എഡിറ്റര്‍
എഡിറ്റര്‍
വാഷിങ്ടണില്‍ 92 ശതമാനം റോഡും മോശം: ശിവരാജ് സിങ് ചൗഹാന്‍
എഡിറ്റര്‍
Monday 30th October 2017 9:03am


ഭോപാല്‍: മധ്യപ്രദേശിലെ റോഡുകള്‍ അമേരിക്കയിലെ റോഡുകളേക്കാള്‍ ഭേദമെന്ന് പറഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പുതിയ പ്രസ്താവനയുമായി രംഗത്ത്. വാഷിങ്ടണിലെ 92 ശതമാനം റോഡുകളും മോശം അവസ്ഥയിലുള്ളതാണെന്നാണ് ശിവരാജ് സിങിന്റെ പുതിയ വാദം.

‘ വാഷിങ്ടണിലെ 92 ശതമാനം റോഡുകളും മോശമാണെന്ന് ഒരു റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ട്’. ഞാന്‍ അമേരിക്കയില്‍ പോയത് മധ്യപ്രദേശിനെ ബ്രാന്‍ഡ് ചെയ്യാനാണ്. അല്ലാതെ ചില മേഖലകളിലെ മോശം റോഡുകളെ ഉയര്‍ത്തി കാണിക്കാനല്ല. കോണ്‍ഗ്രസ് എല്ലാത്തിലും രാഷ്ട്രീയം കാണുകയാണ്’


Read more:   ഗുജറാത്ത് നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്; നിലവില്‍ ഒരു ശതമാനം മാത്രം


ഇന്ത്യയിലെ മാധ്യമങ്ങള്‍ നിഷ്പക്ഷരാണെന്നും അതേ സമയം അമേരിക്കയിലെ മാധ്യമങ്ങള്‍ പക്ഷം ചേരുന്നുണ്ടെന്നും ചൗഹാന്‍ പറഞ്ഞു.

വാഷിങ്ടണില്‍ നടന്ന ഇന്ത്യ യു.സെ് സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ് ഫോറം മീറ്റിങ്ങില്‍ വെച്ചായിരുന്നു യു.എസിലെ റോഡുകളേക്കാള്‍ മികച്ചത് മധ്യപ്രദേശിലെ റോഡുകളാണെന്ന ശിവരാജ് സിങ് ചൗഹാന്‍ നേരത്തെ പറഞ്ഞിരുന്നത്. ‘വാഷിങ്ടണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്രതുടങ്ങിയതിന് പിന്നാലെയാണ് അവിടുത്തെ റോഡുകളേക്കാള്‍ എത്ര മികച്ചതാണ് മധ്യപ്രദേശ് റോഡുകള്‍എന്ന് എനിക്ക് മനസിലായത്’
എന്നായിരുന്നു ചൗഹാന്റെ വാക്കുകള്‍.

6.58 മില്യണ്‍ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലുതും നീളമേറിയതുമായ റോഡ് നെറ്റ് വര്‍ക്കായ യു.സിലെ റോഡുകളെകുറിച്ചായിരുന്നു ചൗഹാന്റെ പ്രസ്താവന.

ഇതേ തുടര്‍ന്ന് ചൗഹാനെ ട്രോളിക്കൊണ്ടുള്ള ചിത്രങ്ങളും കമന്റുകളുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. 2016 ആഗസ്റ്റില്‍ മധ്യപ്രദേശിലെ വെള്ളപ്പൊക്ക ദുരിതബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ചൗഹാനെ ഷൂ നനയാതിരിക്കാനായി സെക്യൂരിറ്റി ജീവനക്കാര്‍ താങ്ങിയെടുത്ത് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്തായിരുന്നു ചിലര്‍ ട്രോളിയത്.

Advertisement