ഇന്ത്യന്‍ ചിത്രം 'കോര്‍ട്ട്' ഓസ്‌കറിനു പോകാന്‍ ഫണ്ടില്ലാതെ പ്രതിസന്ധിയില്‍
Daily News
ഇന്ത്യന്‍ ചിത്രം 'കോര്‍ട്ട്' ഓസ്‌കറിനു പോകാന്‍ ഫണ്ടില്ലാതെ പ്രതിസന്ധിയില്‍
ന്യൂസ് ഡെസ്‌ക്
Saturday, 3rd October 2015, 5:20 pm

court-1

ഇന്ത്യന്‍ ചിത്രം “കോര്‍ട്ട്” ഓസ്‌കറിനു പോകാന്‍ ഫണ്ടില്ലാതെ പ്രതിസന്ധിയില്‍
മികച്ച വിദേശഭാഷാ ചിത്രത്തിനായി ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ നോമിനേഷനായ “കോര്‍ട്ട്,” പ്രചാരണത്തിന് പണമില്ലാതെ പ്രതിസന്ധിയില്‍. ഓസ്‌കര്‍ ജൂറിയെയും പ്രേക്ഷകരെയും സിനിമ കാണിക്കുന്നതിനും സിനിമയെ വിവധരീതിയല്‍ പ്രൊമോട്ട് ചെയ്യുന്നതിനുമായി ഫണ്ടില്ലാതെ വിഷമിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

ചൈതന്യ തമാനേ സംവിധാനം ചെയ്ത മറാത്തി ചിത്രമായ “കോര്‍ട്ട്,” ഇന്ത്യയിലെ കാലഹരണപ്പെട്ട നിയമവാഴ്ചയെ തുറന്നുകാട്ടി വിമര്‍ശിക്കുന്ന ചിത്രമാണ്. സിനിമ നിര്‍മ്മിക്കാനായി ഏതെങ്കിലും പ്രൊഡക്ഷന്‍ കമ്പനിയുടെയോ വ്യവസായപ്രമുഖരുടെയോ പണം ലഭിച്ചിരുന്നുമില്ല. ചൈതന്യ തമാനേയുടെ സുഹൃത്ത് വിവേക് ഗോംബര്‍ നല്‍കിയ പണം കൊണ്ട് വളരെച്ചെറിയ ബജറ്റിലാണ് സിനിമ പൂര്‍ത്തിയാക്കിയത്.

ഓസ്‌കര്‍ വേദിയില്‍ സിനിമ കാണിക്കാനും പ്രൊമോട്ട് ചെയ്യാനുമെല്ലാം വലിയ തുകയാണ് ആവശ്യമായി വരാറ്. മലയാള സിനിമയായ “ആദാമിന്റെ മകന്‍ അബു” ഓസ്‌കറിന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ജൂറിയെ സിനിമ കാണിക്കുക എന്നത് അണിയറപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണെന്നും ഇതിനായി വലിയ പ്രൊമോഷനും മറ്റും ആവശ്യമാണെന്നും സംവിധായകനായ സലിം അഹമ്മദ് വെളിപ്പെടുത്തിയിരുന്നു.

ഗ്യാന്‍ കൊറിയയുടെ ചിത്രം “ദി ഗുഡ് റോഡ്” 2013ല്‍ ഓസ്‌കര്‍ വേദിയിലെത്തിയപ്പോള്‍ പ്രൊമോഷനും മറ്റുമായി 5 ലക്ഷത്തോളെ രൂപ എന്‍.എഫ്.ഡി.സി (ദേശീയ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍) നല്‍കിയിരുന്നു.