ശമ്പളവര്‍ധനവ് ഈ മാസം; മുഖ്യമന്ത്രിയുടെ ഉറപ്പില്‍ നഴ്‌സുമാര്‍ കൂട്ട അവധി സമരം പിന്‍വലിച്ചു
Kerala
ശമ്പളവര്‍ധനവ് ഈ മാസം; മുഖ്യമന്ത്രിയുടെ ഉറപ്പില്‍ നഴ്‌സുമാര്‍ കൂട്ട അവധി സമരം പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th March 2018, 5:16 pm

തിരുവനന്തപുരം: ശമ്പളവര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നാളെ മുതല്‍ നടത്താനിരുന്ന കൂട്ട അവധി സമരം പിന്‍വലിച്ചു. ശമ്പളവര്‍ധനവ് ഈ മാസം കൊണ്ട് നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം തുടരുമെന്നും സംഘടന നേതാക്കള്‍ പറഞ്ഞു.

നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള നിരക്ക് ഉള്‍പ്പെടുത്തിയുള്ള ശമ്പളപരിഷ്‌കരണ ഉത്തരവ് മാര്‍ച്ച് 31നകം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. യു.എന്‍.എ പ്രതിനിധികള്‍ നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളിലെ 62,000 നഴ്‌സുമാര്‍ നാളെ ആരംഭിക്കാനിരുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് യു.എന്‍.എ വെള്ളിയാഴ്ച അറിയിച്ചിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ശനിയാഴ്ച ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുക്കാത്തതിനാല്‍ പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം 10നായിരുന്നു നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ പല സ്വകാര്യ ആശുപത്രികളും ഇത് നടപ്പിലാക്കിയിട്ടില്ല.