എഡിറ്റര്‍
എഡിറ്റര്‍
‘അവന് സി.പി.ഐ.എമ്മുമായി യാതാരു ബന്ധവുമില്ല’; ഒ.കെ വാസുവിന്റെ മകന്‍ ബി.ജ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി സഹോദരി
എഡിറ്റര്‍
Friday 10th November 2017 5:02pm

 

കണ്ണൂര്‍: സി.പി.ഐ.എം ബന്ധം ഉപേക്ഷിച്ചാണ് ഒ.കെ ശ്രീജിത്ത് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന വാര്‍ത്തകളെ നിഷേധിച്ച് ഒ.കെ വാസുവിന്റെ മകളും ശ്രീജിത്തിന്റെ സഹോദരിയുമായ ശ്രീമോള്‍. തന്റെ സഹോദരന് സി.പി.ഐ.എമ്മുമായി യാതൊരു ബന്ധവുമില്ലായിരുന്നെന്നും പിന്നെങ്ങനെയാണ് അവന്‍ സി.പി.ഐ.എമ്മില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയെന്ന് പറയാനാവുകയെന്നും ശ്രീമോള്‍ ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീമോളുടെ പ്രതികരണം.

നേരത്തെ പാനൂരില്‍ ഒ.കെ വാസുവിന്റെ മകന്‍ ശ്രീജിത്തടക്കം സി.പി.ഐ.എമ്മില്‍ ചേര്‍ന്ന എട്ടുപേര്‍ ബി.ജെ.പിയിലേക്ക് തിരിച്ചെത്തിയെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും ശ്രീജിത്ത് സി.പി.ഐ.എമ്മിന്റെ ഒരു ഘടകത്തില്‍ പോലും പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ശ്രീമോള്‍ പറയുന്നു.


Also Read: ബിരിയാണി വെച്ചതിന് ജെ.എന്‍.യുവില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പിഴശിക്ഷ


‘ഒ.കെ വാസുമാഷുടെ ഭാര്യയും മക്കളും ബി.ജെ.പി യില്‍ ചേര്‍ന്ന് എന്ന രീതിയില്‍ പ്രചാരണം നടക്കുന്നു. ഞാനും വാസു മാഷുടെ മകളാണ്, ഞാന്‍ ഇപ്പോഴും സി.പി.ഐ.എമ്മിന്റെ അനുഭാവിയായി ഉറച്ചു നില്‍ക്കുകയാണ്. നാട്ടില്‍ ഉള്ളപ്പോഴെല്ലാം സി.പി.ഐ.എമ്മിന്റെ പരിപാടികളില്‍ പങ്കെടുക്കാറുമുണ്ട്. എന്നാല്‍ ഇന്നുവരെ റോഡില്‍ കൂടി പോകുന്ന സി.പി.ഐ.എം പ്രകടനത്തെ അനുഭാവപൂര്‍വം നോക്കുകപോലും ചെയ്യാത്ത ഒരാളാണ് ശ്രീജിത്ത്. ശ്രീജിത്ത് അന്നും ഇന്നും ആര്‍.എസ്.എസ് ആണ്.

സി.പി.ഐ.എമ്മില്‍ ശ്രീജിത്തിനു മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നോയെന്നും ശ്രീമോള്‍ ചോദിക്കുന്നു. ആര്‍.എസ്.എസ് കുടുംബകലഹം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ശ്രീമോള്‍ ആരോപിച്ചു. ആര്‍.എസ്.എസുകാരനായ ശ്രീജിത്തിന് സ്വീകരണം കൊടുത്ത് ആര്‍.എസ്.എസ് തന്നെ നടത്തിയ പരിപാടി പാര്‍ട്ടിയേയും വ്യക്തികളേയും തകര്‍ക്കാനുള്ളതാണെന്നും ശ്രീമോള്‍ പറയുന്നു.


Also Read: ലാലേട്ടന്റെ ആ നോട്ടമാണ് പ്രചോദനമായത്; അനുഭവം തുറന്നുപറഞ്ഞ് മുരളീ ഗോപി


താനും ഒ.കെ വാസു മാഷുടെ മകളാണെന്നും തനിക്ക് ചെങ്കൊടി പ്രസ്ഥാനത്തില്‍ വിശ്വാസമുണ്ടന്നും ശ്രീമോള്‍ പറയുന്നു. ബി.ജെ.പി സംഘടിപ്പിച്ച യോഗത്തില്‍ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍ പങ്കെടുത്തിരുന്നു.

ബി.ജെ.പിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ഒ.കെ വാസു പാര്‍ട്ടിബന്ധമുപേക്ഷിച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്നിരുന്നു. നിലവില്‍ മലബാര്‍ ദേവസ്വം പ്രസിഡണ്ടും കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡണ്ടുമാണ് ഒ.കെ വാസു.

 

Advertisement