ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാത്തത് വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ്: മാലാ പാര്‍വതി
Film News
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാത്തത് വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ്: മാലാ പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th February 2022, 9:44 am

നാടക മേഖലയില്‍ നിന്നും സിനിമാ രംഗത്തേക്ക് എത്തിയ നടിയാണ് മാലാ പാര്‍വതി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം ശ്രദ്ധേയമായ ഒട്ടനവധി കഥാപത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സാമൂഹിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്ന് പറയാറുള്ള താരം കൂടിയാണ് മാലാ പാര്‍വതി. അതിന്റെ പേരില്‍ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്കും താരം ഇരയായിട്ടുണ്ട്.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ ‘രണ്ട്’ വിഷ്ണു വിശാല്‍ നായകനായ ‘എഫ്.ഐ.ആര്‍’ എന്ന രണ്ട് സിനിമകളാണ് ഏറ്റവും അവസാനമായി മാലാ പാര്‍വതിയുടേതായി പുറത്തിറങ്ങിയത്.

എഫ്.ഐ.ആര്‍ സിനിമയുടെ ഭാഗമായപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം സംസാരിക്കുന്നത്.

സംവിധായകന്‍ മനു വിളിച്ച് എഫ്.ഐ.ആറിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ തനിക്ക് ഇഷ്ടപ്പെട്ടിരുന്നുവെന്നും ഷൂട്ട് ചെയ്യുമ്പോള്‍ പോലും കഥ പൂര്‍ണമായും അറിയില്ലായിരുന്നുവെന്നും മാലാ പാര്‍വതി പറയുന്നു.

‘സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായപ്പോള്‍ സിനിമ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം കണ്ടു. അപ്പോഴാണ് എത്ര മനോഹരമായാണ് ആളുകളെ എന്‍ഗേജ് ചെയ്യിപ്പിക്കുന്ന തരത്തില്‍ മനു സിനിമ ചെയ്തിരിക്കുന്നത് എന്ന് മനസിലായത്. ഇന്ന് ഇന്ത്യയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളെല്ലാം സിനിമയില്‍ പറയുന്നുണ്ട്. എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമയാണ്. പേരുകൊണ്ട് ആളെ വിലയിരുത്തുക കുറ്റവാളിയെപ്പോലെ കാണുക തുടങ്ങിയവയെല്ലാം ഇന്ന് നമുക്ക് ചുറ്റും സംഭവിക്കുന്നുണ്ട്. അതിനെ കുറിച്ചെല്ലാം സിനിമയില്‍ സംസാരിക്കുന്നുണ്ട്,’ താരം പറയുന്നു.

എഫ്.ഐ.ആറിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നുണ്ടെന്നും മാല കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാത്തത് വ്യക്തപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന് താരം പറഞ്ഞു.

‘ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാത്തത് വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ്. എന്റെ അച്ഛന്‍ അസുഖം ബാധിച്ച് അവശതയിലായിരുന്നു. അടുത്തിടെയാണ് അദ്ദേഹം ഞങ്ങളെ വിട്ടുപോയത്. അതുവരെ അദ്ദേഹത്തെ നോക്കിയിരുന്നത് ഞാന്‍ ആയിരുന്നു. അദ്ദേഹത്തിന് വേണ്ടി സമയം മാറ്റിവെക്കേണ്ടി വരുന്നകൊണ്ടാണ് മറ്റ് പരിപാടികളെല്ലാം ഞാന്‍ ഒഴിവാക്കിയത്,” മാല പറഞ്ഞു.

എഫ്.ഐ.ആറില്‍ വിഷ്ണു വിശാലിന്റെ അമ്മയായിട്ടാണ് മാലാ പാര്‍വതി എത്തുന്നത്. ഒരു ത്രില്ലര്‍ സിനിമയായിട്ടാണ് എഫ്.ഐ.ആര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇര്‍ഫാന്‍ അഹമ്മദ് എന്ന കഥാപാത്രമായാണ് വിഷ്ണു എത്തുന്നത്. മനു ആനന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജിമ മോഹന്‍, ഗൗതം വാസുദേവ് മേനോന്‍, റീബ മോണിക്ക ജോണ്‍, റെയ്‌സ വില്‍സണ്‍, റാം സി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.


Content Highlights: Not participating in channel discussions is for personal reasons: Mala Parvati