'സംരക്ഷിക്കണം'; കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ പുതിയ ഭീഷണികള്‍, നുപുര്‍ ശര്‍മ വീണ്ടും സുപ്രീം കോടതിയില്‍
national news
'സംരക്ഷിക്കണം'; കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ പുതിയ ഭീഷണികള്‍, നുപുര്‍ ശര്‍മ വീണ്ടും സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th July 2022, 7:48 pm

ന്യൂദല്‍ഹി: അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മ വീണ്ടും സുപ്രീം കോടതിയില്‍. കോടതി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നുപുര്‍ ശര്‍മ കോടതിയെ സമീപിച്ചിരിക്കുന്നത്.

അറസ്റ്റ് തടയണമെന്നും നുപുര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു. ഹരജി കോടതി നാളെ പരിഗണിക്കും

പ്രാവചകനെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ നുപുര്‍ ശര്‍മയ്‌ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമായിരുന്നു.

ടൈംസ് നൗ ന്യൂസില്‍ നടന്ന ചര്‍ച്ചയിലായിരുന്നു നുപുര്‍ സര്‍മ പ്രവാചകനെതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ പാര്‍ട്ടി നേതൃത്വം ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

പ്രാവചക നിന്ദ നടത്തിയ നുപുര്‍ ശര്‍മയ്‌ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും ബി.ജെ.പിക്കും അവര്‍ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

തനിക്കെതിരായ കേസുകള്‍ ഒന്നായി ദല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നുപുര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അതിരൂക്ഷമായായിരുന്നു സുപ്രീം കോടതി നുപുര്‍ ശര്‍മയ്ക്ക് മറുപടി നല്‍കിയത്.

രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണം നുപുര്‍ ശര്‍മയാണെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി നുപുറിനോട് ആവശ്യപ്പെട്ടിരുന്നു.

പ്രവാചകനെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും അതിന് ശേഷം രാജ്യത്ത് നടന്ന എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും കാരണം നുപുര്‍ ശര്‍മയാണെന്നും സുപ്രീം കോടതി പ്രതികരിച്ചു. ഗ്യാന്‍വാപി വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ചാനല്‍ ചര്‍ച്ചയില്‍ പോയി എന്തിന് വിഷയം ചര്‍ച്ച ചെയ്തുവെന്നും കോടതി ചോദിച്ചു.

മതത്തോടുള്ള പ്രതിബദ്ധതയല്ല ചര്‍ച്ചയ്ക്ക് പോയതിന്റെ കാരണം, മതസ്പര്‍ധ പടുത്തുവിടലാണെന്നും കോടതി പറഞ്ഞു.

Content Highlight: Nupur sharma again in supreme court seeking protection from arrest