ഗാന്ധി വധത്തില്‍ ദുരൂഹതയില്ല; പുനരന്വേഷണം വേണ്ടെന്ന് അമിക്കസ് ക്യൂറി
Mahatma Gandhi Assassination
ഗാന്ധി വധത്തില്‍ ദുരൂഹതയില്ല; പുനരന്വേഷണം വേണ്ടെന്ന് അമിക്കസ് ക്യൂറി
ന്യൂസ് ഡെസ്‌ക്
Monday, 8th January 2018, 11:49 am

ന്യൂദല്‍ഹി: മഹാത്മാഗാന്ധി വധത്തില്‍ ദുരൂഹത ഇല്ലെന്ന് അമിക്കസ് ക്യൂറി. ഗാന്ധി വധത്തില്‍ പുനരന്വേഷണം വേണ്ടെന്നും മുതിര്‍ന്ന അഭിഭാഷകനും അമിക്കസ് ക്യൂറിയുമായ അമരേന്ദ്ര ഷരണ്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

വധത്തില്‍ വിദേശരഹസ്യാന്വേഷണ ഏജന്‍സിക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഗോഡ്‌സെ അല്ലാതെ മറ്റാരോ വെടിയുതിര്‍ത്തു എന്ന വാദത്തിന് തെളിവില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.

ഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് അമിക്കസ് ക്യൂറി നിലപാട് വ്യക്തമാക്കിയത്. ഗാന്ധി വധത്തില്‍ ദുരൂഹത ഉണ്ടെന്നും പുനരന്വേഷണം വേണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഗാന്ധിയെ വധിച്ചതില്‍ രണ്ടിലേറെ പേര്‍ക്ക് പങ്കുണ്ടെന്നായിരുന്നു പൊതുതാത്പര്യ ഹരജിയില്‍ പറഞ്ഞിരുന്നത്. മുംബൈയിലെ ഗവേഷകനും ട്രസ്റ്റിയുമായ അഭിനവ് ഭരതും ഡോ. പങ്കജ് പന്‍ഡ്‌നിസുമായിരുന്നു പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്.

എന്നാല്‍ ഹരജിക്കാരന്‍ ആരോപിക്കുന്നതുപോലെ ഗോഡ്‌സെയുടെ വെടിയേറ്റല്ല ഗാന്ധി കൊല്ലപ്പെട്ടതെന്ന് വാദത്തിന് കഴമ്പില്ലെന്നും ഗാന്ധിയെ വധിച്ചത് ഗോഡ്‌സെ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ സര്‍ക്കാരിന്റെ കൈവശമുള്ള രേഖകളും മറ്റ് അന്വേഷണ രേഖകളും പരിശോധിച്ച ശേഷമാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷമായിരിക്കും കോടതി വിഷയത്തില്‍ നിലപാടെടുക്കുകയെന്നാണ് അറിയുന്നത്.