എഡിറ്റര്‍
എഡിറ്റര്‍
മാദ്ധ്യമാതിക്രമങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍
എഡിറ്റര്‍
Saturday 13th October 2012 11:51am


ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കും പൊലീസിനും കോര്‍പറേറ്റ് മാഫിയകള്‍ക്കും വേണ്ടി

മാദ്ധ്യമങ്ങള്‍ നടത്തുന്ന ഹീനവൃത്തികള്‍


എസ്സേയ്‌സ് / ഒ.കെ ജോണി

പത്രലേഖകര്‍ പൊലീസിന്റെ സ്റ്റെനോഗ്രാഫര്‍മാരെപ്പോലെ ഔദ്യോഗികഭാഷ്യങ്ങള്‍ വാര്‍ത്തകളെന്ന മട്ടില്‍ അതേപടി പകര്‍ത്തിനല്‍കുന്ന രീതി, മാദ്ധ്യമ വിസ്‌ഫോടനത്തിന്റെ ഇക്കാലത്തും ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്നത് അവിശ്വസനീയമായിത്തോന്നാം. എന്നാല്‍ മനുഷ്യാവകാശങ്ങളെ വിലമതിക്കുന്നതായി ഭാവിക്കുന്ന ഇന്ത്യയിലെ മുന്‍നിര ഇംഗ്ലീഷ് പത്രങ്ങള്‍പോലും ഈ പ്രവണത ഉപേക്ഷിച്ചിട്ടില്ലെന്നാണ് ജാമിയ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ ഇയ്യിടെ പ്രസിദ്ധീകരിച്ച ഒരു അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ രജിസ്റ്റര്‍ചെയ്ത പതിനാറ് ഭീകരവിരുദ്ധക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത് നിരപരാധികളായിരുന്നുവെന്ന് കോടതി പിന്നീട് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഈ അന്വേഷണം. അറസ്റ്റ് ചെയ്യുമ്പോള്‍ പൊലീസ് പ്രതികളുടെ പേരില്‍ ഉന്നയിച്ച ആരോപണങ്ങളെ, തങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ട വസ്തുതകളാണെന്ന മട്ടിലാണ് പത്രങ്ങള്‍ വാര്‍ത്തകളായി റിപ്പോര്‍ട്ടുചെയ്തത്. പ്രതികളെ ഭീകരരായി ചിത്രീകരിക്കുവാന്‍ പൊലീസ് മെനഞ്ഞെടുത്ത കള്ളക്കഥകളെ യാതൊരു സംശയത്തിനും പഴുതില്ലാത്ത വാസ്തവമായി

Ads By Google
വായനക്കാര്‍ക്കുനല്‍കിയ പത്രങ്ങള്‍, കോടതി അവരെ കുറ്റവിമുക്തരാക്കിയപ്പോള്‍ മൗനംപാലിക്കുകയായിരുന്നു.

9/11 മാതൃകയില്‍ പുതിയ ആക്രമണത്തിനൊരുങ്ങുന്ന ലെഷ്‌കറെ തൊയ്്ബയുടെ പ്രവര്‍ത്തകനെന്ന് മുദ്രകുത്തി ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്ത ഇരുപത്തിനാലുകാരനായ ഇംമ്രാന്‍ കിര്‍മാനിയെന്ന എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി തന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ട് നാല് വര്‍ഷങ്ങള്‍ക്കുശേഷം ജയിലില്‍നിന്ന് പുറത്തുവന്നപ്പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കാശ്മീര്‍ ലേഖകനോട് വേദനയോടെ പറഞ്ഞു:  ‘ ഞാന്‍ കുറ്റവിമുക്തനായി പുറത്തുവരുമ്പോള്‍ അതറിയാനും ഞാന്‍ നിരപരാധിയായിരുന്നുവെന്ന് ലോകത്തെ അറിയിക്കാനും, അന്ന് എന്നെ ഭീകരനായി ചിത്രീകരിച്ച ഒരൊറ്റ മാദ്ധ്യമവും മാദ്ധ്യമപ്രവര്‍ത്തകനുമില്ല. അതവര്‍ക്ക് ഒരു വാര്‍ത്തയല്ല.’

കിര്‍മാനിക്കുണ്ടായ ചീത്തപ്പേരും മാനസിക-ശാരീരിക പീഡനങ്ങളും അപരിഹാര്യമായി അവശേഷിക്കും. ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളായ മാദ്ധ്യമങ്ങളും നിയമത്തിന്റെ കാവല്‍നായ്ക്കളായ പൊലീസും ഒരുമിച്ച് നിയമത്തെയും നിരപരാധികളായ പൗരന്മാരെയും വേട്ടയാടുന്ന ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ കൂടക്കൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കിര്‍മാനിയെക്കുറിച്ചുള്ള പൊലീസ്ഭാഷ്യം അതേപടി വാര്‍ത്തയാക്കിയ പത്രങ്ങളില്‍ രണ്ടെണ്ണമെങ്കിലും പിന്നീട് അയാളുടെ നിരപരാധിത്വത്തെക്കുറിച്ചെഴുതുകയുണ്ടായി എന്നുകൂടി നടേപറഞ്ഞ അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ ജ്യോതി പുന്‍വാനി ( ദ ഹൂട്ട് വെബ്‌സൈറ്റ് കാണുക) ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ അതുപോലും പ്രതീക്ഷിക്കാനാവില്ല.

സ്വന്തം പാതകങ്ങള്‍ മറച്ചുവെയ്ക്കുന്നതിലെങ്കിലും മലയാളമാദ്ധ്യമങ്ങള്‍ ഒറ്റക്കെട്ടാണ്. ഉദാഹരണങ്ങളുടെ ചരിത്രം തുടങ്ങുന്നത് നക്‌സലൈറ്റ് വര്‍ഗീസ് വധത്തോടെയാവില്ലെങ്കിലും പൊലീസ്-മാദ്ധ്യമ സിണ്ടിക്കേറ്റിന്റെ ആ ഗൂഢാലോചനയാണ് കേരളത്തില്‍ എംബഡഡ് ജേണലിസത്തിന് തുടക്കംകുറിച്ചതെന്നത് നിസ്തര്‍ക്കമാണ്. വിമോചനസമരമെന്ന കുപ്രസിദ്ധമായ ജനാധിപത്യവിരുദ്ധ അട്ടിമറിയില്‍നിന്ന് നേരിട്ടാര്‍ജ്ജിച്ച ആത്മവിശ്വാസമാണ് കിരാതമായ വര്‍ഗീസ് വധത്തെ സ്വാഭാവികമായ ഒരേറ്റുമുട്ടല്‍ മരണമായി ചിത്രീകരിക്കുവാന്‍ മാദ്ധ്യമങ്ങള്‍ക്ക് തുണയായതെന്നാണ് അക്കാലത്തെ മാദ്ധ്യമങ്ങളുടെ പ്രത്യയശാസ്ത്ര താല്‍പര്യങ്ങള്‍ തിരിച്ചറിയുമ്പോള്‍ പറയുവാന്‍തോന്നുക.

സര്‍ക്കാറിന്റെയും രാഷ്ട്രീയനേതാക്കളുടെയും സൗജന്യങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമായി കാത്തിരിക്കുന്ന പത്രപ്രവര്‍ത്തകസംഘടനകള്‍ ഇത്തരം മാദ്ധ്യമാതിക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കോ വീണ്ടുവിചാരത്തിനോ മുതിരുകയുമില്ല.

മേലുദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം വര്‍ഗീസിനെ വെടിവെച്ചുകൊന്ന രാമചന്ദ്രന്‍ നായര്‍ എന്ന പൊലീസുകാരന്‍ പതിറ്റാണ്ടുകള്‍ക്കുശേഷം നടത്തിയ വെളിപ്പെടുത്തലോടെയാണ് മാദ്ധ്യമങ്ങളുടെ അന്നത്തെ ഹീനമായ പൊലീസ് മനോഭാവം മലയാളികളില്‍ച്ചിലരെങ്കിലും തിരിച്ചറിഞ്ഞതെന്നുമാത്രം. അന്ന് വര്‍ഗീസിനെ ഭീകരനായ കൊള്ളക്കാരനായി ചിത്രീകരിച്ചുകൊണ്ടും ആ ‘ഏറ്റുമുട്ടല്‍മരണ’ത്തെ ന്യായീകരിച്ചുകൊണ്ടും അവരെഴുതിയ അപസര്‍പ്പകകഥകള്‍ മലയാള മാദ്ധ്യമചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളായി അവശേഷിക്കും.

പിന്നീട് ഇതേ ആഭാസം തൊണ്ണൂറുകളിലെ ഐ എസ് ആര്‍ ഒ ചാരക്കേസിലാണ് വീണ്ടും മാദ്ധ്യമങ്ങള്‍ ‘വിജയകരമായി ‘ ആവര്‍ത്തിക്കുന്നത്. ആ വിജയവും താല്‍ക്കാലികമായിരുന്നുവെങ്കിലും മാദ്ധ്യമങ്ങള്‍ക്ക് കുറ്റബോധമെന്നല്ല, സ്വയം ലജ്ജപോലും തോന്നുന്നില്ലെന്നത് മലയാളികളെ പേടിപ്പിക്കേണ്ടതാണ്. എന്നാല്‍, അപ്പപ്പോള്‍ ഇത്തരം കഥകളുമായി തങ്ങളെ രമിപ്പിക്കുന്ന മാദ്ധ്യമങ്ങളെ മൗനംകൊണ്ട് ന്യായീകരിക്കുകയാണ് വായനാസമൂഹത്തിന്റെ പതിവുരീതി. ഹൃദയശൂന്യമായ ഒരു സമൂഹത്തിന്റെ ലക്ഷണമാണത്.

പൊലീസ്- മാദ്ധ്യമ മാഫിയ

തിരുവനന്തപുരത്തെ ചില പൊലീസുകാരുടെ ക്രിമിനല്‍ബുദ്ധിയിലുദിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ പൊലിപ്പിച്ച് നിലനിര്‍ത്തുവാന്‍ ഉത്സാഹിച്ചത് ചെറുതും വലുതും, ഇടതും വലതുമായ മലയാളപത്രങ്ങളായിരുന്നു. അതൊരു കള്ളക്കഥയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടതോടെ, പ്രതികളാക്കപ്പെട്ട ശാസ്ത്രജ്ഞന്മാരും മാലിക്കാരായ രണ്ട് സ്ത്രീകളും കുറ്റവിമുക്തരാക്കപ്പെട്ടെങ്കിലും ആ അപസര്‍പ്പകകഥ കെട്ടിച്ചമച്ച കേരളത്തിലെ പൊലീസും പത്രങ്ങളും യാതൊരു പോറലുമേല്‍ക്കാതെ മാന്യതയുടെ മുഖാവരണമണിഞ്ഞ് വിരാജിക്കുന്നുവെന്നതാണ് കേരളത്തിലെ ഏറ്റവും വലിയ അശ്ലീലം.

ചാരക്കേസില്‍ പീഡിപ്പിക്കപ്പെട്ട നമ്പി നാരായണന്‍ എന്ന പ്രശസ്ത മലയാളി ശാസ്ത്രജ്ഞന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചപ്പോഴാണ് സീരിയല്‍ക്കഥകളുടെ മലവെള്ളപ്പാച്ചിലിലില്‍ മലയാളികള്‍ മറന്ന ആ പാതകം വീണ്ടും ഇയ്യിടെ വാര്‍ത്തയായത്. ഒന്നര പതിറ്റാണ്ടിനുശേഷം നമ്പിനാരായണന്‍ വീണ്ടും മാദ്ധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായപ്പോഴും കുപ്രസിദ്ധമായ ഐ എസ് ആര്‍ ഒ ചാരക്കേസിലെ യഥാര്‍ത്ഥ പ്രതികളായ പൊലീസും പത്രങ്ങളും പൊതുസമൂഹത്തിന്റെ വിചാരണകളില്‍നിന്ന് സമര്‍ത്ഥമായി രക്ഷപ്പെടുകയായിരുന്നു. സര്‍ക്കാറിന്റെയും രാഷ്ട്രീയനേതാക്കളുടെയും സൗജന്യങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമായി കാത്തിരിക്കുന്ന പത്രപ്രവര്‍ത്തകസംഘടനകള്‍ ഇത്തരം മാദ്ധ്യമാതിക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കോ വീണ്ടുവിചാരത്തിനോ മുതിരുകയുമില്ല. എല്ലിന്‍കഷണം വായിലിരിക്കുന്ന നായ കുരയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതും വിവരക്കേടാണ്.

ദരിദ്രരും നിസ്സഹായരുമായ ആ രണ്ട് സ്ത്രീകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചുരസിച്ച കേരളാ പൊലീസിലെ സാഡിസ്റ്റുകളുടെയും അവരെപ്പറ്റി ആഭാസമെഴുതി വായനക്കാരെ രസിപ്പിച്ച ഹീനമനസ്‌കരായ പത്രലേഖകരുടെയും സ്വന്തം നാടാണിത്. പേടി തോന്നുന്നു.

ഒരു സി.ഐയുടെ കൗതുകം

നമ്പി നാരായണനിലൂടെ വീണ്ടും ചര്‍ച്ചാവിഷയമായ ചാരക്കേസ് എങ്ങിനെയുണ്ടായി? മാദ്ധ്യമങ്ങള്‍ക്ക് അതിലുണ്ടായിരുന്ന പങ്കെന്താണ്? ഈ ചോദ്യങ്ങള്‍ പക്ഷെ, ഇപ്പോഴും ഉന്നയിക്കപ്പെടുന്നില്ല. കേരള കൗമുദിയും ദേശാഭിമാനിയും തുടങ്ങിവെച്ച ചാരക്കഥയ്ക്ക്, അതിന്റെ വിപണനമൂല്യം തിരിച്ചറിഞ്ഞ ഇതര പത്രങ്ങള്‍ പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു. യഥാര്‍ത്ഥത്തത്തിലുള്ള ചില മനുഷ്യരെ മുന്‍നിര്‍ത്തി പത്രലേഖകന്മാര്‍ ഭാവനചെയ്ത, രതിയും സസ്‌പെന്‍സും നിറഞ്ഞ ഒരു ക്രൈംതില്ലറായിരുന്നു ഐ എസ് ആര്‍ ഒ ചാരക്കേസ്. അതിന്റെ വിശദാംശങ്ങള്‍ പ്രസക്തമാണെങ്കിലും, പുതിയ വായനക്കാരുടെയും മാദ്ധ്യമവിദ്യാര്‍ത്ഥികളുടെയും അറിവിലേക്കായി ചില സംക്ഷിപ്തസൂചനകള്‍ നല്‍കാന്‍ മാത്രമേ ഇതുപോലൊരു കുറിപ്പില്‍ സാദ്ധ്യമാവൂ.1994-ലെ ഒരു വാരികയെയാണ്, അതിനായി ആശ്രയിക്കുന്നത്.

തിരുവനന്തപുരത്തെ സ്‌പെഷല്‍ ബ്രാഞ്ച് സര്‍ക്കിള്‍ ഓഫീസില്‍ വിസയുടെ കാലാവധി നീട്ടിക്കിട്ടണമെന്ന അപേക്ഷയുമായി രണ്ടു മാലി വനിതകളെത്തിയതോടെയാണ് ചാരക്കഥയുടെ ബീജാവാപം. വിസ അപ്പോള്‍ത്തന്നെ പുതുക്കിക്കിട്ടണമെന്നു ശഠിച്ച വനിതകളും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായി വാക്കേറ്റമുണ്ടായി. തങ്ങളെ അപമാനിച്ചുവെന്നാരോപിച്ച് സ്ത്രീകള്‍ ഉയര്‍ന്ന പൊലീസധികാരികള്‍ക്ക് പരാതിയും നല്‍കി. തുടര്‍ന്നുണ്ടായ സംഭവങ്ങളെക്കുറിച്ച് ‘ചാരപ്രവര്‍ത്തനം എങ്ങനെ പുറത്തായി’ എന്ന ശീര്‍ഷകത്തില്‍ മേല്‍പ്പറഞ്ഞ വാരികയുടെ ലേഖകന്‍ എഴുതുന്നതിങ്ങനെയാണ്:  ‘വിദേശവനിതകള്‍ മടങ്ങിയപ്പോള്‍ സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍ വിജയന് ഒരു കൗതുകം തോന്നി. ഈ വനിതകളെപ്പറ്റി ഒന്നു വിശദമായി അന്വേഷിക്കാം…പിന്നെ വൈകിച്ചില്ല. ഈ വിദേശവനിതകളാണ് മൂന്നുനാലുദിവസം കഴിഞ്ഞപ്പോള്‍ പത്രപംക്തികളില്‍ സ്ഥലംപിടിച്ച മറിയം റഷീദയും ഫൗസിയ ഹസ്സനും.’

വിസ പുതുക്കിക്കിട്ടാന്‍ ശാഠ്യംപിടിച്ച് തന്നോട് തട്ടിക്കയറുകയും തനിക്കെതിരെ ഉന്നതാധികാരികള്‍ക്ക് പരാതിനല്‍കുകയുംചെയ്ത മാലിക്കാരികളെ ‘ഒരു കൗതുകത്തിന് ‘ പിന്തുടര്‍ന്ന് കുരുക്കിലാക്കിയ ഇന്‍സ്‌പെക്ടരുടെ സ്വഭാവമാഹാത്മ്യത്തെക്കുറിച്ച് പ്രസ്തുത വാരികയുടെ അതേ ലക്കത്തില്‍ത്തന്നെ മറ്റൊരു ലേഖകന്‍ എഴുതുന്നതുകൂടി ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്:   ‘ ആദ്യ നോട്ടത്തില്‍ത്തന്നെ വിജയന് മനസ്സിലായി മറിയം പിശകുകേസാണെന്ന്. കൊഞ്ചിയും കിണുങ്ങിയുമുള്ള വര്‍ത്തമാനവും കണ്ണുകളില്‍നിന്ന് തെളിയുന്ന ക്ഷണവും വിജയനുവേണ്ടിയുള്ളതായിരുന്നു… നിമ്നോന്നത ഭാഗങ്ങള്‍ കണ്ടാല്‍ മോഹമുണരാത്ത ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉണ്ടായിരുന്നതുകൊണ്ടുമാത്രമാണ് മറിയം റഷീദ കുരുക്കിലായത്. ഈ കേസിന്റെ മുഴുവന്‍ ക്രെഡിറ്റും സ്‌പെഷല്‍ ബ്രാഞ്ച് സി.ഐ. ശ്രീ. എസ്. വിജയനുമാത്രം അവകാശപ്പെട്ടതാണ്.’

ലേഖകന്‍ ആവശ്യപ്പെടുന്ന ക്രെഡിറ്റ്, മഞ്ഞപ്പത്രക്കാരേക്കാള്‍ സാമാന്യബുദ്ധിയുണ്ടാവാനിടയുള്ള സ്‌പെഷല്‍ ബ്രാഞ്ച് സി.ഐ. ശ്രീ. എസ്.വിജയന്‍ ഇപ്പോഴേതായാലും അവകാശപ്പെടാനിടയില്ല. അതെന്തായാലും, നിയന്ത്രിക്കാനാവാത്ത ആവേശത്തോടെ വാരികാലേഖകന്‍ അന്നെഴുതിയ ഈ വരികളുടെ കര്‍തൃത്വമെങ്കിലും അദ്ദേഹം എറ്റെടുക്കുമെന്ന് കരുതാം. എന്തുകൊണ്ടും ‘ഉദ്ധാരണയോഗ്യമായ’ ആ ഖണ്ഡികയിലെ ഏതാനും വരികള്‍, മാന്യന്മാര്‍ക്കുചേര്‍ന്നതല്ലെങ്കിലും, ഒരു ചരിത്രരേഖയെന്ന നിലയില്‍ ഉദ്ധരിക്കാതെവയ്യ:

‘ മറിയം റഷീദ. മുപ്പതിനോടടുത്ത പ്രായം. കൊഴുത്തുതുടുത്ത ശരീരം. മാദകസുന്ദരി. ഒറ്റനോട്ടത്തില്‍ത്തന്നെ പുരുഷന്മാര്‍ വീണുപോകും. ഒരു ചാരസുന്ദരിക്ക് ഇതില്‍ക്കൂടുതല്‍ ഒന്നും വേണ്ട. ഈ മാദകത്തിടമ്പിന്റെ മുന്നില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ ദശാബ്ദങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെ രൂപംനല്‍കിയ ശാസ്ത്രരഹസ്യങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു.’

നിസ്സഹായരായ രണ്ടു സ്ത്രീകള്‍

പൊലീസും പത്രങ്ങളുംകൂടി പച്ചമനുഷ്യരെ കടിച്ചുതിന്നുന്ന ഈ കാനിബാളിസമാണ് നമ്മുടെനാട്ടിലെ കൊണ്ടാടപ്പെടുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തനമെന്ന് ഭാവിയില്‍ കേരളത്തിന്റെ മാദ്ധ്യമചരിത്രത്തിന് രേഖപ്പെടുത്തേണ്ടിവരും. എന്തുപറയണമെന്നുപോലുമറിയാതെ മാദ്ധ്യമങ്ങളുടെ മുന്നില്‍ പൊട്ടിക്കരയുന്ന മറിയം റഷീദയുടെയും ഫൗസിയ ഹസ്സന്റെയും ഹതാശമായ മുഖങ്ങള്‍ ഓര്‍മ്മവരുമ്പോള്‍ കേരളത്തിലെ പത്രങ്ങളെയും പൊലീസിനെയും കുറിച്ചുള്ള അഭിമാനങ്ങളെല്ലാം കപടമാണെന്ന് പറയുവാന്‍ തോന്നും.

സാമാന്യവിദ്യാഭ്യാസംപോലുമില്ലാത്ത, കേള്‍വിയും കേള്‍പ്പോരുമില്ലാത്ത, ദരിദ്രരും നിസ്സഹായരുമായ ആ രണ്ട് സ്ത്രീകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചുരസിച്ച കേരളാ പൊലീസിലെ സാഡിസ്റ്റുകളുടെയും അവരെപ്പറ്റി ആഭാസമെഴുതി വായനക്കാരെ രസിപ്പിച്ച ഹീനമനസ്‌കരായ പത്രലേഖകരുടെയും സ്വന്തം നാടാണിത്. പേടി തോന്നുന്നു.

മലയാളമാദ്ധ്യമങ്ങള്‍ തങ്ങളോടുചെയ്ത പാതകങ്ങള്‍ക്ക്, അന്യനാട്ടുകാരായ ആ പാവപ്പെട്ട സഹോദരിമാര്‍ ഒരിയ്ക്കലും മാപ്പുനല്‍കാതിരിക്കട്ടെ.

Advertisement