എഡിറ്റര്‍
എഡിറ്റര്‍
കോഴ്‌സുകള്‍ക്ക് അംഗീകാരമില്ല: വെറ്ററിനറി സര്‍വ്വകലാശാലയ്ക്കു കീഴിലെ അഞ്ചു കോളജുകളിലെ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍
എഡിറ്റര്‍
Saturday 25th November 2017 4:36pm

കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലെ അഞ്ച് സര്‍ക്കാര്‍ കോളേജുകളിലെ കോഴ്‌സുകള്‍ക്ക് യു.ജി.സി യുടെയോ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് റിസേര്‍ച്ച് (ഐ.സി.എ.ആര്‍) ന്റെയോ അംഗീകാരമില്ലാത്തത് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു.

വയനാട് ജില്ലയിലെ പൂക്കോട്, തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചാല്‍, ഇടുക്കി ജില്ലയിലെ കോലാഹലമേട് എന്നിവിടങ്ങളിലെ കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി, പാലക്കാട് തിരുവിഴാം കുന്നിലെ ഏവിയല്‍ സയന്‍സ് ആന്റ് മാനേജ്‌മെന്റ്, തൃശ്ശൂര്‍ ജില്ലയിലെ തുംബൂര്‍മൊഴി കോളേജ് ഓഫ് ഫുഡ് ടെക്‌നോളജി മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് എന്നീ കോളജുകളാണ് സര്‍വ്വകലാശാലക്ക് കീഴിലുള്ളത്.

2013-14ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അന്നത്തെ വി.സി ബി. അശോക് ഐ.എ.എസിന്റെ തീരുമാന പ്രകാരം പുതിയ കോഴ്‌സുകള്‍ കൊണ്ടുവന്നെങ്കിലും ഇതിന് സര്‍ക്കാര്‍ അംഗീകാരം വാങ്ങുകയോ ബജറ്റില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി വാങ്ങിക്കുകയോ ചെയ്തിട്ടില്ല. ‘അംഗീകാരം ഉണ്ടെന്ന് പറഞ്ഞാണ് അഡ്മിഷന്‍ എടുത്തത്. പഠനാവശ്യത്തിനുള്ള മുഴുവന്‍ സൗകര്യവും ഉണ്ടെന്നും പറഞ്ഞിരുന്നു.’ വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി അഖില്‍ പറയുന്നു. അഖില്‍ മാത്രമല്ല അഖിലിനെപ്പോലെ 180ല്‍ പരം കുട്ടികളാണ് വെറ്ററിനറി സര്‍വ്വകലാശാലക്ക് കീഴില്‍ അധികാരികളുടെ വാക്ക് വിശ്വസിച്ച് അഡ്മിഷനെടുത്തത്.

വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും അധികാരികള്‍ക്കുമെല്ലാം എല്ലാ പ്രശ്‌നങ്ങളും അറിയാം, എന്നിട്ടും അവര്‍ മൗനം പാലിക്കുകയും നിസ്സംഗതരാവുകയും ചെയ്യുന്നു. മണ്ണൂത്തിയിലൊഴികെ മറ്റൊരു കോളേജിനകത്തും വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഇല്ല എന്നതും വിദ്യാര്‍ത്ഥികളുടെ സ്ഥിതി ദയനീയമാനെന്നും പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ അധ്യാപകര്‍ തന്നെ പറയുന്നു. എന്നാല്‍ ഇവര്‍ മേലധികാരികള്‍ക്ക് മുന്നില്‍ പ്രശ്‌നങ്ങളെ ഗൗരവത്തോടെ അവതരിപ്പിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് (ബി.എസ്.സി പൗള്‍ട്രി സയന്‍സ്) കോഴ്‌സിനാണ് ഐ.സി.എ.ആറിന്റ അനുമതിയില്ലാത്തത്. അനുമതി ഇല്ല എന്ന മാത്രമല്ല ഇത്തരത്തിലൊരു കോഴ്സ് ഐ.സി.എ.ആര്‍ ന്റെ ലിസ്റ്റില്‍ പോലുമില്ല. ഫൂഡ് ടെക്‌നോളജിയും ഡയറി സയന്‍സും ഐ.സി.എ.ആര്‍ ന്റെ ലിസ്റ്റിലുള്ള കോഴ്‌സുകളാണ്. ആദ്യബാച്ച് പുറത്തിറങ്ങുന്നതോടെ ആ കോഴ്‌സുകള്‍ക്കും കോളേജുകള്‍ക്കും സ്വാഭാവികമായും അനുമതി ലഭിക്കും. അതിന് ആ രീതിയിലുള്ള സര്‍ട്ടിഫിക്കറ്റ് വാല്യുവും കിട്ടും. എന്നാല്‍’ ആവശ്യത്തിന് സ്ഥിരാധ്യാപകരോ പ്രാക്ടിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനോ പരിചിതമാക്കാനോ മതിയായ സൗകര്യങ്ങളൊന്നുമില്ല.’ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അധ്യാപകന്റെ വാക്കുകളാണിത്.

പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്നില്‍ കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് റിസേര്‍ച്ച് (ഐ.സി.എ.ആര്‍) ന്റെ അംഗീകാരം ഉണ്ടെന്ന് പറഞ്ഞാണ് കോളേജ് ഓഫ് ഏവിയല്‍ സയന്‍സ് ആന്റ് മാനേജ്‌മെന്റ് ആരംഭിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടി ഉദ്ഘാടനവും ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ പൗള്‍ട്രി സയന്‍സ് കോളേജ് ആണെന്നു പറഞ്ഞ് വെറ്ററിനറി സര്‍വ്വകലാശാലക്ക് കീഴില്‍ എന്‍ട്രന്‍സ് നടത്തിയാണ് പ്രവേശനം നടന്നത്. ആദ്യ ബാച്ച് അവസാന പഠനം കഴിഞ്ഞ് പുറത്തിറങ്ങാനൊരുങ്ങി നില്‍ക്കുകയാണ്.

കേരളത്തില്‍ എന്നല്ല ഇന്ത്യയിലെ തന്നെ ഏക പൗള്‍ട്രി സയന്‍സ് കോളേജാണ് എന്നതുകൊണ്ട് തന്നെ 30,000 രൂപയാണ് ഒരു സെമസ്റ്ററിന് ഫീസായി വാങ്ങിയത്. പഠനം കഴിഞ്ഞിറങ്ങുമ്പോള്‍ മികച്ച ജോലി സാധ്യതയും ഉറപ്പ് നല്‍കിയിരുന്നു. ഐ.സി.എ.ആര്‍ അംഗീകൃതമാണെന്ന് കാണിക്കാന്‍ ആവശ്യപ്പെട്ടത് പ്രകാരം ബോണഫൈഡ് സര്‍ട്ടിഫിക്കറ്റും വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. ‘അതെല്ലാം വെറുതെ പറഞ്ഞതാണെന്നും ഇത്തരത്തില്‍ ഒരു കോഴ്‌സ് ഐ.സി.എ.ആറിന്റെ ലിസ്റ്റില്‍ പോലും ഇല്ലാ എന്ന് മനല്ലിലായത് ഇപ്പോഴാണ്.’ ഏവിയല്‍ സയന്‍സ് കോളേജിലെ പൗള്‍ട്രി സയന്‍സ് വിദ്യാര്‍ത്ഥിയും, വിദ്യാര്‍ത്ഥി സംഘടനാ നേതാവുമായ നീരജ് പറഞ്ഞു.

തിരുവിഴാംകുന്ന് കോളേജിന് പുറമെ വയനാട്,  പൂക്കോട് കോളേജ് ഓഫ് വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സിലാണ് പൗള്‍ട്രി സയന്‍സ് കോഴ്‌സുള്ളത്. സമാന സാഹചര്യമാണ് അവിടെയും നിലനില്‍ക്കുന്നത്. എന്നാല്‍ പൂക്കോട് കോളേജിനെക്കാളും സൗകര്യങ്ങള്‍ തിരുവിഴാംകുന്നിലെ ഏവിയല്‍ സയന്‍സിലുണ്ട്. പൗള്‍ട്രി സയന്‍സിന്റെ പഠനത്തിനാവശ്യമായ ഫാം, ഹാച്ചറി, ലാബുകള്‍, ഫീഡ് മില്ലും കൂടാതെ ഹോസ്റ്റലും ക്യാന്റീന്‍ സൗകര്യവും ഉണ്ട്. എന്തൊക്കെ ഉണ്ടായാലും അടിസ്ഥാനപരമായി ഉണ്ടാവേണ്ട കോഴ്‌സിന്റെ അംഗീകാരം മാത്രം ഇല്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

15 വര്‍ഷം മുമ്പ് ആരംഭിച്ച ആനിമല്‍ സയന്‍സ് കോളേജിലേക്ക് യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് മുന്‍ വി.സിയുടെ തീരുമാനപ്രകാരം പൗള്‍ട്രി സയന്‍സ് കോഴ്‌സ് കൊണ്ടുവരുന്നത്. 40 പേര്‍ ഇരിക്കേണ്ട സ്ഥലത്തേക്ക് 40 പേരെക്കൂടെകൊണ്ട് വരികയും സ്ഥലപരിമിതിയില്‍ വീര്‍പ്പമുട്ടുകയും ചെയ്തു. എന്നാല്‍ അതിനനുസരിച്ച് അധ്യാപകരെ നിയമിക്കുകയോ, സൗകര്യങ്ങള്‍ ഒരുക്കുകയോ ചെയ്തില്ല. ’16 പേര്‍ സ്ഥിരാധ്യാപകരായി വേണ്ടിടത്ത് നിലവില്‍ ഉള്ളത് രണ്ട് പേര്‍ മാത്രമാണ് ഉള്ളത്. മറ്റു സ്റ്റാഫുകളുടെയും കുറവുണ്ട്. ഒരു ലാബ് ഉണ്ടെങ്കിലും ഡയറി പ്ലാന്റ് ഇതുവരെയും ഇല്ല. പ്രശ്‌നപരിഹാരത്തിനായി നിരവധി തവണ യൂണിവേഴ്‌സിറ്റി അധികാരികളെ കണ്ടിട്ടുണ്ടെങ്കിലും സമരവുമായി രംഗത്തേക്കിറങ്ങും എന്ന് വരുമ്പോള്‍ മാത്രമാണ് താല്‍കാലിക പരിഹാരം കാണാന്‍ വരെ അവര്‍ തയ്യാറാകാറുള്ളൂ.’ പൂക്കോട് കോളേജിലെ വിദ്യാര്‍ത്ഥി ആസിഫ് അലി പറയുന്നു.

 

പരിസ്ഥിതി ദുര്‍ബല പ്രദേശമായ പൂക്കോട് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവുളളതിനാല്‍ പുതിയ കെട്ടിങ്ങള്‍ പണിയാനോ നിലവിലുളള ക്യാമ്പസിനെ വികസിപ്പിക്കാനോ കഴിയില്ല. പരിമിതമായ സ്ഥലത്ത് വീര്‍പ്പമുട്ടുന്ന ക്ലാസുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അടിയന്തിരമായി നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടു വരുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. നിലവിന്‍ തിരുവിഴാംകുന്ന് ഏരിയല്‍ സയന്‍സ് കോളേജില്‍ വിദ്യാത്ഥികള്‍ അനിശ്ചിതകാല സമരത്തിലാണ്. കോളേജിലെ 135 കുട്ടികളും സമരത്തിനിറങ്ങിയിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഇന്നേക്ക് 14 ദിവസം പിന്നിട്ടിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും പറയുന്നതൊക്കെ സത്യമുള്ള കാര്യങ്ങളാണ് എന്നും സമ്മതിക്കുന്ന ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം രാഷ്ട്രീയത്തിന് വേണ്ടി സമരം ചെയ്യുക എന്നല്ലാതെ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടാകാന്‍ വഴിയില്ല എന്നാണ് പറയുന്നത്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പണം ഇപ്പോള്‍ ചിലവഴിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും മാനേജ്‌മെന്റ് അംഗം പറയുന്നു. ‘ഇന്ത്യയില്‍ വേറെ എവിടെയും ഇല്ലാത്ത കോഴ്‌സാണിത്. ഇവിടെ മാത്രം ഉള്ള ഒന്നിനെ ലിസ്റ്റില്‍ ഉള്‍പെടുത്താനോ അതിന് അംഗീകാരം നല്‍കാനോ തയ്യാറാകില്ല.’ എന്നും പേര് വെളിപ്പെടുത്താനാകാത്ത അംഗം പറയുന്നു.

കോഴ്്‌സ് കാലാവധി നാല് വര്‍ഷം ആക്കുക, ഐ.സി.എ.ആര്‍ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക, ആവശ്യമുള്ള തസ്തികകള്‍ സൃഷ്ടിച്ച് പുതിയ നിയമനം നടപ്പാക്കുക, 27-11-2014 ല്‍ തീരുമാനമായ ഡീന്‍ പോസ്റ്റില്‍ ഉടന്‍ നിയമനം നടത്തുക, വിദ്യാര്‍ത്ഥികളില്‍നിന്നും അധികമായ് ഈടാക്കിയ ട്യൂഷന്‍ ഫീസ് തിരിച്ച് നല്‍കുക, അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഏവിയസ് സയന്‍സില്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്.

മറ്റ് യൂണിവേഴ്സ്റ്റികളില്‍ സിന്റിക്കേറ്റ് പോലെയാണ് വെറ്റിനറി സര്‍വകലാശാലയില്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്. അധ്യാപകരെയും അനധ്യാപകരെയും സര്‍ക്കാര്‍ പ്രതിനിധികളെയും വിദ്യാര്‍ത്ഥി പ്രതിനിധികളെയും ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പിലൂടെയാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപം കൊള്ളുന്നത്. മുന്‍ വൈസ് ചാന്‍സലര്‍ക്ക് കീഴില്‍ കൃത്യമായി തിരഞ്ഞെടുപ്പും നടന്നിട്ടില്ല. പീരുമേട് എം.എല്‍.എ ബിജിമോള്‍, കല്‍പ്പറ്റ എം.എല്‍.എ ശശീന്ദ്രന്‍, മാനന്തവാടി എം.എല്‍.എ എന്നിവരടങ്ങുന്നതണ് നിലവിലുണ്ടായിരുന്ന മാനേജ്‌മെന്റ്. ഇവരുടെ തീരുമാന പ്രകാരം 30000 ഉണ്ടായിരുന്ന പൗള്‍ട്രി സയന്‍സിന്റെ ഫീസ് 10000 ആയി കുറക്കുകയും മുന്‍ സെമെസ്റ്ററുകളില്‍ അടച്ച ഫീസ് ബാക്കി തിരിച്ച് നല്‍കുമെന്നും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ഇതുവരേയും ഇതു പാലിക്കപ്പെട്ടിട്ടില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴിലാണ് വെറ്റിനറി സര്‍വ്വകലാശാല വരുന്നത്. അതിനാല്‍ തന്നെ ഭരണ തലത്തില്‍ കൃഷിവകുപ്പിന്റെ കീഴിലായാണ് സര്‍വ്വകലാശാല. നിലവിലെ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറും ധനകാര്യ മന്ത്രി തോമസ് ഐസക്കും വിചാരിച്ചാന്‍ സര്‍ക്കാര്‍ തലത്തില്‍ അനുമതി നല്‍കാനാകുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. മുഖ്യമന്ത്രിക്കും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു.

തിരുവനന്തപുരത്തെയും തുംബൂര്‍മുഴിയിലെയും ക്യാമ്പസിലെ അവസ്ഥ വ്യത്യസ്തമല്ല. മണ്ണൂത്തിയില്‍ പുതുതായി നിര്‍മിക്കുന്ന വര്‍ഗീസ് കുര്യന്‍ കോളേജ് ഫോര്‍ ഡൈറി ആന്റ് ഫുഡ് ടെക്‌നോളജിയിലേക്ക് മാറ്റും എന്ന് പറഞ്ഞാണ് തുംബൂര്‍മുഴിയില്‍ താല്‍കാലിക പ്രവേശനം വാടക കെട്ടിടത്തില്‍ തുടങ്ങുന്നത്. അങ്ങനെ മാറാന്‍ കഴിയില്ല എന്നും അതിന് എം.എല്‍.എയുടെ ഇടപെടല്‍ ഉണ്ട് എന്നും പറയുന്നു. കൂടാതെ 40 ടീച്ചര്‍മാര്‍ വേണ്ടിടത്ത് രണ്ട് സ്ഥിരം അധ്യാപകരടക്കം ഒന്‍പത് പേര്‍ മാത്രമാണ് നിലവിലുള്ളത്. തിരുവനന്തപുരത്താണെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ കമ്പനിയിലെ കെട്ടിടത്തിന്റെ ഒരു നിലയിലാണ് സര്‍വ്വകലാശാല ക്യാമ്പസ് നടക്കുന്നത്. ‘പഠനത്തിനാവശ്യമായ യാതൊരു അന്തരീക്ഷവും ഇവിടെയില്ല. ബേസിക്ക് ഡൈറി പ്ലാന്റ് തുടങ്ങി യാതൊരു അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് അധ്യാപകരുമില്ല.’ തുംബൂര്‍മുഴി ക്യാമ്പസിലെ ഭരത്തും തിരുവനന്തപുരം ക്യാമ്പസിലെ കിരണും പറയുന്നു.

പഠനപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങളും ക്യാമ്പസുകള്‍ക്കകത്ത് ഇല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇടുക്കി കോലാഹലമേടില്‍ ഈ വര്‍ഷമാണ് ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി ആരംഭിച്ചത്. രണ്ട് മാസമായി ക്ലാസ്സുകള്‍ ആരംഭിച്ചെങ്കിലും ഇതുവരേയും പുതിയ ക്യാമ്പസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. നിലവില്‍ സെല്‍ഫിനാന്‍സിങ്ങ് കോളേജായ ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയിലാ് ക്ലാസ്സുകള്‍ നടക്കുന്നത്. സ്ഥിരാദ്യാപകരുടെ കുറവ് ഇവിടെയും ഉണ്ട്.

സര്‍ക്കാരിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുമതി വാങ്ങാതെ തുടങ്ങിയ കോഴ്‌സായതിനാല്‍ സര്‍ക്കാരിന് പുതിയ തസ്തികകള്‍ നിര്‍മിക്കാനോ പി.എസ്.സി വഴി നിയമനം നടത്താനോ ഒരിക്കലും കഴിയില്ല. പിന്നെയുളള മാര്‍ഗം യൂണിവേഴ്‌സിറ്റി സ്വന്തമായി സ്ഥിരം അധ്യാപകരെ വെക്കുക എന്നതാണ്. അതിനുള്ള ശേഷി നിലവില്‍ യൂണിവേഴ്‌സിറ്റിക്കില്ലതാനും. ‘പൗള്‍ട്രി സയന്‍സ് കോഴ്‌സ് തുടങ്ങിയത് ഐ.സി.എ.ആറിന്റെ അംഗീകാരത്തോടെ എന്തെങ്കിലും ചെയ്യുന്നതിന് വേണ്ടിയല്ല. ഒരു വലിയ പൗള്‍ട്രി ഇന്റസ്ട്രിക്ക് ബിസിനസ്സിലും പ്രൊഡക്ഷനിലും അറിവുള്ള കുറച്ച് ഗ്രാജുവേറ്റസിനെ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്. അതില്‍ പരാജയപ്പെട്ടോ എന്നുള്ളതാണ് നോക്കേണ്ടത്. പൈസ അടച്ച കുട്ടികള്‍ക്ക കൃത്യമായ പ്ലേസ്മന്റ് കിട്ടിയോ എന്നുള്ളതാണ് അതിന്റെ പ്രാധാന്യം. മറ്റൊന്നും അംഗീകരിക്കാന്‍ കഴിയുന്നതല്ല.’ പേര് വെളിപ്പെടുത്താനാകാത്ത ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം പറയുന്നു.

ഐ.സി.എ.ആര്‍ ലിസ്റ്റില്‍ പോലും ഇല്ലാത്ത ഒരു കോഴ്‌സിന്റെ ജോലിസാധ്യത എത്രത്തോളമാണെന്ന ആശങ്ക വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ട്. പ്രത്യേകമായി ഒരു ജോലി സാധ്യതയും ഉറപ്പിക്കാനില്ല എന്നുതന്നെയാണ് അധ്യാപകനും പറഞ്ഞത്. വിഷയം എങ്ങിനെ പരിഹരിക്കുമെന്നത് ആര്‍ക്കും അറിവില്ല. നിലവില്‍ ഒന്നും രണ്ടും വര്‍ഷമായി പഠനം നടത്തിക്കൊണ്ടിരിക്കുന്നവരുടെ കാര്യത്തിലും ഒന്നും പറയാനാകുന്നില്ല അധികാരികള്‍ക്ക്. ‘വരും വര്‍ഷങ്ങളില്‍ പുതിയ അഡ്മിഷനെടുത്ത് അപകടത്തിലാക്കാതിരിക്കുകയാണ് നല്ലത്’ എന്നും അധ്യാപകന്‍ പറയുന്നു.

കോഴ്‌സുകള്‍ ഗവണ്‍മെന്റ് അംഗീകാരമില്ലാതെ തുടങ്ങുകയും നടപ്പാക്കുകയും ചെയ്തു എന്ന് കുറ്റപ്പെടുത്തുന്ന വെറ്ററിനറി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും നിലവില്‍ കായിക, യുവജനകാര്യ സെക്രട്ടറിയുമായ ഡോക്ടര്‍ ബി.അശോക് ഐ.എ.എസുമായി ഡൂള്‍ന്യൂസ് ബന്ധപ്പെട്ടപ്പോള്‍ താനിപ്പോള്‍ സംസ്ഥാനത്തിന് പുറത്താണെന്നും വെറ്ററിനറി സര്‍വകലാശാല വിഷയത്തില്‍ പ്രതികരിക്കാന്‍ കഴിയില്ല എന്നുമാണ് അറിയിച്ചത്.

നിരവധി കുട്ടികളുടെ ഭാവിയെ അനിശ്ചിതത്വത്തില്‍ ആക്കിയതിന് അധികാരികള്‍ മാത്രമാണ് ഉത്തരവാദികള്‍. അവര്‍ പറഞ്ഞത് വിശ്വസിച്ച് വലിയ തുക മുടക്കി പഠനം തുടങ്ങി പെരുവഴിയലായ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. ഐ.സി.എ.ആറിന്റെ ലിസ്റ്റില്‍ പോലും ഇല്ലാത്ത ഒരു കോഴ്‌സ് സര്‍വ്വകലാശാലക്ക് കീഴില്‍ സര്‍ക്കാര്‍ അനുമതി ലഭിക്കാതെയും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താതെയും തുടങ്ങി, അതിന് അംഗീകാരമുണ്ടെന്ന് പറഞ്ഞ് എന്‍ട്രന്‍സ് നടത്തി വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കിയത് ഗുരുതരമായ കുറ്റമാണ്. ഈ പിഴവിന് പരിഹാരം കാണേണ്ടത് അധികാരുടെ ഉത്തരവാദിത്തമാണ്.

 

 

Advertisement