പുറത്ത് നിന്നുള്ളവര്‍ക്കും വോട്ടവകാശം; ബി.ജെ.പി കശ്മീരിനെ പരീക്ഷണശാലയാക്കുന്നു, പ്രതിഷേധം ശക്തം
national news
പുറത്ത് നിന്നുള്ളവര്‍ക്കും വോട്ടവകാശം; ബി.ജെ.പി കശ്മീരിനെ പരീക്ഷണശാലയാക്കുന്നു, പ്രതിഷേധം ശക്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th August 2022, 9:13 am

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ പുറത്തുള്ളവര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജമ്മു-കശ്മീര്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഹിര്‍ദേശ് കുമാര്‍ ബുധനാഴ്ച വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ജമ്മു-കശ്മീരിന് പുറത്തുള്ളവര്‍ ഉള്‍പ്പെടെ 25 ലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍ ഉണ്ടാകുമെന്ന് അറിയിച്ചത്.

ജമ്മു-കശ്മീരില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യയിലെ ഏത് സംസ്ഥാനക്കാര്‍ക്കും വോട്ടവകാശത്തിന് അപേക്ഷിക്കാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് ആദ്യമായാണ് സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ജമ്മു-കശ്മീരില്‍ വോട്ടവകാശത്തിന് അവസരമൊരുങ്ങുന്നത്.

1950, 51ലെ ജനപ്രാതിനിധ്യ നിയമമാണ് ഇവിടെ ബാധകമാകുക. ഇതനുസരിച്ച് ജോലി, പഠനം തുടങ്ങിയ ഏത് ആവശ്യത്തിനായി താമസിക്കുന്നവര്‍ക്കും പ്രായപൂര്‍ത്തിയായാല്‍ വോട്ടര്‍പട്ടികയില്‍ പേരുള്‍പ്പെടുത്താന്‍ അപേക്ഷിക്കാം. മറ്റൊരിടത്തും വോട്ടര്‍പട്ടികയില്‍ പേരുണ്ടാകരുതെന്ന് മാത്രമാണ് നിബന്ധന.

നിലവില്‍ ജമ്മു-കശ്മീരില്‍ 76 ലക്ഷം വോട്ടര്‍മാരാണുള്ളത്. 20 മുതല്‍ 25 ലക്ഷം വരെ വരുന്ന പുതിയ വോട്ടര്‍മാര്‍ കൂടി
വരുന്നതോടെ ഇത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. നാല് വര്‍ഷത്തിലേറെയായി ജമ്മു-കശ്മീരില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്ല. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് വിവരം.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം കശ്മീരികള്‍ അല്ലാത്തവര്‍ക്ക് ഇവിടെ ഭൂമി വാങ്ങാനും ഇപ്പോള്‍ വോട്ട് ചെയ്യാനും അവകാശം ലഭിക്കുന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല ഈ മാസം 22ന് സര്‍വകക്ഷി യോഗം വിളിച്ചു. ബി.ജെ.പി ഒഴികെയുള്ള മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ യോഗമാണ് വിളിച്ചത്.

ജമ്മു-കശ്മീരിലെ യഥാര്‍ത്ഥ വോട്ടര്‍മാര്‍ തങ്ങളെ പിന്തുണക്കില്ലെന്ന ഭയം കൊണ്ടാണ് ബി.ജെ.പി പുതിയ വോട്ടര്‍മാരെ പുറത്ത് നിന്ന് ഇറക്കുന്നതെന്നും, ജമ്മു-കശ്മീരിലെ ജനതക്ക് മാത്രമായി വോട്ടവകാശം ലഭിച്ചാല്‍ ബി.ജെ.പിയുടെ ഒരു പദ്ധതിയും നടക്കില്ലെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ബി.ജെ.പി കശ്മീരിനെ പരീക്ഷണശാലയാക്കുകയാണെന്നും ജനങ്ങളുടെ ദൃഢനിശ്ചയത്തെ കീഴടക്കാന്‍ കഴിയാതെ അവര്‍ ഭരണഘടനവിരുദ്ധമായ കുറുക്കുവഴികള്‍ തേടുകയാണെന്നും മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്റുമായ മെഹബൂബ മുഫ്തി ആരോപിച്ചു.

തെരഞ്ഞെടുപ്പ് രംഗത്ത് മാത്രമല്ല പുതിയ തീരുമാനം പ്രത്യാഘാതം സൃഷ്ടിക്കുക. കൂടുതല്‍ യുവാക്കളെ തോക്കെടുപ്പിക്കാനേ ഇത് ഉപകരിക്കൂ. മുസ്‌ലീങ്ങളെ മാത്രമല്ല ദോഗ്രകളെയും, കശ്മീരി പണ്ഡിറ്റുകളെയും ഇത് ബാധിക്കും. നാസി ജര്‍മനിയും ഇസ്രഈലിലും നടത്തിയ മാതൃകയാണ് ബി.ജെ.പി പയറ്റുന്നത്. എന്നാല്‍, അവര്‍ പരാജയപ്പെടുമെന്ന് ഉറപ്പാണെന്ന് മെഹബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തു.

Content Highlight: Non-Locals Allowed To Vote In Jammu and Kashmir