സ്‌നേഹവും മറ്റു പ്രലോഭനങ്ങളും വഴി മതപരിവര്‍ത്തനം നടക്കുന്നുണ്ട്; മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കരുതെന്നും എന്‍.എസ്.എസ്
Kerala
സ്‌നേഹവും മറ്റു പ്രലോഭനങ്ങളും വഴി മതപരിവര്‍ത്തനം നടക്കുന്നുണ്ട്; മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കരുതെന്നും എന്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th September 2021, 2:20 pm

തിരുവനന്തപുരം: കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പിന്റെ ആരോപണത്തില്‍ പ്രതികരിച്ച് എന്‍.എസ്.എസ്. സ്‌നേഹവും മറ്റു പ്രലോഭനങ്ങളും വഴി മതപരിവര്‍ത്തനം നടക്കുന്നുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇത്തരം നടപടികള്‍ക്കെതിരെ സമുദായസംഘടനകള്‍ മുന്‍കരുതലെടുക്കണമെന്നും പക്ഷേ ഇതിനൊന്നും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കരുതെന്നും ഉത്തരവാദികളെ അമര്‍ച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും എന്‍.എസ്.എസ് പ്രസ്താവനയില്‍ അറിയിച്ചു.

മതവിദ്വേഷവും വിഭാഗീയതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന ഇത്തരം പ്രവണതകളെ തൂത്തെറിയാന്‍ ജാതിഭേദമന്യേ കൂട്ടായി ശ്രമിക്കണമെന്നും എന്‍.എസ്.എസ് പ്രസ്താവനയില്‍ പറഞ്ഞു.

ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

വിഷയം വിവാദമായതിന് പിന്നാലെ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.സി.ബി.സിയും പാല രൂപതയും കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപ്പത്രവും രംഗത്തുവന്നിരുന്നു.

കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന് മുന്‍വിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണമെന്നായിരുന്നു കെ.സി.ബി.സിയുടെ പ്രസ്താവന.

എന്നാല്‍ പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. നാര്‍ക്കോട്ടിക്സ് ജിഹാദ് പരാമര്‍ശം സംഘപരിവാര്‍ അജണ്ടയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: NSS Stand on Pala Bishop Narcotic Statement