എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കന്‍ തെരഞ്ഞെടുപ്പ്: രണ്ടാം സംവാദത്തില്‍ ഒബാമ മുന്നില്‍
എഡിറ്റര്‍
Wednesday 17th October 2012 9:15am

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള രണ്ടാം സംവാദത്തില്‍ ഊര്‍ജ്ജപ്രതിസന്ധിയും വിദേശനയവുമാണ് പ്രധാനമായും ചര്‍ച്ചയായത്. അടുത്ത നാലുവര്‍ഷത്തിനകം അമേരിക്കയില്‍ 1.2 കോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മീറ്റ് റോംനി പറഞ്ഞു.

Ads By Google

ന്യൂയോര്‍ക്കിലെ ഹോഫ്‌സ്ട്രാ സര്‍വകലാശാലയില്‍ നടന്ന സംവാദത്തില്‍ റോംനി പ്രസിഡന്റ് ഒബാമയെ ആക്രമിക്കുന്ന രീതിയിലായിരുന്നു സംസാരിച്ചത്. 90 മിനിറ്റ് നീണ്ടുനിന്ന സംവാദത്തില്‍ കാണികള്‍ക്ക് സ്ഥാനാര്‍ത്ഥികളോട് ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരവും ലഭിച്ചു. അമേരിക്കയെ ഊര്‍ജരംഗത്ത് സ്വയംപര്യാപ്തമാക്കുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മീറ്റ് റോംനി പറഞ്ഞു.

ആരോഗ്യ സുരക്ഷാ പദ്ധതി, സാമൂഹ്യ സുരക്ഷ മേഖലകളില്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ ഒബാമയ്ക്കായില്ലെന്നും റോംനി കുറ്റപ്പെടുത്തി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ മീറ്റ് റോംനി അമേരിക്കയുടെ ഇന്ധനനയത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തെ നികുതി നയവും ഇരുവരും ചര്‍ച്ച ചെയ്തു. നികുതി 20 ശതമാനം വരെ വെട്ടിക്കുറച്ചാല്‍ ഇടത്തരക്കാര്‍ക്ക് ഉപകാരപ്രദമാകുമെന്ന് റോംനി വാദിച്ചു.

നാല് വര്‍ഷമായി അമേരിക്കയിലെ മധ്യവര്‍ഗ്ഗത്തിന്റെ ജീവിതം ദുരിതത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. ആദ്യ സംവാദത്തില്‍ നിന്നും വ്യത്യസ്തമായി ഒബാമ കൂടുതല്‍ ശക്തമായിട്ടാണ് ഇപ്രാവശ്യം പങ്കെടുക്കുന്നത്. രാജ്യത്ത് തൊഴില്‍ സാധ്യത ഇരട്ടിയാക്കുവാനുള്ള ശ്രമം തുടരുകയാണെന്ന് ഒബാമ അവകാശപ്പെട്ടു. അതിനുവേണ്ടി വ്യവസായങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്.

എന്നാല്‍, ഉയര്‍ന്ന വേതനമില്ലാത്ത തൊഴില്‍ രാജ്യം പ്രോത്സാഹിപ്പിക്കുന്നില്ല.  സര്‍ക്കാര്‍ തൊഴില്‍ സൃഷ്ടിക്കുന്നില്ലെന്നാണ് റോംനി ആരോപിച്ചത്. റോംനി തന്റെ ഫൈവ് പോയിന്റ് പ്ലാന്‍ വിവരിച്ചപ്പോള്‍ ഒബാമ അതിനെ ശക്തമായി എതിര്‍ത്തു. റോംനിയുടേത് വണ്‍ പോയിന്റ് പ്ലാനാണെന്നും അത് ഉപരിവര്‍ഗത്തിന് മാത്രം സഹായകരമാകുന്നതാണെന്ന് ഒബാമ ആരോപിച്ചു.

ഒക്ടോബര്‍ മൂന്നിനായിരുന്നു ഒന്നാംഘട്ട സംവാദം. ആദ്യ സംവാദത്തില്‍ മീറ്റ് റോംനി മുന്‍തൂക്കം നേടിയെന്നായിരുന്നു അഭിപ്രായ സര്‍വേകളില്‍ തെളിഞ്ഞത്. മൂന്നാംഘട്ട സംവാദം അടുത്ത തിങ്കളാഴ്ച ഫ്‌ളോറിഡയില്‍ നടക്കും. നവംബര്‍ ആറിനാണ് തെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് മൂന്നാഴ്ച ബാക്കി നില്‍ക്കെ ഒബാമ മുന്നിട്ട് നില്‍ക്കുന്നുവെന്ന് അഭിപ്രായസര്‍വ്വെകള്‍ വ്യക്തമാക്കുന്നു.

Advertisement