ഒരു പേറില്‍ ഒരു വയറ്റാട്ടി പുറത്തെടുത്ത പുള്ളകള്‍
Opinion
ഒരു പേറില്‍ ഒരു വയറ്റാട്ടി പുറത്തെടുത്ത പുള്ളകള്‍
എന്‍.വി ബാലകൃഷ്ണന്‍
Friday, 9th November 2018, 4:36 pm

ഈ കമ്മ്യൂണിസ്റ്റുകളെയും സോഷ്യലിസ്റ്റുകളെയും ജനാധിപത്യവാദികളുകളേയുമൊക്കെ ആദ്യ അവസരത്തില്‍ തന്നെ തീര്‍ത്തേക്കണം… ബാക്കിവെക്കരുത്.” ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് പരിചയമുള്ള ആരോ പറയുന്നത് പോലെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? യു.പി യില്‍ യോഗി ആദിത്യനാഥിന്റെ പൊലീസ് ഇതാണ് ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസുമായി ഏറ്റുമുട്ടി മരിക്കുന്നു, എന്ന വ്യാജേന ധാരാളം പേര്‍ അടുത്തകാലത്ത് ഇവിടെ കൊലചെയ്യപ്പെട്ടു.

ഗുജറാത്തിലെ “ഏറ്റുമുട്ടല്‍” കൊലകള്‍ കുപ്രസിദ്ധമാണല്ലോ. ഏതെങ്കിലും തരത്തിലുള്ള കുറ്റപത്ര സമര്‍പ്പണങ്ങള്‍ക്കോ വിചാരണകള്‍ക്കോ കാത്തുനില്‍ക്കാതെ തങ്ങളുടെ എതിരാളികളെ ഏറ്റുമുട്ടല്‍ നാടകങ്ങളിലൂടെ ഉന്‍മൂലനം ചെയ്യുന്നത് ഇവിടെ പതിവാണ്. അതാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത് എന്ന പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാവുന്നു. പക്ഷേ മുകളില്‍ ഉദ്ധരിച്ച വാക്കുകള്‍ ഏതെങ്കിലും സംഘപരിവാര്‍ നേതാവിന്റേതല്ല. ബ്രസീലിലെ സോഷ്യലിസ്റ്റ് ആഭിമുഖ്യമുണ്ടായിരുന്ന ലൂലാഡാസില്‍വ യെ തോല്‍പ്പിച്ച് അധികാരത്തിലെത്തിയ വലതു തീവ്രവാദ കക്ഷിയുടെ നേതാവ് ജെയര്‍ ബോള്‍സൊനാരോ,(Jair Bolsonaro)വിന്റേതാണ്.

അദ്ദേഹം തെരെഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് മുമ്പില്‍ വെച്ചത് ഇത്തരം അപരിഷ്‌കൃത നിലപാടുകളായിരുന്നു. ഇത്ര പച്ചക്ക് തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്നയാള്‍ എങ്ങനെ തെരെഞ്ഞെടുപ്പില്‍ ജയിക്കുമെന്ന സംശയം ലോകത്തിലെ പ്രധാന മാധ്യമങ്ങളൊക്കെ പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ ജനങ്ങളില്‍ നിന്ന് കാര്യമായ എതിര്‍പ്പൊന്നും ഇദ്ദേഹത്തിന് എതിരെ ഉയര്‍ന്നില്ലെന്ന് മാത്രമല്ല തെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം നേടി ബോള്‍സൊനാരോ അധികാരത്തിലെത്തുകയും ചെയ്തു. മാധ്യമങ്ങള്‍ ചൂടന്‍ ട്രംപ(Tropical Trump)ന്ന ബഹുമതി നല്‍കിയിരിക്കുകയാണിപ്പോള്‍ ഇദ്ദേഹത്തിന്.

സാക്ഷാല്‍ ട്രംപും അമേരിക്കയില്‍ തെരെഞ്ഞെടുപ്പ് രംഗത്ത് വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ വെള്ളക്കാര്‍ക്ക് വേണ്ടി, കറുത്തവരേയും അഭയാര്‍ത്ഥികളേയും മുസ്ലീങ്ങളേയും കുടിയേറ്റക്കാരേയുമൊക്കെ നിഷ്‌കരുണം കൈകാര്യം ചെയ്യും എന്ന് തന്നെയാണ്. അമേരിക്കയില്‍ പ്രസവിച്ച ഏതൊരു കുഞ്ഞിനും പൗരത്വമനുവദിക്കുന്ന നിയമത്തിന് അടിമത്വ നിരോധനത്തോളം തന്നെ പഴക്കമുണ്ട്. പക്ഷേ ട്രംപ് ഇപ്പോള്‍ പറയുന്നത് അത്തരം നിയമങ്ങളൊക്കെ റദ്ദാക്കും എന്നാണ്. എല്ലാ തരം അലവലാതിള്‍ക്കും ജീവിക്കാനുള്ളതല്ല അമേരിക്ക എന്നുതന്നേയാണ് ട്രംപിന്റെ നിലപാട്.

ഇത്തരം വലതുതീവ്രവാദ പ്രചാരണത്തിലൂടെ തന്റെ വിജയം ഉറപ്പു വരുത്താന്‍ സാധിക്കും എന്ന ആത്മവിശ്വാസം ട്രംപിനുണ്ട്. ശുദ്ധഗതിക്കാര്‍ ചിന്തിക്കുന്നത് പോലെയല്ല ഭൂരിപക്ഷമായ മത വിഭാങ്ങളോ, വര്‍ണ്ണവിഭാഗളോ ഒക്കെ ചിന്തിക്കുന്നത് എന്ന് ചുരുക്കം. യാതൊരുവിധ ധാര്‍മ്മിക ജനാധിപത്യ പുരോഗമന ചിന്തകള്‍ക്കും പ്രസക്തിയില്ലാത്ത ഒരു കാലത്തിലേക്കാണോ ലോകം സഞ്ചരിക്കുന്നത് എന്ന ചിന്ത നമ്മേ അസ്വസ്ഥമാക്കാം. അടുത്തയിടെ തുര്‍ക്കിയിലെ വലതുതീവ്രവാദശക്തികളുടെ വിജയം മറ്റൊരു ഉദാഹരണം. ലോകമാകെ ഇതുണ്ട്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ ബി.ജെ.പിയും അതിന്റെ പ്രസിഡന്റ് അമിത് ഷായും നടത്തിയ വിദ്വേഷ പ്രചാരണം ഈ ഗണത്തില്‍ പെടുത്താവുന്നത് തന്നെ.

തെരെഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മ്മാണം മുഖ്യ അജണ്ടയാക്കുന്നതും ഇതേ ലക്ഷ്യം വച്ച് തന്നെ. കേരളത്തില്‍ നവേത്ഥാന മൂല്യങ്ങളേയാകെ ചുട്ടെടുത്ത് സംഘപരിവാര്‍ ശക്തികള്‍ നടത്തികൊണ്ടിരിക്കുന്ന അങ്ങേയറ്റം വിദ്വേഷജനകമായ പ്രചാരണങ്ങളേ ഇതൊക്കെയുമായി ബന്ധപ്പെട്ട് വേണം നാം മനസ്സിലാക്കാന്‍. നവോത്ഥാന പൂരോഗമന ആശയങ്ങള്‍ക്ക് മുന്‍കൈയുണ്ടായിരുന്ന കേരളത്തില്‍ ഉത്തരേന്ത്യല്‍ മോഡല്‍ രാഷ്ട്രീയം പയറ്റുന്നതിനുള്ള ധൈര്യം ഇവര്‍ക്ക എങ്ങനെ ഉണ്ടാവുന്നു എന്ന് നാം അതിശയിക്കുമ്പോഴും പുരോഗമന കേരളം ഇതൊക്കെ ഒരുതരം നിസ്സംഗതയോടെ അനുവദിച്ച് കൊടുക്കുന്നുണ്ട്. എന്തുകൊണ്ടണിത് സംഭവിക്കുന്നത് എന്ന ചോദ്യം ഏറ്റവും പ്രസക്തമാവുന്ന ഒരു കാലം തന്നെയാണിത്.

 

അതീവ ഗുരുതരമാണ് ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി. 2008 ല്‍ മെല്ലെ മെല്ലെ തലപൊക്കിയ പ്രതിസന്ധി പലരും പ്രതീക്ഷിച്ച പോലെ ഏതാനും വര്‍ഷം കൊണ്ട് തിരോഭവിക്കുകയായിരുന്നില്ല. അത് എല്ലാ മേഖലകളേയും വന്‍കരകളേയും രാജ്യങ്ങളേയുമൊക്കെ ധൃതരാഷ്ട്രാലിംഗനത്തില്‍ മുറുക്കി ശക്തിപ്പെടുക തന്നെയാണ്. അടുത്തകാലത്തൊന്നും അത് ഒഴിഞ്ഞ് പോകുമെന്ന് ചിന്തക്കാനുള്ള വസ്തുനിഷ്ഠമായ കാരണങ്ങളൊന്നും ഇപ്പോഴും പ്രകടമായിട്ടുമില്ല.

ജോണ്‍മെയ്‌നാര്‍ഡ് കെയിന്‍സിനെ പോലുള്ള മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ മുന്നോട്ട് വച്ച മരുന്നുകളൊന്നും ഫലിക്കാതായിരിക്കുന്നു. 1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ മുതലാളിത്തം ആഹ്ലാദാരവങ്ങളോടെ മുന്നോട്ട് വെച്ച ആഗോളവത്കരണം (Globilisation) നവലിബറല്‍ സാമ്പത്തിക വ്യവസ്ഥ ഒക്കെ തകര്‍ന്നടിഞ്ഞു. ലോകമാകെ ഒറ്റ വിപണി എന്ന് വിളിച്ചുകൂവിയവര്‍ സ്വന്തം രാജ്യത്തെ വിപണിയെങ്കിലും വേലികെട്ടി സംരക്ഷിക്കാന്‍ കഴിയുമോ എന്ന ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങള്‍ക്ക് പുറകെ ഓടിതളരുകയാണിപ്പോള്‍.

ഒരു കാര്യം ഉറപ്പിച്ച് പറയാം മുതലാളിത്ത വ്യവസ്ഥ അതീവഗുരുതരമായ പ്രതിസന്ധിയിലാണ്. മറികടക്കാനുള്ള മാര്‍ഗങ്ങളൊന്നും അവര്‍ക്ക് മുമ്പില്‍ ഇതുവരെ തുറക്കപ്പെട്ടിട്ടില്ല. തൊഴില്‍ ശക്തിയെ ചൂഷണം ചെയ്യുന്നതിനനുസരിച്ച് പ്രതിസന്ധി കൂടുന്നു. ജനങ്ങളുടെ വാങ്ങല്‍ ശേഷി വീണ്ടും വീണ്ടും ഇടിയുന്നു. കാലാവസ്ഥ വ്യതിയാനങ്ങള്‍ നിലവിലുള്ള ഉല്‍പ്പാദന വ്യവസ്ഥയെ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. പ്രകൃതി ചൂഷണം ശാന്തമാക്കി നഷ്ടം നികത്താമെന്ന് വെച്ചാല്‍, ഭൂമിയില്‍ ജൈവമണ്ഡലത്തിന്റെ നിലനില്‍പ്പ് തന്നെ അപകടപ്പെട്ടേക്കേവുന്ന നിലയിലാണ് പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉയര്‍ന്ന് വരുന്നത്.

ഇത്തരം പ്രതിസന്ധികളെ മുതലാളിത്തം മറികടന്നത് യുദ്ധ നയതത്രങ്ങളിലൂടെയായിരുന്നു. കോളനികള്‍ പങ്കുവെക്കാനുള്ള മുതലാളിത്ത മത്സരത്തിന്റെ ഭാഗമായിരുന്നല്ലോ ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍. പക്ഷേ ആണവായുധങ്ങളുടെ വികാസത്തോടെ ഇനിയൊരു ലോക യുദ്ധത്തിലൂടെ വിപണി പങ്കുവെക്കലോ ആയുധകച്ചവടമോ സാധ്യമാവില്ല. ജയിക്കുന്നവനും തോല്‍ക്കുന്നവനും ഒരുപോലെ തുടച്ച് നീക്കപ്പടുന്നതായിരിക്കും ഒരു ആണവയുദ്ധം. ഇത്തരം സാഹചര്യങ്ങളോടുള്ള മടുപ്പുളവാക്കുന്ന പ്രതികരണം എന്ന നിലയിലാണ് പരിമിതമായ യുദ്ധങ്ങളും യുദ്ധപ്പനികളും തീവ്രവാദ ആക്രമണങ്ങളുമൊക്കെ ലോകത്ത് സംഭവിക്കുന്നത് എന്ന മനശാസ്ത്രപരമായ വിശകലനങ്ങളും ഇപ്പോള്‍ മുന്നോട്ട് വെക്കപ്പടുന്നുണ്ട്. നാളെയെക്കുറിച്ചുള്ള എല്ലാ ചിന്തകള്‍ക്ക് മുമ്പിലും വലിയ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് വര്‍ത്തമാന കാലലോകം.

ഇത്തരം മുലാളിത്ത കുഴപ്പങ്ങളെ ഉപയോഗിച്ച് തൊഴിലാളി വര്‍ഗ്ഗത്തിന്റെയും ജനങ്ങളുടേയും പ്രതിരോധം വളര്‍ത്തി പുതിയ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയേണ്ടവരാണ് ഇടതുപക്ഷം. പക്ഷേ ലോകത്ത് ഒരിടത്തും അതിന് ശേഷിയുള്ള വ്യവസ്ഥാപിത ഇടതു പാര്‍ട്ടികള്‍ ഇപ്പോള്‍ നിലവിലില്ല. സോവിയറ്റ് യൂനിയന്‍ ഉള്‍പ്പെടെയുള്ള പഴയ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ച ആ രാജ്യങ്ങളെ മാത്രമല്ല പ്രതിസന്ധിയിലാക്കിയത്. കേന്ദ്രീകൃത ഘടനകളുള്ള എല്ലാ ലെനിനിസ്റ്റ് പാര്‍ട്ടികളേയും അത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒരു തരത്തിലുള്ള വിപ്ലവമുന്നേറ്റങ്ങള്‍ക്കും മുന്നണിപ്പടയായി നിലകൊള്ളാനുള്ള ശേഷി അവര്‍ക്കിന്നില്ല.

ലോകമാകെ പുതിയ രൂപവും ഭാവവും ഉള്ള ജനാധിപത്യ ഇടതുപക്ഷം രൂപം കൊള്ളുകയും ശക്തിപ്പെടുകയും ചെയ്യുന്നുണ്ട്. കീഴാള വിഭാഗങ്ങളുടെ വിമോചന പ്രസ്ഥാനങ്ങള്‍, പരിസ്ഥിതിപ്രസ്ഥാനങ്ങള്‍, ലിംഗനീതി പ്രസ്ഥാനങ്ങള്‍, ജാതിവിരുദ്ധപ്രസ്ഥാനങ്ങള്‍, ഗോത്രവിമോചന പ്രസ്ഥാനങ്ങള്‍, തൊഴിലാളി കര്‍ഷക പ്രസ്ഥാനങ്ങള്‍ തുടങ്ങി ധാരാളം മുന്നേറ്റങ്ങള്‍ ലോകത്താകെ സംഭവിക്കുന്നുണ്ട്. പക്ഷേ മുതലാളിത്ത പൊതുകുഴപ്പത്തെ ഒരു വിപ്ലവ മുന്നേറ്റമാക്കി വികസിപ്പിച്ച് മുതലാളിത്തത്തെ തകര്‍ക്കുന്നതിലേക്കും സോഷ്യലിസ്റ്റ് പുരോഗമന മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും വികസിപ്പിക്കാനുള്ള ശേഷിയിലേക്ക് ഇവയൊന്നും നിലവില്‍ മുന്നേറിയിട്ടുമില്ല . ഇത്തരമൊരു സാഹചര്യത്തില്‍ വേണം കേരളത്തിലും ഇന്ത്യയിലും ഉള്‍പ്പെടേ ലോകത്താകമാനം ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്ന വലത് തീവ്രവാദരാഷ്ട്രീയത്തിന്റെ ഇടപെടലുകളെ വിലയിരുത്താന്‍.

അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും ഫാസിസ്റ്റ് സ്വരൂപങ്ങള്‍ ആര്‍ജിച്ചതുമായ ഈ വലത് തീവ്രവാദരാഷ്ട്രീയത്തിന്റെ നിലനില്‍പ്പും അങ്ങേയറ്റം പ്രതിസന്ധിയിലാണ്. ഒരുപക്ഷേ ചുരുങ്ങിയ കാലത്തേക്ക് അധികാരത്തെ നിയന്ത്രിക്കാനും ജനാധിപത്യം മുതലായ ആധുനിക മൂല്യങ്ങളെ ഞെരുക്കാനുമൊക്കെ ഇവര്‍ക്ക് കഴിഞ്ഞെന്ന് വരും. പക്ഷെ ജനങ്ങളുടെ ഭൗതിക ജീവിതവുമായി ബന്ധപ്പെട്ട ഒന്നിനും പരിഹാരം കാണാന്‍ ഇവര്‍ക്ക് കഴിയില്ല എന്ന് മാത്രമല്ല ജനജീവിതം അത് കൂടുതല്‍ കൂടുതല്‍ അരക്ഷിതമാക്കിതീര്‍ക്കുകയാണ് ചെയ്യുന്നത്. അഴിമതിയിലൂടെ പൊതുസമ്പത്ത് കവരാനുള്ള പ്രവണതകള്‍ ശക്തിപ്പെടുന്നതിനനുസരിച്ച് ജനകീയ രോഷം അണപൊട്ടി ഒഴുകുകയും ചെയ്യും.

ഉള്ളടക്കത്തില്‍ ജനാധിപത്യപരമായതും, പുരോഗമന കാഴ്ചപ്പാടുകളോടു കൂടി ചരിത്രത്തെയും കാലത്തേയും നോക്കികാണുന്ന ശാസ്ത്രീയ ചിന്തയിലധിഷ്ടിതമായ പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ നിലവിലുള്ള സങ്കീര്‍ണമായ ലോകസാഹചര്യങ്ങളെ മറികടക്കാനുള്ള കരുത്ത് ആര്‍ജിക്കാന്‍ കഴിയൂ. വിശാലമായ ജനകീയ ഐക്യം ഊട്ടി ഉറപ്പിക്കുക എന്നതായിരിക്കണം അടിയന്തിര കടമ.

എന്‍.വി ബാലകൃഷ്ണന്‍
രാഷ്ട്രീയ നിരീക്ഷകന്‍