ഡാം ബോംബിട്ടു തകര്‍ത്തു; 16000 പേരെ ഒഴിപ്പിച്ചെന്ന് റിപ്പോര്‍ട്ട്; പരസ്പരം കുറ്റപ്പെടുത്തി റഷ്യയും ഉക്രൈനും; വീഡിയോ പുറത്ത്
World News
ഡാം ബോംബിട്ടു തകര്‍ത്തു; 16000 പേരെ ഒഴിപ്പിച്ചെന്ന് റിപ്പോര്‍ട്ട്; പരസ്പരം കുറ്റപ്പെടുത്തി റഷ്യയും ഉക്രൈനും; വീഡിയോ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th June 2023, 5:20 pm

കീവ്: ഉക്രൈനിലെ സപോറിഷ്യ ആണവ നിലയത്തിന് സമീപമുള്ള നോവ കഖോവ്ക അണക്കെട്ട് റഷ്യന്‍ സൈന്യം ബോംബിട്ട് തകര്‍ത്തതായി റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് റഷ്യന്‍ സര്‍ക്കാര്‍ പ്രതികരിച്ചു.

റഷ്യയുടെ അധീനതയിലുള്ള ഉക്രൈന്‍ പ്രദേശത്തായിരുന്നു ഈ അണക്കെട്ട് നിലനിന്നിരുന്നത്. അടുത്ത അഞ്ച് മണിക്കൂറിനകം ഡാമിലെ ജലം ദക്ഷിണ ഉക്രൈനിലുള്ള ജനവാസമേഖലയിലേക്ക് ക്രമാതീതമായ അളവില്‍ ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഉക്രൈനിലെ ഖേഴ്‌സണ്‍ പ്രവിശ്യയുടെ മേധാവി മുന്നറിയിപ്പ് നല്‍കി.

ഈ മേഖലയിലുള്ള 16,000 വരുന്ന ആളുകളോട് ഉടനടി മാറാനും അദ്ദേഹം നിര്‍ദേശം നല്‍കി. കരുതിക്കൂട്ടിയുള്ള പരിസ്ഥിതിയുടെ സര്‍വനാശം (ecocide) ആണ് റഷ്യ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഉക്രൈന്‍ ആരോപിച്ചു. അതേസമയം, ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് (ഉക്രൈന്‍ സേന) റഷ്യ മറുപടി നല്‍കിയിരിക്കുന്നത്.

റഷ്യക്ക് തിരിച്ചടി നല്‍കാനായി കീവ് ഒരുങ്ങിക്കഴിഞ്ഞെന്നും ഉക്രൈന്റെ കരസേന ബാക്മുത് ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ടെന്നും പ്രതിരോധമന്ത്രി ഒലെക്‌സാണ്ടര്‍ സിര്‍സ്‌കി പറഞ്ഞു. ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയാണ് രാവിലെ ഡാം തകര്‍ത്തെന്ന വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

റഷ്യന്‍ ഭീകരരാണ് ഇതിന് പിന്നിലെന്ന് സെലെന്‍സ്‌കി വിമര്‍ശിച്ചു. ‘കഖോവ്ക ജലവൈദ്യുത നിലയത്തിന്റെ അണക്കെട്ടിന്റെ നാശം, ഉക്രൈന്റെ എല്ലാ കോണുകളില്‍ നിന്നും റഷ്യക്കാരെ പുറത്താക്കണമെന്ന സത്യം ലോകത്തിന് മുന്നില്‍ അരക്കിട്ടുറപ്പിക്കുന്നതാണ്.

ഉക്രൈന്റെ മണ്ണ് ഒരിഞ്ച് പോലും അവര്‍ക്ക് വിട്ടുനല്‍കില്ല. അവര്‍ അത് ഭീകരതയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കുക. വെള്ളമോ മിസൈലുകളോ മറ്റെന്തെങ്കിലുമോ കൊണ്ട് ഉക്രൈനെ തടയാന്‍ തീവ്രവാദികള്‍ക്ക് കഴിയില്ല. ഞാന്‍ ദേശീയ സുരക്ഷാ-പ്രതിരോധ കൗണ്‍സില്‍ വിളിച്ചുകൂട്ടിയിട്ടുണ്ട്,’ സെലെന്‍സ്‌കി പറഞ്ഞു.

ഡാമിലെ വെള്ളം ഒഴുകിപ്പോകുന്നത് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന അപകട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1956ല്‍ സോവിയറ്റ് യൂണിയന് കീഴില്‍ നിപ്രോ നദിക്ക് കുറുകെ നിര്‍മിച്ച അണക്കെട്ടാണിത്.

Content Highlights: Nova Kakhovka dam in Kherson  power plant was destroyed today by russia, ukrain alleges