എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട്ടെ ആഢംബര ഹോട്ടലുകളില്‍ നിന്നും ആശുപത്രി കാന്റീനുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു
എഡിറ്റര്‍
Sunday 2nd July 2017 11:04am

കോഴിക്കോട്: കോഴിക്കോട്ടെ ആഢംബര ഹോട്ടലുകളില്‍ നിന്നും ആശുപത്രി കാന്റിനുകളില്‍ നിന്നും ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.

ഹോട്ടല്‍ താജ് ഗെയ്റ്റ്വേ, മാവൂര്‍ റോഡിലെ ഹോട്ടല്‍ റാവിസ്, മിംസ് ആശുപത്രി കാന്റീന്‍, എമിറേറ്റ്സ് റസ്റ്റോറന്റ്, ബിഗ് ബസാര്‍, പുതിയാപ്പ ഹാര്‍ബര്‍ എന്നിവിടങ്ങളിലാണ് ഇന്നലെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.


Dont Miss ഹൈദരബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത വിശാല്‍ ടണ്ടന്റെ മരണത്തില്‍ ദുരൂഹതയേറുന്നു


പി.ടി. ഉഷ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ താജ് ഗേറ്റ് വേയില്‍ നിന്നും പൂപ്പല്‍ ബാധിച്ച ഭക്ഷണങ്ങളാണ് പിടിച്ചെടുത്തത്. അഞ്ച് കിലോയ്ക്ക് മുകളില്‍ വരുന്ന പ്ലം കേക്ക് മിശ്രിതം, പഴകിയ ആറ് കിലോ നെയ്ച്ചോര്‍, മസാലക്കൂട്ട് എന്നിവയാണ് പിടിച്ചെടുത്തത്.

ഇതില്‍ പ്ലം കേക്കിന്റെ മിശ്രിതമാണ് പൂപ്പല്‍ ബാധിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്ച്ചോറിന്റെയും മസാലക്കൂട്ടുകളുടെയും സ്ഥിതിയും ഇത് തന്നെയായിരുന്നു. ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

എമറാള്‍ഡ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇവിടെയും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു.

എമിറേറ്റ്സ് റസ്റ്റോറന്റില്‍ നിന്ന് പഴകിയ ചിക്കന്‍, ബീഫ്, മത്സ്യം, ലേബലില്ലാത്ത കറിക്കൂട്ടുകളും പഴകിയ ഭക്ഷണങ്ങളുമാണ് കണ്ടെത്തിയത്. മാംസവും മീനും ഒരുമിച്ചാണ് സൂക്ഷിച്ചിരിക്കുന്നതെന്നും സംഘം കണ്ടെത്തി.

ഹോട്ടലിന്റെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യ വസ്തുക്കളും വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. മാംസവും മറ്റും ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ പാലിക്കേണ്ട ഒരു നിയമവും സുരക്ഷ മുന്‍കരുതലുകളും ഹോട്ടല്‍ അധികൃതര്‍ സ്വീകരിച്ചിരുന്നില്ല.

മിംസ് ഹോസ്പിറ്റല്‍ കാന്റീ്ന്‍, ഹോട്ടല്‍ രാവിസ്, ബിഗ് ബസാര്‍ എന്നീ സ്ഥാപനങ്ങള്‍ക്കും പരിശോധനയ്ക്ക് ശേഷം ഫൈന്‍ ചുമത്തി.

ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ നിര്‍ദേശ പ്രകാരം നഗരത്തിലെ ആശുപത്രികള്‍, സര്‍ക്കാര്‍, പ്രൈവറ്റ് ഓഫീസുകള്‍, സ്‌കൂളുകള്‍, ഫ്ളാറ്റുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

കോഴിക്കോട് നഗരത്തിലെ പല ഹോട്ടലുകളിലും പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തുന്നതായി മുമ്പും പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലും ബൈപ്പാസിലേതടക്കം നഗരത്തിലെ പല ജനപ്രിയ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയിരൂന്നു.

Advertisement