എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എമ്മിന്റെ ചിലവില്‍ ആരേയും വെള്ളപൂശാന്‍ നോക്കേണ്ട: പിണറായി വിജയന്‍
എഡിറ്റര്‍
Sunday 7th October 2012 11:15am

തിരുവനന്തപുരം: ആര്‍.എസ്.എസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍. സി.പി.ഐ.എമ്മിന്റെ ചിലവില്‍ ആര്‍.എസ്.എസ്സിനെ ആരും വെള്ള പൂശേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. സി.പി.ഐ.എമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാമെന്ന ആര്‍.എസ്.എസ് മുഖമാസികയായ കേസരിയില്‍ വന്ന ലേഖനത്തോട് തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

ആര്‍.എസ്.എസ്സിന്റെ പ്രതികാരം മുസ്‌ലീംകളോടാണ്. ഡി.വൈ.എഫ്.ഐക്കാരനോ യൂത്ത് കോണ്‍ഗ്രസുകാരനോ  എന്ന് നോട്ടമില്ല. ചെങ്ങന്നൂരില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ക്രിമിനലുകള്‍ എ.ബി.വി.പിക്കാരനെ കൊലപ്പെടുത്തി. ആര്‍.എസ്.എസ് അതിന് പ്രതികാരം ചെയ്തത് രണ്ട് മുസ്‌ലിം ചെറുപ്പക്കാരെ ആക്രമിച്ചായിരുന്നു. ഒന്ന് യൂത്ത് കോണ്‍ഗ്രസുകാരനും മറ്റേയാള്‍ ഡി.വൈ.എഫ്.ഐക്കാരനും.

മുസ്‌ലിമായതിന്റെ പേരിലാണ് ഇവരെ ആക്രമിച്ചത്. ബോധപൂര്‍വ്വം ഹിന്ദു വര്‍ഗ്ഗീയത പ്രചരിപ്പിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. അവര്‍ എല്ലാക്കാലത്തും ഇതിന് ശ്രമിച്ചിട്ടുണ്ട്. ഹൈന്ദവ ഏകീകരണത്തിന്റെ മറവില്‍ വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു.

പാചകവാതക സിലിണ്ടര്‍ വെട്ടിക്കുറച്ചതിനെതിരെയും ഇന്ധന വില വര്‍ധനക്കെതിരെയും സി.പി.ഐ.എം പ്രക്ഷോഭമാരംഭിക്കുമെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിലിണ്ടറുകള്‍ വെട്ടിക്കുറച്ചതിനെതിരെ അടുത്ത ബുധനാഴ്ച്ച റീഫില്ലിങ്ങ്‌ വിതരണ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തുമെന്നും പിണറായി വിജയന്‍ അറിയിച്ചു.

22000 കോടി രൂപയില്ലാത്തതിനാല്‍ സബ്‌സിഡി എടുത്തു കളഞ്ഞ സര്‍ക്കാര്‍ അഞ്ചരലക്ഷം കോടിയാണ് കോര്‍പറേറ്റുകള്‍ക്ക് ഇളവ് നല്‍കിയത്. വര്‍ഷം 20,25,441 കോടിയാണ് ജനങ്ങള്‍ സര്‍ക്കാരിന് നികുതി നല്‍കുന്നത്. അപ്പോള്‍ 22000 കോടി ഇല്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. ഇത് ജനങ്ങളെ ബോധപൂര്‍വം ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയാണ്.

ജനങ്ങളുടെ അമര്‍ഷം  ഉയരുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഗ്യാസ് ദൗര്‍ലഭ്യവും ഇന്ധനവിലയും ജനജീവിതം ദുസ്സഹമാക്കും. സംസ്ഥാനത്ത് 75 ശതമാനവും പാചകവാതകം ഉപയോഗിക്കുന്നവരാണ്. വര്‍ഷത്തില്‍ സബ്‌സിഡിയോടെ 6 സിലിണ്ടര്‍ മാത്രമാക്കി. 6 സിലിണ്ടര്‍ കൊണ്ട് ഒന്നുമാവില്ലെന്ന് സര്‍ക്കാരിന് അറിയാം. എന്നിട്ടും സബ്‌സിഡിയുള്ള സിലിണ്ടര്‍ വിലയും വര്‍ധിപ്പിച്ചു. പിണറായി വിജയന്‍ പറഞ്ഞു.
സെക്രട്ടറിയേറ്റ് പടിക്കല്‍ കുടുംബശ്രീ സംരക്ഷണസമിതി നടത്തുന്ന സമരം സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.  ജനശ്രീ ഡയറക്ടര്‍ ബാലചന്ദ്രന്റെയും ജനശ്രീ മൈക്രോഫീന്‍ കമ്പനിയുടെയും സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Advertisement