'സര്‍ക്കാറി'ന്റെ ഉദ്ദേശം കലാപം; വിജയ്‌ക്കെതിരെ നടപടിക്ക് സാധ്യത: വിവാദ രംഗങ്ങള്‍ നീക്കിയേക്കും
Movie Day
'സര്‍ക്കാറി'ന്റെ ഉദ്ദേശം കലാപം; വിജയ്‌ക്കെതിരെ നടപടിക്ക് സാധ്യത: വിവാദ രംഗങ്ങള്‍ നീക്കിയേക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th November 2018, 10:43 am

ചെന്നൈ: മെര്‍സലിന് പിന്നാലെ വിവാദങ്ങളുടെ കുരുക്കില്‍ പെട്ട് വിജയിയുടെ സര്‍ക്കാറും. സര്‍ക്കാര്‍ എന്ന ചിത്രം തമിഴ്‌നാട് സര്‍ക്കാരിനെ അധിക്ഷേപിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധം ശക്തമാകുന്നു. ചിത്രത്തിന്റെ സംവിധായകന്‍ എ.ആര്‍.മുരുകദോസിന്റെ വീട്ടില്‍ ഇന്നലെ രാത്രി പൊലീസ് പരിശോധനയ്‌ക്കെത്തിയിരുന്നു.

വിജയ്‌ക്കെതിരെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയെടുക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also : ശബരിമല തീര്‍ത്ഥാടനത്തില്‍ അനുമതി തേടി പൊലീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 10 നും 50 നും ഇടയിലുള്ള 550 യുവതികള്‍

സമൂഹത്തില്‍ കലാപം അഴിച്ചു വിടാനാണ് “സര്‍ക്കാര്‍” എന്ന ചിത്രത്തിന്റെ ഉദ്ദേശം. ഇത് തുടരാന്‍ അനുവദിക്കില്ല. ഒരു ഭീകരവാദി അക്രമത്തിനു പ്രേരിപ്പിക്കുന്നതിനു തുല്യമാണ് ഈ ചിത്രം ചെയ്യുന്നത്. വിജയിക്കും അണിയറപ്രവര്‍ത്തകര്‍ക്കു നേരേയും ശക്തമായ നടപടി എടുക്കുക തന്നെ ചെയ്യും”. തമിഴ്‌നാട് നിയമമന്ത്രി സി.വി ഷണ്‍മുഖം പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ചിത്രത്തിനെതിരെ മന്ത്രിമാരടക്കം രംഗത്ത് വന്നതോടെയാണ് പ്രതിഷേധം ശക്തമായത്. മധുരയിലും കോയമ്പത്തൂരിലും അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ അക്രമിക്കുകയും ചെയ്തു. ചിത്രത്തിന്റെ നിര്‍മാതാവ് കലാനിധി മാരനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. തിയറ്ററിനു മുന്നില്‍ സ്ഥാപിച്ച വിജയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു.

അതേസമയം ചിത്രത്തിലെ വിവാദ രംഗങ്ങള്‍ ഇന്നു നീക്കിയേക്കുമെന്നു സൂചനയുണ്ട്. ഇതേ രീതിയില്‍ പടം പ്രദര്‍ശിപ്പിക്കുന്നതു ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന് തിയറ്റര്‍ എക്‌സിബിഷന്‍ അസോസിയേഷന്‍ നിര്‍മാതാക്കളെ അറിയിച്ചിരുന്നു.

സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സിനിമാ രംഗത്തെ തന്നെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. പേടിപ്പിച്ചും ആരോപണം ഉന്നയിച്ചും ചിത്രത്തെ വരുതിയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് വിമര്‍ശനം.

വേള്‍ഡ് വൈഡ് കളക്ഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് വെറും രണ്ട് ദിവസം കൊണ്ട് 100 കോടി നേടുന്ന ആദ്യ വിജയ് ചിത്രമാണ് സര്‍ക്കാര്‍.