'എന്റെ രാഷ്ട്രീയം അതിനനുവദിച്ചില്ല', മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ നിന്നും ആദ്യം പിന്‍മാറിയത് ഈ യുവനടന്‍
D Movies
'എന്റെ രാഷ്ട്രീയം അതിനനുവദിച്ചില്ല', മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ നിന്നും ആദ്യം പിന്‍മാറിയത് ഈ യുവനടന്‍
ന്യൂസ് ഡെസ്‌ക്
Monday, 19th October 2020, 7:05 pm

ചെന്നൈ: ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ നിന്നും നടന്‍ വിജയ് സേതുപതി പിന്‍മാറിയതിനു പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറുന്നത്.

വിജയ് സേതുപതിക്കു മുന്നേ മറ്റൊരു യുവതാരവും ചിത്രത്തിലേക്കുള്ള ഓഫര്‍ വേണ്ടെന്നു വെച്ചിരുന്നു. അസുരന്‍ എന്ന ധനുഷ്-മഞ്ജുവാര്യര്‍ ചിത്രത്തിലൂടെ പ്രശസ്തനായ ടീജേ അരുണാചലം എന്ന നടനായിരുന്നു മുത്തയ്യ മുരളീധരന്റെ യുവത്വകാലഘട്ടം അവതരിപ്പിക്കാനായി ചിത്രത്തിലേക്ക് തെരഞ്ഞെടുത്തിരുന്നത്.

എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്നാണ് നടന്‍ പറഞ്ഞത്. ചിത്രത്തിലെ രാഷ്ട്രീയവുമായി തനിക്ക് അഭിപ്രായവ്യത്യാസമുള്ളതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് ടീജേ വ്യക്തമാക്കിയത്.

‘ എനിക്കത് നല്ലതായി തോന്നുന്നില്ല. എന്റെ അമ്മ ഒരു ഈലന്‍ തമിഴ് വംശജയാണ്. അന്നത്തെ യുദ്ധത്തില്‍ ഒരുപാട് ക്രൂരതകള്‍ നടന്നിട്ടുണ്ട്. ചിത്രത്തിന്റെ നരേറ്റീവിലെ പൊളിറ്റിക്‌സില്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല,’

വിജയ് സേതുപതി എന്ന നടനെ ഒരുപാട് ആരാധിക്കുന്നതിനാല്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നത് ബുദ്ധിമുട്ടായിരുന്നെന്നും ടീജേ പറയുന്നു.

‘വിജയ് സേതുപതി സാറിനെ ഒരുപാട് ബഹുമാനിക്കുന്നതിനാല്‍ ഇത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. അസുരനിലെ വേല്‍മുരുഗന്‍ എന്ന കഥാപാത്രം തെരഞ്ഞെടുത്തതില്‍ അദ്ദേഹം എന്നെ ഒരുപാട് അഭിനന്ദിച്ചിരുന്നു. സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം സൂക്ഷിക്കാന്‍ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു,’ ടീജേ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിജയ് സേതുപതി ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. പ്രതിഷേധം ശക്തമായ ഘട്ടത്തില്‍ മുത്തയ്യ മുരളീധരന്‍ തന്നെ വിജയ് സേതുപതി ചിത്രത്തില്‍ നിന്നും പിന്‍മാറണമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

‘ വിജയ് സേതുപതി ചില ആളുകളില്‍ നിന്ന് വളരെയധികം സമ്മര്‍ദ്ദം നേരിടുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ആളുകള്‍ എന്നെ തെറ്റിദ്ധരിച്ചതു മൂലം അദ്ദേഹത്തെ പോലെ ഒരു പ്രശസ്ത് നടന്‍ പ്രശ്നങ്ങളില്‍ അകപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഈ ബയോപിക്കില്‍ നിന്നും പിന്‍മാറാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു,’ മുത്തയ്യ മുരളീധരന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

തമിഴ് വംശജര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ശ്രീലങ്കയിലെ ഒരു ക്രിക്കറ്റ് താരത്തെ പറ്റിയുള്ള സിനിമ എന്തിനാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് എന്നാണ് സിനിമയ്ക്കെതിരെ ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം.

അതേസമയം ചിത്രത്തെ അനുകൂലിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അന്തരാഷ്ട്ര ക്രിക്കറ്റ് താരമായ മുത്തയ്യ മുരളീധരനെക്കുറിച്ചുള്ള സിനിമ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്നാണ് ഒരുവിഭാഗം ചോദിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Not Vijay sethupathi, actor Teejay first refused to act in 800