ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
കര്‍ണ്ണാടക ശബ്ദരേഖ വിവാദം; തന്റെ പേരിലുള്ള എഫ്.ഐ.ആര്‍ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പയുടെ ഹരജി
ന്യൂസ് ഡെസ്‌ക്
Thursday 21st February 2019 7:50am

ബംഗളൂരു: ശബ്ദരേഖാ വിവാദത്തില്‍ തന്റെ പേര് എഫ്.ഐ.ആറില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ഹരജി. കര്‍ണ്ണാടക സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള യെദ്യൂരപ്പയുടെ പദ്ധതികള്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പുറത്തു വിട്ട ശബ്ദരേഖയിലൂടെയായിരുന്നു പുറം ലോകം അറിഞ്ഞത്.

യെദ്യൂരപ്പയുടെ ആവശ്യം കര്‍ണ്ണാടക ഹൈക്കോടതിയിലെ കല്‍ബുര്‍ഗി ബെഞ്ച് പരിഗണിക്കും. കേസില്‍ യെദ്യൂരപ്പ, പ്രീതം ഗൗഡ, ശിവണ്ണ ഗൗഡ, എന്നിവര്‍ ബുധനാഴ്ച ജാമ്യം നേടിയിരുന്നു. ഒരു ലക്ഷം രൂപ കെട്ടിവെച്ചതിനെത്തുടര്‍ന്ന് സിറ്റി സിവില്‍ സ്‌പെഷ്യല്‍ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഗുര്‍മിത്കല്‍ എം.എല്‍.എ നാഗനഗൗഡ കണ്‍കുര്‍ എം.എല്‍.എയുടെ മകന്‍ ശരണഗൗഡയാണ് ശബ്ദരേഖാ വിവാദത്തില്‍ ഇവര്‍ക്കെതിരെ കേസു നല്‍കിയത്.

കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ കൂടിയായ യെദ്യൂരപ്പ ജെ.ഡി.എസ് എം.എല്‍.എ നാഗനഗൗഡ ഖൗണ്ടറിന്റെ മകന്‍ ശരണയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയാണ് വിവാദത്തിനാധാരം. ജെ.ഡി.എസ് എം.എല്‍.എയ്ക്ക് 25 ലക്ഷവും മന്ത്രി സ്ഥാനവും യെദ്യൂരപ്പ വാഗ്ദാനം ചെയ്യുന്നതാണ് ഓഡിയോയിലുള്ളത്.

Also Read കേന്ദ്രസര്‍ക്കാറിന്റെ ഗുരുതര അനാസ്ഥ; പത്തു ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന് പുറത്താക്കമെന്ന് സുപ്രീംകോടതി

എന്നാല്‍ ശബ്ദരേഖ തന്റേതല്ലെന്നായിരുന്നു യെദ്യൂരപ്പയുടെ ആദ്യ പ്രതികരണം. ശബ്ദരേഖ തന്റേതാണെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ ശബ്ദരേഖ തന്റേതു തന്നെയാണെന്ന് യെദ്യൂരപ്പ സമ്മതിച്ചിരുന്നു. എന്നാല്‍ ശബ്ദരേഖയില്‍ പറയുന്ന കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു യെദ്യൂരപ്പയുടെ വാദം.

‘ശരണഗൗഡയുമായി സംസാരിച്ചെന്നത് സത്യമാണ്. എന്നാല്‍ പുറത്തുവിട്ട ശബ്ദരേഖ സംഭാഷണത്തിന്റെ പൂര്‍ണരൂപമല്ല. സ്പീക്കര്‍ രമേശ്കുമാറിന് 50 കോടി വാഗ്ദാനം ചെയ്തെന്നത് സത്യവിരുദ്ധമാണ്. രമേശ് കുമാര്‍ സത്യസന്ധനായ നേതാവാണ്”- എന്നായിരുന്നു യെദ്യൂരപ്പ പറഞ്ഞത്.

Advertisement