ചിത്തിര ആട്ടവിശേഷ പൂജയ്ക്ക് എത്തിയവരില്‍ ഭക്തര്‍ 200 പേര്‍ മാത്രം: 7000ത്തിലേറെ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരെന്നും പൊലീസ്
kERALA NEWS
ചിത്തിര ആട്ടവിശേഷ പൂജയ്ക്ക് എത്തിയവരില്‍ ഭക്തര്‍ 200 പേര്‍ മാത്രം: 7000ത്തിലേറെ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരെന്നും പൊലീസ്
ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 12:14 pm

തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമലയില്‍ എത്തിയവരില്‍ 200 പേര്‍ മാത്രമാണ് യഥാര്‍ത്ഥ ഭക്തരെന്ന് പൊലീസ് വിലയിരുത്തല്‍. 7300 പേരാണ് ഈ സമയത്ത് ശബരിമലയിലെത്തിയത്.

7100 പേര്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വിവിധ ഹിന്ദു ഗ്രൂപ്പുകളുടെയും പ്രവര്‍ത്തകരോ, അവരുടെ പ്രേരണയില്‍ എത്തിയവരോ ആണെന്നാണ് പൊലീസ് വിലയിരുത്തലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ തുലാമാസ പൂജകള്‍ക്കായി നടതുറന്നസമയത്ത് പൊലീസ് നടപടിയിലേക്ക് വഴിവെച്ച പ്രതിഷേധത്തില്‍ പങ്കെടുത്തവരാണ് ഇതില്‍ 200 പേരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read:ശബരിമല പ്രക്ഷോഭം സുപ്രീംകോടതിയ്ക്ക് എതിരെയെന്ന് ഹൈക്കോടതി; ന്യായീകരിക്കാന്‍ കഴിയില്ല, ജാമ്യഹര്‍ജി തള്ളി

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയവരെ തിരിച്ചറിയാന്‍ പൊലീസ് ഫെയ്‌സ് റക്കഗ്നീഷ്യന്‍ സോഫ്റ്റുവെയറുകള്‍ ഉപയോഗിക്കും. ” ഇത്തവണ ശബരിമലയില്‍ ആരൊക്കെ സന്ദര്‍ശിച്ചു, അതില്‍ ആരൊക്കെ കഴിഞ്ഞമാസം പൊലീസുമായി നടന്ന ഏറ്റുമുട്ടലിലുണ്ടായിരുന്നുവെന്നത് ഈ സോഫ്റ്റുവെയര്‍ ഉപയോഗിച്ച് കണ്ടുപിടിക്കും. മണ്ഡല മകരവിളക്ക് ആഘോഷങ്ങള്‍ക്കായി നവംബര്‍ 16ന് നട തുറക്കുമ്പോള്‍ ഇത്തരം ആളുകളെ നിരീക്ഷണത്തില്‍ വെക്കും.” ഒരു ഓഫീസര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

Also Read: മതനിന്ദ കേസില്‍ കുറ്റവിമുക്തയായ പാക് യുവതി ആസിയാ ബീവി ജയിലില്‍ നിന്നും പുറത്തിറങ്ങി; അജ്ഞാത കേന്ദ്രത്തിലെന്ന് റിപ്പോര്‍ട്ട്

ഇരുമുടിക്കെട്ടുമായി ഇവര്‍ ഭക്തന്മാരെപ്പോലെ ശബരിമലയില്‍ വീണ്ടുമെത്തിയാല്‍ ഒന്നും ചെയ്യാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. ഭക്തരായി ക്ഷേത്രം സന്ദര്‍ശിക്കാനുള്ള അവരുടെ അവകാശത്തെ ഹനിക്കാനാവില്ലെന്നും ഓഫീസര്‍ പറയുന്നു.

നവംബര്‍ 16ന് ശബരിമലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് കുറേക്കൂടി ശക്തമായ സുരക്ഷ ഏര്‍പ്പെടുത്താനാണ് പൊലീസ് പദ്ധതിയിടുന്നത്.