരു ഗസ്റ്റ് റോള്‍ അങ്ങനെ കുറെ ആഗ്രഹങ്ങള്‍ പവര്‍സ്റ്റാറില്‍ ഉണ്ടായിരുന്നു.

പക്ഷേ ബജറ്റ് കൂടിയത് കൊണ്ട് ബിസിനസ് ആവില്ല എന്ന് പറഞ്ഞ് മലയാളത്തിലെ ഒട്ടു മിക്ക പ്രൊഡ്യൂസേഴ്‌സും പവര്‍സ്റ്റാറിനെ കൈ ഒഴിഞ്ഞു, ഇനി മലയാളത്തില്‍ മിനിമം ബഡ്ജറ്റില്‍ ബാബു ചേട്ടനെ വെച്ച് മാക്‌സിമം മാസ്സ് അതാണ് പവര്‍സ്റ്റാര്‍

Content Highlight: Omar Lulu says that there is a lot of desire in Powerstar for a guest role of Lalettan and Rakshith Shetty