രാഷ്ട്രീയ അടിത്തറയില്ലാത്ത വൃദ്ധനായ മന്‍മോഹന്‍ രാഹുലിന് വെല്ലുവിളിയല്ലെന്ന് അവര്‍ക്കറിയാമായിരുന്നു, സോണിയയെക്കുറിച്ച് ഒബാമ
national news
രാഷ്ട്രീയ അടിത്തറയില്ലാത്ത വൃദ്ധനായ മന്‍മോഹന്‍ രാഹുലിന് വെല്ലുവിളിയല്ലെന്ന് അവര്‍ക്കറിയാമായിരുന്നു, സോണിയയെക്കുറിച്ച് ഒബാമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th November 2020, 8:03 pm

ന്യൂദല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകമായ ദ പ്രോമിസ്ഡ് ലാന്റ് ഇന്ത്യയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ്, സോണിയ ഗാന്ധി എന്നിവരെക്കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പുസ്തകത്തില്‍ മന്‍മോഹന്‍ സിംഗിനെക്കുറിച്ച് ഒബാമ പറയുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുത്തതിന് പിന്നില്‍ സോണിയ ഗാന്ധിയുടെ ദീര്‍ഘവീക്ഷണമായിരുന്നെന്നാണ് ഒബാമ പുസ്തകത്തില്‍ പറയുന്നത്.

‘ സിംഗ് തന്റെ സ്ഥാനത്തിന് എപ്പോഴും സോണിയയോട് കടപ്പെട്ടിരുന്നു. ഒന്നിലധികം രാഷ്ട്രീയ നിരീക്ഷകര്‍ വളരെ കൃത്യമായി ( സോണിയ ഗാന്ധി) തെരഞ്ഞെടുത്തതാണെന്ന് വിശ്വസിച്ചു. കാരണം ഒരു രാഷ്ട്രീയ അടിത്തറയില്ലാത്ത ഒരു വൃദ്ധനായ സിഖുകാരനെന്ന നിലയില്‍ അദ്ദേഹം അവരുടെ മകന്‍ രാഹുലിന് ഒരു വെല്ലുവിളിയല്ല,’ ഒബാമ പുസ്തകത്തില്‍ പറയുന്നു.

അതേസമയം മന്‍മോഹന്‍ സിംഗിന്റെ ഭരണപാടവത്തെ ഒബാമ പുസ്തകത്തില്‍ പ്രശംസിക്കുന്നുണ്ട്. അസാധാരണമായ ജ്ഞാനമുള്ള മനുഷ്യന്‍ എന്നാണ് പുസ്തകത്തില്‍ ഒബാമ മന്‍മോഹന്‍ സിംഗിനെ വിശേഷിപ്പിക്കുന്നത്.

മന്‍മോഹന്‍സിംഗിന്റെ ഭരണത്തെയും മതേതര നിലപാടുകളെയും ഒബാമ പ്രശംസിക്കുന്നുമുണ്ട്. പാകിസ്താനില്‍ നിന്നും ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ തിരിച്ചടിക്കാനുള്ള ആഹ്വാനങ്ങളെ മന്‍മോഹന്‍ സിംഗ് പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് ഒബാമ പറയുന്നു.

‘ആക്രമണത്തിനു ശേഷം പാകിസ്താനെതിരെ പ്രതികാരം ചെയ്യാനുള്ള ആഹ്വാനങ്ങളെ സിംഗ് എതിര്‍ത്തിരുന്നു. പക്ഷെ ഈ സംയമനം രാഷ്ട്രീയമായി അദ്ദേഹത്തിനു നഷ്ടമുണ്ടാക്കി. മുസ്ലിം വിരുദ്ധ വികാരം ഉയരുന്നത് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയും ഹിന്ദു ദേശീയതാ പാര്‍ട്ടിയുമായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്വാധീനത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ഭയപ്പെട്ടു,’ ഒബാമ പുസ്തകത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Obama about Manmohan Singh