'സമുദായ സംഘടനകള്‍ക്ക് ഒരു പാര്‍ട്ടിക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ അവകാശമില്ല, അത് നിയമവിരുദ്ധം'; എന്‍.എസ്.എസിനെതിരെ ഒ രാജഗോപാല്‍
KERALA BYPOLL
'സമുദായ സംഘടനകള്‍ക്ക് ഒരു പാര്‍ട്ടിക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ അവകാശമില്ല, അത് നിയമവിരുദ്ധം'; എന്‍.എസ്.എസിനെതിരെ ഒ രാജഗോപാല്‍
ന്യൂസ് ഡെസ്‌ക്
Thursday, 17th October 2019, 1:17 pm

തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പരസ്യ പ്രചാരണത്തിനിറങ്ങിയ എന്‍.എസ്.എസ് നിലപാടിനെ വിമര്‍ശിച്ച് ബിജെപി നേതാവും എം.എല്‍.എയുമായ ഒ.രാജഗോപാല്‍. ജാതി-മത സംഘടനകള്‍ക്ക് ഒരു പാര്‍ട്ടിക്ക് മാത്രം വോട്ടഭ്യത്ഥിക്കാന് അവകാശമില്ലെന്നും അത് നിയമ വിരുദ്ധമാണെന്നും രാജഗോപാല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് എന്‍.എസ്.എസ് വട്ടിയൂര്‍ക്കാവിനെ മാത്രം പറഞ്ഞതല്ല. സംസ്ഥാനത്ത് മൊത്തം അവരുടെ നിലപാടിതാണ്. ഇതുമായി ബന്ധപ്പെട്ട മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഒരു നിലപാട് അറിയിച്ചിട്ടുണ്ട്. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അതാണ് ചട്ടം’, രാജഗോപാല്‍ പറഞ്ഞു.

ജാതി-മത സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നത് ന്യായമായ കാര്യമല്ല. അത് നിയമവിരുദ്ധവുമാണ്. അക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സംശയരഹിതമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സമുദായ സംഘടനകള്‍ക്ക് അവരുടേതായ പങ്ക് വഹിക്കാനുണ്ട്. രാഷ്ട്രീയത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറയാന്‍ അവര്‍ക്ക് അവകാശമില്ല. വ്യക്തിപരമായി ആര്‍ക്കുവേണമെങ്കിലും പ്രവര്‍ത്തിക്കാം.എന്നാല്‍ മത ജാതി സമുദായ സംഘടനകളുടെ പേരില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല’, രാജഗോപാല്‍ അഭിപ്രായപ്പെട്ടു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കാനാണ് എന്‍.എസ്.എസ്. തീരുമാനം. സംഘടനയുടെ ശരിദൂര പ്രഖ്യാപനമെന്നാല്‍ യു.ഡി.എഫ് അനുകൂല നിലപാടാണെന്ന് എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡണ്ടുമായ സംഗീത് കുമാര്‍ പറഞ്ഞിരുന്നു.

എന്നാല്‍, ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ തിരഞ്ഞടുപ്പ് കമ്മീഷന്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിച്ച് നപടിയെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ