ബി.ജെ.പിയുമായി യാതൊരു സഖ്യവുമില്ല: മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കുമാരസ്വാമി
Karnataka crisis
ബി.ജെ.പിയുമായി യാതൊരു സഖ്യവുമില്ല: മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കുമാരസ്വാമി
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 9:49 am

ബെംഗളുരു: കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ജെ.ഡി.എസ്, ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നേക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.

കര്‍ണാടക സ്പീക്കര്‍ രാകേഷ് കുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ വ്യാഴാഴ്ച രാത്രിയായിരുന്നു മാധ്യമങ്ങള്‍ ബി.ജെ.പി ജെ.ഡി.എസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ടു ചെയ്തത്. ജെ.ഡി.എസ് നേതാവും ടൂറിസം മന്ത്രിയുമായ സാ റാ മഹേഷും കര്‍ണാടകയില്‍ ബി.ജെ.പിയുടെ ചുമതലയുള്ള മുരളീധര്‍ റാവുവും മുതിര്‍ന്ന എം.എല്‍.എ കെ.എസ് ഈശ്വരപ്പയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു റിപ്പോര്‍ട്ടുകള്‍ വന്നത്.

ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നാണ് കുമാരസ്വാമി പറഞ്ഞത്. ‘ ടൂറിസം മന്ത്രി സാ റാ മഹേഷിന്റെ ബി.ജെ.പി നേതാക്കളുമായുള്ള കാഷ്വല്‍ യോഗത്തിന് വലിയ പ്രാധാന്യമൊന്നും കല്‍പ്പിക്കേണ്ടതില്ല.’ എന്നായിരുന്നു കുമാരസ്വാമിയുടെ ട്വീറ്റ്.

അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ശക്തമാണെന്നും നിയമസഭാ സമ്മേളനം വളരെ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

കുമാരകൃപ ഗൗസ്റ്റ്ഹൗസില്‍വെച്ച് മഹേഷ് യാദൃശ്ചികമായാണ് ഈശ്വരപ്പയേയും മുരളീധര്‍ റാവുവിനേയും കണ്ടത്. അതിന് പ്രത്യേക അര്‍ത്ഥമൊന്നുമില്ലെന്നാണ് ജെ.ഡി.എസിന്റെ ട്വിറ്റര്‍ ഹാന്റിലും പറയുന്നത്.

അതേസമയം തങ്ങളുടെ മൂന്ന് എം.എല്‍.എമാരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജെ.ഡി.എസ് സ്പീക്കര്‍ക്കു കത്ത് നല്‍കിയിട്ടുണ്ട്. രാത്രി മുഴുവന്‍ രാജി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.