എഡിറ്റര്‍
എഡിറ്റര്‍
‘ഈ രോഗിയായ പശുവിനെ എങ്ങനെ ചികിത്സിക്കാന്‍ കൊണ്ടുപോകും’ സഹായം ചോദിച്ചപ്പോള്‍ മോദിക്കും യോഗിക്കുമൊന്നും മിണ്ടാട്ടമില്ലെന്ന് ലക്‌നൗ സ്വദേശിനി
എഡിറ്റര്‍
Saturday 18th November 2017 8:04am

ലക്‌നൗ: ഗോരക്ഷകരില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെയടക്കം സമീപിച്ചിട്ടും സഹായം ലഭിച്ചില്ലെന്ന് ലക്‌നൗ സ്വദേശിനി ജ്യോതി താക്കൂര്‍. ഏഴുവയസു പ്രായമായ തന്റെ പശുവിനെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോകാനാണ് ജ്യോതി ഇവരുടെ സഹായം തേടിയത്. എന്നാല്‍ ഇതുവരെ തനിക്ക് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജ്യോതി പറയുന്നത്.

മീററ്റില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ഐ.വി.ആര്‍.ഐയിലേക്കു പശുവുമായി പോകാന്‍ ഗോരക്ഷകരെ ഭയന്ന് ഒരു ട്രക്ക് ഡ്രൈവര്‍മാരും തയ്യാറാവാത്തതാണ് ജ്യോതിയ്ക്കു പ്രശ്‌നമായത്. ഇതേത്തുടര്‍ന്ന് നവംബര്‍ 13 മുതല്‍ ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെയും ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയുടെയും ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായുടെയും സഹായം തേടുകയാണ് ജ്യോതി.


Also Read: ‘ജനങ്ങള്‍ റേറ്റിംഗ് കഴിച്ച് വിശപ്പടക്കണോ..?’; മൂഡി റേറ്റിംഗ് കാണിച്ച് മോദി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സീതാറാം യെച്ചൂരി


‘ആരും എനിക്ക് സഹായം ഉറപ്പുനല്‍കിയില്ല. ഞങ്ങള്‍ നിസഹായരാണ്.’ ജ്യോതി പറയുന്നു.

ഒക്ടോബര്‍ 28 മുതലാണ് മോണിയെന്ന ജ്യോതിയുടെ പശു രോഗബാധിതയായത്. ഒരു സ്വകാര്യ വെറ്ററിനറി ഡോക്ടര്‍ മോണിയെ ചികിത്സിച്ചെങ്കിലും രണ്ടുദിവസത്തിനകം പശു തളര്‍ന്നുവീണു. ‘പശുവിനെ സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രിയിലേക്കു കൊണ്ടുപോയി. വലിയ മാറ്റമൊന്നും ഉണ്ടായില്ല. എക്‌സ്‌റേയെടുക്കാനും വിദഗ്ധ ചികിത്സയ്ക്കും സൗകര്യമില്ലാത്തതിനാല്‍ ഐ.വി.ആര്‍.ഐയിലേക്കു കൊണ്ടുപോകാന്‍ അവിടുത്തെ ഡോക്ടര്‍മാരാണ് നിര്‍ദേശിച്ചത്. ‘ ജ്യോതി പറയുന്നു.

എന്നാല്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ ആക്രമിക്കുമെന്ന് ഭയന്ന് പ്രദേശത്തെ ട്രക്ക് ഡ്രൈവര്‍മാരും മറ്റും പശുവിനെ കൊണ്ടുപോകാന്‍ തയ്യാറാവുന്നില്ലെന്നാണ് ജ്യോതി പറയുന്നത്. മീറ്ററിലെ മൃഗസംരക്ഷണ വകുപ്പിന്റെയും മറ്റും സഹായം തേടിയെങ്കിലും ഇവരും കൈമലര്‍ത്തുകയാണുണ്ടായതെന്ന് ജ്യോതി പറയുന്നു.

Advertisement