'എന്റെ വിവാഹം ഇതുവരെ ഉറപ്പിച്ചിട്ടില്ല, കുടുംബങ്ങള്‍ നേരിട്ട് കണ്ട് സംസാരിക്കേണ്ടതുണ്ട്' ; ഇന്ത്യക്കാരിയുമായുള്ള വിവാഹത്തെ കുറിച്ച് ഹസന്‍ അലി
Cricket
'എന്റെ വിവാഹം ഇതുവരെ ഉറപ്പിച്ചിട്ടില്ല, കുടുംബങ്ങള്‍ നേരിട്ട് കണ്ട് സംസാരിക്കേണ്ടതുണ്ട്' ; ഇന്ത്യക്കാരിയുമായുള്ള വിവാഹത്തെ കുറിച്ച് ഹസന്‍ അലി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st July 2019, 8:22 am

ഇസ്‌ലാമാബാദ്: ഹരിയാന സ്വദേശിയായ ഷാമിയ അര്‍സൂ എന്ന യുവതിയെ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിച്ച് പാക് ക്രിക്കറ്റ് താരം ഹസന്‍ അലി. വിവാഹം ഇതുവരെ ഉറപ്പിച്ചിട്ടില്ലെന്നും രണ്ടുപേരുടെയും കുടുംബങ്ങള്‍ പരസ്പരം കാണേണ്ടതുണ്ടെന്നും അലി ട്വീറ്റ് ചെയ്തു.

‘എന്റെ വിവാഹം ഇതു വരെ ഉറപ്പിച്ചിട്ടില്ല. ഞങ്ങളുടെ കുടുംബങ്ങള്‍ പരസ്പരം കണ്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. എന്നിട്ട് എല്ലാ കാര്യങ്ങളും അറിയിക്കാം. ഇന്‍ശാ അല്ലാഹ്’ ഹസന്‍ അലി ട്വീറ്റ് ചെയ്തു.

ദുബായില്‍ സ്ഥിര താമസമാക്കിയ ഒരു സ്വകാര്യ എയര്‍ലൈന്‍ കമ്പനി ജീവനക്കാരിയാണ് ഷാമിയ അര്‍സൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനിലാണ് ഷാമിയ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയതെന്നും ദല്‍ഹിയില്‍ അവര്‍ക്ക് ബന്ധുക്കളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ജിയോ ന്യൂസാണ് ഇരുവരുടെയും വിവാഹം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരുന്നത്. പാകിസ്താനിലെ ബഹാവുദ്ദീന്‍ സ്വദേശിയാണ് ഹസന്‍ അലി. 2016-ലാണ് അലി പാകിസ്താനായി അരങ്ങേറിയത്.

പാകിസ്താന്‍ ഓള്‍റൗണ്ടറായിരുന്ന ഷുഐബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും 2010ല്‍ വിവാഹിതരായിരുന്നു.