എഡിറ്റര്‍
എഡിറ്റര്‍
ഡോ.എസ് ബലരാമിന് നഴ്‌സുമാരുടെ അന്ത്യാജ്ഞലി
എഡിറ്റര്‍
Tuesday 18th June 2013 10:22am

dr-s-balaraman

കൊല്ലം:  മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. എസ് ബലരാമിന് നഴ്‌സുമാരുടെ അന്ത്യാഞ്ജലി.
Ads By Google

തൊഴില്‍ ചൂഷണവും പീഡനങ്ങളും നേരിട്ടിരുന്ന  കേരളത്തിലെ നഴ്‌സുമാരുടെ പതിറ്റാണ്ടുകളായുള്ള ദുരിതജീവിതം പൊതു സമൂഹത്തിന്റെകൂടി പ്രശ്‌നമായി കാണുകയും പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാറിന്   സമര്‍പ്പിക്കുകയും ചെയ്ത ഡോ.എസ് ബലരാമന്റെ നിര്യാണത്തില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യു.എന്‍.എ) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

യു.എന്‍.എയുടെ പ്രക്ഷോഭത്തെയും ആവശ്യങ്ങളെയും പരിഗണിച്ചാണ് ഡോ.എസ് ബലരാമിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നഴ്‌സുമാരുടെ പ്രശ്ങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത്.

യു.എന്‍.എ വിവിധ ഘട്ടങ്ങളില്‍ ചൂണ്ടിക്കാട്ടിയ ഗൗരവമേറിയ തൊഴില്‍ചൂഷണവും മാനേജ്‌മെന്റുകളുടെ ക്രൂരമായ പീഡനങ്ങളും ബലറാം കമ്മിറ്റി കണ്ടെത്തുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു.

അടിമകളെപോലെ പണിയെടുത്തിരുന്ന കേരളത്തിലെ നഴ്‌സുമാര്‍ക്ക് സമൂഹത്തില്‍ ഉന്നതമായ പരിഗണന ഉണ്ടാക്കി തന്നതില്‍ ഡോ.എസ് ബലറാമിനുള്ള പങ്ക് സ്മരണീയമാണ്.
എക്കാലത്തും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും തിരുത്തലുകളും യു.എന്‍.എയ്ക്ക് ലഭിച്ചിട്ടുണ്ട്.

ബലറാം കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണയ്‌ക്കെടുത്ത സ്വകാര്യ ആശുപത്രി വ്യവസായ സമിതിയില്‍പോലും അദ്ദേഹത്തിന്റെ ഇടപെടലുകളെ വിമര്‍ശിക്കാനാളുണ്ടായിട്ടുണ്ടെന്നും യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷ പറഞ്ഞു.

മാനേജ്‌മെന്റുകളെ നിലയ്ക്കുനിര്‍ത്താന്‍ അദ്ദേഹം കാണിച്ച ആര്‍ജവം സര്‍ക്കാരിലേക്കും പകര്‍ന്നുനല്‍കാനും  ഏറെ പരിശ്രമിച്ചിട്ടുണ്ട്.

നഴ്‌സിങ് മേഖലയില്‍ താന്‍ കണ്ടെത്തിയ പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇരുവിഭാഗത്തിനും ദോഷകരമല്ലാത്ത നിര്‍ദേശങ്ങളാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇത് നടപ്പാക്കുന്നതിനു  വേണ്ടിയും അവസാനനാള്‍  വരെ പരിശ്രമിച്ച ഡോ.എസ് ബലരാമിന്റെ നിര്യാണം നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം രക്ഷിതാവിനെ നഷ്ടപ്പെട്ടതുപോലെയാണെന്നും  ജാസ്മിന്‍ഷ കൂട്ടിച്ചേര്‍ത്തു.

ഡോ.എസ് ബലറാമിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കേരളത്തില്‍ മൂന്ന് ദിവസം ദുഃഖാചരണം നടത്താന്‍ യു.എന്‍.എ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ്  അറിയിച്ചു. തിരുവനന്തപുരത്തും ആലപ്പുഴയിലും നടക്കുന്ന ആംബുലന്‍സ് നഴ്‌സുമാരുടെ സമരങ്ങളില്‍ കറുത്ത ബാഡ്ജ് ധരിക്കാനും  വാ മൂടിക്കെട്ടി മൗനം  ആചരിക്കാനും തീരുമാനിച്ചതായും സംസ്ഥാന കമ്മറ്റി അറിയിച്ചു.

Advertisement