കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്
national news
കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st July 2021, 11:38 am

ഫറൂഖാബാദ്: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദിനെതിരെ ജാമ്യമില്ലാ വാറന്റ്.

ഡോ. സാക്കിര്‍ ഹുസൈന്‍ മെമ്മോറിയല്‍ ട്രസ്റ്റ് നടത്തിപ്പിന് കേന്ദ്ര ധനസഹായമായി ലഭിച്ച 71 ലക്ഷം രൂപ ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് വാറന്റ്.

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ത്യാഗിയാണ് ലൂയിസ് ഖുര്‍ഷിദിനും ട്രസ്റ്റ് സെക്രട്ടറി അഥര്‍ ഫാറൂഖിക്കും എതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ആഗസ്റ്റ് 16 ന് കേസില്‍ വാദം കേള്‍ക്കും.

ഉത്തര്‍പ്രദേശിലെ 17 ജില്ലകളിലെ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വീല്‍ചെയര്‍, ട്രൈസൈക്കിള്‍, ശ്രവണസഹായി എന്നിവ വിതരണം ചെയ്യുന്നതിനായി 2010 മാര്‍ച്ചില്‍ ട്രസ്റ്റിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 71.50 ലക്ഷം രൂപ ഗ്രാന്റ് ലഭിച്ചിരുന്നു.

2012 ട്രസ്റ്റിന്റെ ഭാരവാഹികള്‍ക്കെതിരെ അഴിമതി ആരോപണഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെ 2017 ജൂണില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ലൂസി ഖുര്‍ഷിദിനും അഥര്‍ ഫാറൂഖിക്കിനുമെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. ട്രസ്റ്റിന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു ലൂയിസ് ഖുര്‍ഷിദ്.
കേസിലെ കുറ്റപത്രം 2019 ഡിസംബര്‍ 30 നാണ് സമര്‍പ്പിച്ചത്.

ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകള്‍ വ്യാജമാണെന്നും വികലാംഗരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഗ്രാന്റുകള്‍ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ വ്യാജ മുദ്രകള്‍ ഉപയോഗിച്ചതായും ആരോപണമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:Non-Bailable Warrant Against Congress Leader Salman Khurshid’s Wife