സമരം ചെയ്ത കന്യാസ്ത്രീകളുടെ സംരക്ഷണം സര്‍ക്കാരിന്റെ ബാധ്യതയാണ്
Nun abuse case
സമരം ചെയ്ത കന്യാസ്ത്രീകളുടെ സംരക്ഷണം സര്‍ക്കാരിന്റെ ബാധ്യതയാണ്
എം.എസ് സജി
Thursday, 17th January 2019, 9:08 pm

മതങ്ങള്‍ മനുഷ്യത്വത്തില്‍ നിന്നകലുകയും അതിന്റെ നേതൃത്വങ്ങളില്‍ ആത്മീയതയും ധാര്‍മികതയും ഇല്ലാത്തവര്‍ എത്തിപ്പെടുകയും ചെയ്താല്‍ ഉണ്ടാവുന്ന ദുരന്തം ഏതു സമൂഹത്തിലും താങ്ങാവുന്നതിലും അപ്പുറമാണ് വിശേഷിച്ചു നമ്മുടേത് പോലുള്ള മതാന്ധമായ ഒരു സമൂഹത്തില്‍. ഒട്ടനവധി സമരങ്ങള്‍ക്ക് നൂറ്റാണ്ടുകളായി സാക്ഷ്യം വഹിച്ചതാണ് കേരള സമൂഹം. രാഷ്ട്രീയ കാരണങ്ങളാലും, ജാതിമതാടിസ്ഥാനത്തിലും, സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും അധസ്ഥിത വിഭാഗ- ങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടേയുമൊക്കെ വിമോചനത്തിന് വേണ്ടിയുമൊക്കെ ഒട്ടനവധി ചെറുത്ത് നില്‍പുകള്‍ ചരിത്രം കണ്ടിട്ടുണ്ട്.

എന്നാല്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കുറച്ചു കന്യാസ്ത്രീകള്‍ നേതൃത്യം നല്‍കിയ എറണാകുളത്തെ സമരം. ക്രിസ്തീയ സഭയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത ആധിപത്യവും തന്മൂലം വന്നു ചേര്‍ന്ന ജനാധിപത്യ വിരുദ്ധസ്വഭാവവും ലോകത്തു പല ദുരന്തങ്ങളും പല കാലങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരെ ശബ്ദമുയത്തിയ പലരും നിശ്ശബ്ദരാക്കപ്പെട്ടിട്ടുമുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് രൂപപ്പെട്ടു വന്ന വിമോചന ദൈവശാസ്ത്രം എന്ന ആത്മീയ-രാഷ്ട്രീയധാരയെ സഭ ഇല്ലാതാക്കിയതെങ്ങിനെയെന്ന് നാം കണ്ടു.

 

തന്നെ പലതവണ ഒരു ബിഷപ്പ് റേപ്പ് ചെയ്തു എന്നാരോപിച്ച് അയാളുടെ കീഴിലുള്ള ഒരു കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ നിന്നാണല്ലോ എറണാകുളത്തെ കന്യാസ്ത്രീ സമരം ആരംഭിക്കുന്നതും, അതിനു കേരളം സമൂഹത്തില്‍ നിന്നും കക്ഷി രാഷ്ട്രീയ ഭേതമന്യേ പിന്തുണ ലഭിക്കുന്നതും. ഒരു റേപ്പ് കേസിലെ പ്രതിക്ക് കിട്ടാവുന്നതിലധികം “വിട്ടുവീഴ്ചകളും സൗജന്യങ്ങളും” നല്‍കിയ ശേഷം ഗത്യന്തരമില്ലാതെയാണ് ഭരണകൂടം അയാളെ അറസ്റ്റ് ചെയ്യുന്നത്. മതമേധാവികളും രാഷ്ട്രീയപാര്‍ട്ടികളും തമ്മിലുള്ള ലജ്ജാകരമായ കൂട്ടുകെട്ടിന്റെ മറ്റൊരു ഉദാഹരണം.

 

ലോകചരിത്രത്തില്‍ ആദ്യമായി കന്യാസ്ത്രീകള്‍ തെരുവിലങ്ങി പ്രതിഷേധങ്ങള്‍ നടത്തി ഒരു സമൂഹത്തിന്റെ പിന്തുണയാര്‍ജിക്കുമ്പോള്‍ അവര്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല, മതമേധാവികള്‍ കൂടുതല്‍ രൗദ്രതയോടെ പിന്നീട് അവരെ വേട്ടയാടുമെന്ന്. ആ സമരത്തെ മുന്നില്‍ നിന്ന് നയിച്ച സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കും ജോസഫൈനെ ജാര്‍ഖണ്ഡിലേക്കും അല്‍ഫിയെ ബിഹാറിലേക്കും അന്‍സിറ്റയെ കണ്ണൂരിലേക്കും മാറ്റിയതായി അവരുടെ സുപ്പീരിയര്‍ ജനറല്‍ ഉത്തരവ് നല്‍കി.

 

ഒരു പ്രതിയെ രക്ഷിക്കാന്‍ വേണ്ടി നീതിരഹിതമായും, ജനാധിപത്യ വിരുദ്ധമായും, എന്തും പ്രവര്‍ത്തിച്ചുകളയാം എന്ന് ചിന്തിക്കുന്നത് പൊതു സമൂഹത്തിനു പുല്ലുവില കൊടുക്കുന്നത് കൊണ്ടും മതസ്ഥാപനങ്ങളില്‍ വന്നുചേര്‍ന്നിട്ടുള്ള ധന-അധികാര പ്രമത്തത സൃഷ്ടിക്കുന്ന അന്ധകാരം കൊണ്ടുമാണ്. ഈ കേസിലെ തന്നേ ഒരു പ്രധാന സാക്ഷിയായിരുന്ന ഫാദര്‍ കുര്യക്കോസ് കാട്ടുതറ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് പഞ്ചാബില്‍ വെച്ച് തന്നെയാണ്. ബൈബിള്‍ പഞ്ചാബിഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും ധാരാളം മതഗ്രന്ഥങ്ങള്‍ എഴുതുകയും ചെയ്ത ഫാദര്‍ കുര്യാക്കോസ് മരിച്ചത് സംശയാസ്പദമായാണ് എന്നാരോപിച്ചതു അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ തന്നെയാണ്.

ഏതായാലും റേപ്പ് കേസിലെ “മുടിചൂടാമന്നനായ” പ്രതി ജാമ്യം കിട്ടി തന്റെ സാമ്രാജ്യമായ പഞ്ചാബില്‍ തിരിച്ചെത്തിയതിനു ശേഷമാണ് ഈ മരണം എന്നുള്ളത് ദുരൂഹതയുണ്ടാക്കുന്നു. കൊലപാതകമാണോ, അതോ ഭയം കൊണ്ടും ആധികൊണ്ടും പ്രതിയുടെ സര്‍വവിധ ശക്തിയിലും അടിമപ്പെട്ടു മരിച്ചു പോയതാണോ എന്നതും നിഗൂഢമാണ്. ഈ പ്രതി വിഹരിക്കുന്ന സംസ്ഥാനത്തേക്കാണ് ഈ സമരത്തെ നയിച്ച ചെറുപ്പക്കാരിയായ സിസ്റ്റര്‍ അനുപമയെ ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത് !

ഫാദര്‍ കുര്യക്കോസ് കാട്ടുതറ

കേരളത്തിലെ സാധാരണ കുടുംബത്തില്‍ നിന്ന് വരുന്ന കന്യാസ്ത്രീകള്‍ പഞ്ചാബിലും, ബിഹാറിലും, ജാര്‍ഖണ്ഡിലും, മറ്റും ജീവിക്കേണ്ടി വരുമ്പോള്‍ അനുഭവിക്കുന്ന നിസ്സഹായാവസ്ഥ നമുക്ക് ഊഹിക്കാം. കൂടാതെ അതിശക്തനായ ഒരു വ്യക്തി, റേപ്പ് കേസില്‍ പ്രതിയായതിനുള്ള പ്രതികാരത്തോടെ തങ്ങളെ വേട്ടയാടാന്‍ സാധ്യതയുള്ള അവസ്ഥയില്‍ വിശേഷിച്ചും. സമൂഹവും, സമൂഹമനഃസാക്ഷിയും, ധാര്‍മികതയും, നീതിബോധവും, ഒന്നും സഭാ മേലധ്യക്ഷന്മാര്‍ക്കു പ്രശ്‌നമല്ലാതായി മാറിയിരിക്കുകയാണ്. അവര്‍ എന്തും പ്രവര്‍ത്തിക്കും, ആരെയും ഭയപ്പെടുത്തും. അരമനകളും പള്ളികളും ഈശ്വരസാന്നിധ്യമില്ലാത്ത വെറും കെട്ടിടങ്ങള്‍ മാത്രമായി മാറ്റുന്നു, മത മേലധ്യക്ഷന്മാരും അധികാര കേന്ദ്രങ്ങളും. ആധ്യാത്മിക ഗ്രന്ഥങ്ങള്‍ പറയുന്ന സ്‌നേഹസന്ദേശങ്ങളും അവര്‍ നിരന്തരം വിളിച്ചു പറയുന്ന ക്രിസ്തു എന്ന സ്‌നേഹബിംബത്തില്‍ നിന്നും എത്രയോ അകലെയാണ് അവര്‍.

ഇതിനെ ചോദ്യം ചെയ്താല്‍ മതത്തെ എതിര്‍ക്കുകയാണ് എന്നും അപകീര്‍ത്തിപ്പെടുത്തുകയാണ് എന്നുമുള്ള സ്ഥിരം തന്ത്രമാണ് അവര്‍ പുറത്തെടുക്കുന്നത്. സത്യത്തില്‍ മതത്തെ അപമാനിക്കുന്നതും, മത തത്വങ്ങളെ കാറ്റില്‍ പറത്തുന്നതും ആരാണ്? തീര്‍ച്ചയായും അനുസരിക്കാന്‍ മാത്രം പഠിച്ചിട്ടുള്ള പാവം വിശ്വാസികളല്ല, ന്യൂനപക്ഷം മാത്രമാണെങ്കിലും, ബലാത്സംഗം, സാമ്പത്തിക തട്ടിപ്പ് ഭൂമി ഇടപാട് തുടങ്ങിയ എന്ത് കുറ്റകൃത്യങ്ങളും ചെയ്യാന്‍ മടിക്കാത്ത ചില മത മേധാവികളാണ്.

 

അവരാണ് സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ സമ്പത്തും അധികാരവും അധികാരബന്ധങ്ങളും ന്യൂനപക്ഷം വരുന്ന ഈ ക്രിമിനല്‍ ശക്തികളുടെ അധീനതയിലാണ്. ഏതൊരു അധികാര കേന്ദ്രങ്ങളിലുമെന്നപോലെ ഇവരെ ചുറ്റിപറ്റിനടക്കുന്ന അനുചരന്മാരും കൂടി ചേരുമ്പോള്‍ ആത്മീയമായ തകര്‍ച്ച പൂര്‍ണമാവുന്നു. ഇപ്പോഴും ഇതിനെ നിലനിര്‍ത്തുന്നത് അന്ധമായി വിശ്വസിക്കുന്ന അനുസരണയുള്ള ആ കുഞ്ഞാടിന്‍ പറ്റമാണ്, ഭയം കൊണ്ടാണെങ്കിലും.

എന്തായാലും ഇന്ത്യന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ കണ്ട ഏറ്റവും വിവാദമായ കേസുകളില്‍ ഒന്നാണ് ബിഷപ്പ് പ്രതിയായ റേപ്പ് കേസ്. അതിന്റെ ഇരയടക്കമുള്ള പ്രധാന സാക്ഷികളായ സ്ത്രീകളാണ്, ഇപ്പോള്‍ ചില മതമേധാവികളുടെ വേട്ടയാടലിന്നു വിധേയമായിരിക്കുന്നത്. സാക്ഷികളായ കന്യാസ്ത്രീകള്‍ കോടതിമുറികളില്‍ എത്താതിരിക്കുക, തെളിവ് നല്‍കാതിരിക്കുക, തുടങ്ങിയ തന്ത്രങ്ങളാണ് ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നത്. ഇവരുടെ ജീവന്‍ തന്നെ അപകടത്തിലാക്കാവുന്ന ഒരു അവസ്ഥയുണ്ട്. ഈ സന്ദര്‍ഭത്തിലാണ് ഭരണകൂടം അവരുടെ ഉത്തരവാദിത്വം നിറവേറ്റണ്ടത്.

 

ഏതൊരു കേസിലും “ഫെയര്‍ ട്രയല്‍” ഉറപ്പു വരുത്തേണ്ടത് ഭരണകൂട ബാധ്യതയാണ്. ഏറെ വിവാദം സൃഷ്ടിച്ച ഈ കേസില്‍ ഇരയടക്കമുള്ള സാക്ഷികള്‍ക്ക് സുരക്ഷിതത്വം നല്‍കുകയും അവരെ കേരളത്തില്‍ തന്നെ സമ്മര്‍ദ്ദമില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യേണ്ടത് നിഷ്പക്ഷമായ നീതി നടപ്പാക്കലിന് ആവിശ്യമാണ്. ഇത് നടപ്പാക്കേണ്ടത് ഗവണ്‍മെന്റാണ്. തനിക്കു പിന്തുണയും സാമീപ്യവും കൊണ്ട് ധൈര്യവും നല്‍കുന്ന നാല് കന്യാസ്ത്രീകളെ രാജ്യത്തിന്റെ
വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റി ഒറ്റപ്പെടുത്തുകയും, അത് വഴി മാനസിക സംഘര്‍ഷത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്ന റേപ്പിന് ഇരയായ ഒരു സ്ത്രീയുടെ, അതും ഒരു കന്യാസ്ത്രീയുടെ മാനസികാവസ്ഥ ഗവണ്‍മെന്റ് മനസ്സിലാക്കേണ്ടത് സമൂഹത്തിന്റെ മൊത്തം ധാര്‍മികതയുടെയും നിലനില്‍പിന് ആവശ്യമാണ്.

മതില്‍ കെട്ടുമ്പോലെ പണചിലവൊന്നും ഇല്ലാത്ത കാര്യമാണല്ലോ ഇത്. നിസ്സഹായരായ കുറെ സ്ത്രീകളുടെ നിലവിളികള്‍ ഭരണകൂടം ശ്രവിക്കും എന്ന് പ്രതീക്ഷിക്കാം. അതിനേക്കാള്‍ മുകളിലാണ് മതമേധാവികളുടെ സ്വാധീനവും ബന്ധങ്ങളുമെങ്കില്‍ വരാനിരിക്കുന്ന “നീതി” കാലത്തിനും വിടാം. ആഡംബരത്തിലും അധികാരത്തിലും തിമിര്‍ക്കുന്ന മതമേധാവികള്‍ ബൈബിള്‍ വായിക്കുന്നവരാണെങ്കില്‍ ലൂക്കായുടെ സുവിശേഷം എട്ടാം അധ്യായം മുപ്പത്തിനാലാം വാക്യം ഓര്‍മ്മിക്കുന്നത് നല്ലത്. “ഒരുവന്‍ ലോകം മുഴുവന്‍ നേടിയിട്ടും തന്റെ ആത്മാവ് നഷ്ടപ്പെടുത്തിയാല്‍ എന്ത് ഫലം” ?