ഓഫ് സീസണില്‍ കൊടെയ്ക്കനാലിലേക്ക് ഒരു യാത്ര.......
Travel Diary
ഓഫ് സീസണില്‍ കൊടെയ്ക്കനാലിലേക്ക് ഒരു യാത്ര.......
ന്യൂസ് ഡെസ്‌ക്
Tuesday, 7th August 2018, 4:07 pm

കൂറ്റന്‍ മലകള്‍ നിറഞ്ഞു നില്‍ക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കൊടെയ്ക്കനാല്‍. തമിഴ്മാട്ടിലെ ദിണ്ടില്‍ ജില്ലയിലെ പട്ടണമാണിത്. പശ്ചിമ ഘട്ടത്തില്‍ നിന്ന് വേര്‍പെട്ട് പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രമാണ്. ഇവിടുത്തെ പ്രധാന ആകര്‍ഷണം കൂറ്റന്‍ മലനിരകളെ പൊതിഞ്ഞു നില്‍ക്കുന്ന കോടമഞ്ഞാണ്.

തൂവെള്ള തുണിക്കെട്ടില്‍ കൊച്ചു കുഞ്ഞിനെ അമ്മ പൊതിയുന്നതുപ്പോലെ കോടമഞ്ഞ് മലകളെപ്പൊതിഞ്ഞിരിക്കുന്ന കാഴ്ച അതിമനോഹരമാണ്. പൊതുവേ കൊടെയ്ക്കനാലിലെ സീസണ്‍ നവംബര്‍ മാസം മുതലാണെങ്കിലും ഓഫ് സീസണ്‍ യാത്രയും അതി മനോഹരമാണ്.

മറ്റു സീസണുകളെ അപേക്ഷിച്ച് തിരക്കില്ലാതെ മഴയും മഞ്ഞും ആസ്വദിച്ച് ഇപ്പോള്‍ കൊടെയ്ക്കനാലിലേക്ക് ഒരു യാത്ര നടത്താം. പ്രകൃതിരമണീയമായ മലകളാലും കുന്നുകളാലും അനുഗ്രഹീതമാണ് കൊടെയ്ക്കനാല്‍. കൂടാതെ നീലക്കുറിഞ്ഞിപ്പൂക്കുന്ന അപൂര്‍വ്വസ്ഥലങ്ങളില്‍ ഒന്നാണ് കൊടെയ്ക്കനാല്‍ എന്നതും ഏറെ പ്രത്യേകത അര്‍ഹിക്കുന്നു.

Also Read കാടറിഞ്ഞ് മേടറിഞ്ഞ് കക്കയത്തേക്ക് ഒരു യാത്ര- ഫോട്ടോ സ്റ്റോറി

കൊടെയ്ക്കനാലിന്റെ സൗന്ദര്യം വര്‍ദ്ധിക്കുന്നത് തന്നെ ഓഫ് സീസണിലാണെന്ന് പറയാം. മഴയും മഞ്ഞും നിറഞ്ഞു നില്‍ക്കുന്ന കൊടെയ്ക്കനാല്‍ മറ്റുള്ള സ്ഥലങ്ങളേക്കാള്‍ ഏറെ വ്യത്യസ്തമാകുന്നു. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് താമസ സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

കൊടെയ്ക്കനാലിന്റെ ആകര്‍ഷകമായ ഭാഗങ്ങളില്‍ ഒന്നാണ് സൂയിസൈഡ് പോയിന്‍റ്. മഴ മാറി കോടമഞ്ഞ് തിങ്ങി നില്‍ക്കുന്ന കാഴ്ച വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്.

കൊടെയ്ക്കനാലിന്റെ മറ്റൊരു ആകര്‍ഷണം എന്ന് പറയുന്നത് പൈന്‍ക്കാടുകളാണ്. തിങ്ങി നിറഞ്ഞു നില്‍ക്കുന്ന കൂറ്റന്‍ പൈന്‍ മരങ്ങള്‍ക്കിടയിലൂടെ തെന്നി നീങ്ങുന്ന കോടമഞ്ഞ് നല്‍കുന്ന അനുഭൂതി അത് അനുഭവിച്ചു തന്നെ അറിയേണ്ട ഒന്നാണ്.

ഇതിലേയേറെയും കൊടെയ്ക്കനാലിലെ ആകര്‍ഷണീയത എന്ന് പറയുന്നത് തടാകം ആണ്. നീണ്ടു കിടക്കുന്ന തടാകങ്ങള്‍ക്ക് ചുറ്റിലും ഉള്ള സൈക്കിള്‍ സവാരി മറക്കാന്‍ പറ്റാത്ത ഓര്‍മ്മയാണ് നമുക്ക് സമ്മാനിക്കുന്നത്. ഇവിടുത്തെ മഞ്ഞുക്കാലം ആരംഭിക്കുന്നത് നവംബറിലാണ്. മണ്‍സൂണ്‍ മഴയും തുലാം മഴയും ലഭിക്കുന്നതു കൊണ്ട് തന്നെ കേരളത്തിന് സമാനമായ കാലവസ്ഥയാണ് കൊടെയ്ക്കനാലില്‍ അനുഭവപ്പെടുക.

കേരളത്തില്‍ നിന്ന് പാലക്കാട് -പൊള്ളാച്ചി വഴിയും മൂന്നാര്‍, വാഗമണ്‍ വഴിയും കൊടെയ്ക്കനാലില്‍ എത്താം. പഴനി ക്ഷേത്രം, മൂന്നാര്‍, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങിളിലേക്കും എത്താം.