എഡിറ്റര്‍
എഡിറ്റര്‍
ഈ കീറത്തുണി നല്‍കി അപമാനിക്കേണ്ടിയിരുന്നില്ല; തെലങ്കാന സര്‍ക്കാര്‍ നല്‍കിയ സൗജന്യസാരി കൂട്ടിയിട്ട് കത്തിച്ച് സ്ത്രീകളുടെ പ്രതിഷേധം
എഡിറ്റര്‍
Tuesday 19th September 2017 12:55pm

തറതുടയ്ക്കാന്‍ പോലും കൊള്ളാത്ത സാരി നല്‍കി ഞങ്ങളെ അപമാനിക്കേണ്ടിയിരുന്നില്ല: തെലങ്കാന സര്‍ക്കാരിന്റെ സൗജന്യ സാരി വിതരണ പദ്ധതിയ്‌ക്കെതിരെ സ്ത്രീകള്‍

തെലങ്കാന: തെലങ്കാന സര്‍ക്കാരിന്റെ സാരിപദ്ധതിക്കെതിരെ വ്യാപകപ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്ത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഒന്നരലക്ഷം സ്ത്രീകള്‍ക്കായിരുന്നു മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ സൗജന്യ സാരി വിതരണം ചെയ്തത്.

എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സാരി ഒട്ടും ഗുണനിലവാരമില്ലാത്തതാണെന്നും സാരിയ്ക്ക് ഉപയോഗിച്ച തുണി തറതുടയ്ക്കാന്‍ പോലും കൊള്ളാത്തതാണെന്നും സ്ത്രീകള്‍ ആരോപിച്ചു. സാരി പദ്ധതിയില്‍ സര്‍ക്കാര്‍ വലിയ അഴിമതി നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ലഭിച്ച സാരി റോഡരികില്‍ കൂട്ടിയിട്ട് കത്തിച്ചും വാഹനം തുടച്ചും വഴിയരികിലെ മാലിന്യകുട്ടയില്‍ നിക്ഷേപിച്ചുമാണ് സ്ത്രീകള്‍ തെലങ്കനയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധിക്കുന്നത്. സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിലായിരുന്നു ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് സൗജന്യ സാരി നല്‍കുന്ന പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.


Dont Miss നോര്‍ക്ക് റൂട്ട്‌സ് കമ്പനിക്ക് കേരളത്തില്‍ വിലക്ക്; വീക്ഷണം പത്രത്തിന്റെ അംഗീകാരവും റദ്ദാക്കി; യൂസഫലിയേയും ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും അയോഗ്യരാക്കി


നവരാത്രി ആഘോഷത്തിനൊപ്പം നടക്കുന്ന ഫോക്ക് ഫെസ്റ്റിവലായ ബതുക്കമ ആഘോഷങ്ങള്‍ക്ക് മുന്നോടിയായിട്ടായിരുന്നു സാരി വിതരണം ചെയ്തത്. 1.05 ലക്ഷം സാരികള്‍ക്കായിരുന്നു സര്‍ക്കാര്‍ ഓര്‍ഡര്‍ കൊടുത്തത്. 222 കോടിയായിരുന്നു ഈ പദ്ധതിയ്ക്കായി മാറ്റിവെച്ചത്. കാര്‍ഷികമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളായിരുന്നു അധികവും സാരിയുടെ ഉപഭോക്താക്കള്‍.

‘ബതുക്കമ്മ ആഘോഷങ്ങള്‍ക്ക് അണിയാനായി നല്ല വസ്ത്രം ധരിക്കുമെന്ന പ്രതീക്ഷയില്‍ ഒരു ദിവസത്തെ ജോലി നഷ്ടപ്പെടുത്തിയാണ് ഞങ്ങള്‍ ക്യൂവില്‍ പോയി നിന്ന് സാരി വാങ്ങിയത്. എന്നാല്‍ ലഭിച്ച പോളിസ്റ്റര്‍ സാരി മോശമാണെന്ന് മാത്രമല്ല ഒട്ടും ഗുണനിലവാരമില്ലാത്തതുമാണ്. അന്‍പതോ അറുപതോ രൂപ മാത്രമേ ഇതിന് വില വരുള്ളൂ. ഈ തുണികൊണ്ട് തറതുടയ്ക്കാന്‍ പോലും കഴിയില്ല. ഒട്ടും നിലവാരമില്ലാത്ത സാരി നല്‍കി മുഖ്യമന്ത്രി തങ്ങളെ ഇത്തരത്തില്‍ അപമാനിക്കേണ്ടിയിരുന്നില്ല- സ്ത്രീകള്‍ പറയുന്നു.


Also Read സ്വന്തം പേര് കോട്ടില്‍ കുത്തി നടക്കുന്നയാള്‍ എന്നതിലുപരി മോദി രാജ്യത്തിന് വേണ്ടി ഒന്നും സമര്‍പ്പിച്ചിട്ടില്ല; ബി.ജെ.പിയില്‍ ചേര്‍ന്നത് തൊഴിലില്ലായ്മ കാരണം: അരുണ്‍ ഷൂരി


തിങ്കളാഴ്ച മാത്രം 25 ലക്ഷം സാരികളാണ് വിറ്റഴിച്ചതെന്ന് ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്റ്റെല്‍സ് ഡയരക്ടര്‍ ഷൈലജ രാമയ്യാര്‍ പറഞ്ഞു. സാരി ഗുണനിലവാരമില്ലാത്തതാണെന്ന ആരോപണം ശരിയല്ലെന്നും പവര്‍ ലൂമില്‍ തയ്യാറാക്കിയ പോളിസ്റ്റര്‍ സാരിയാണ് വിതരണം ചെയ്തതെന്നുമാണ് ഇവരുടെ വാദം.

അതേസമയം ഗുണനിലവാരം പരിശോധിക്കാതെ സാരി വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് പ്രതിപക്ഷവും ആരോപിച്ചു. സര്‍ക്കാരിന്റെ ഈ പദ്ധതി തന്നെ വലിയ അഴിമതിയാണെന്ന് തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് എ. രേവന്ത് റെഡ്ഡി പറഞ്ഞു. ഓരോ സാരിയ്ക്കും 200 രൂപ വിലവരുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ നല്‍കിയ സാരി 50 രൂപ വില വരുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisement