മടക്ക ടിക്കറ്റായില്ല, ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫൈനല്‍ ദിവസം വരെ ലണ്ടനില്‍ കഴിയേണ്ടി വരും
ICC WORLD CUP 2019
മടക്ക ടിക്കറ്റായില്ല, ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫൈനല്‍ ദിവസം വരെ ലണ്ടനില്‍ കഴിയേണ്ടി വരും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th July 2019, 9:43 am

ലണ്ടന്‍: ന്യൂസിലാന്റിനോടേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ ലോകകപ്പില്‍ നിന്ന് പുറത്തായ ഇന്ത്യന്‍ ടീമിന് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് ലഭിച്ചില്ല. മാഞ്ചസ്റ്ററിലെ ടീം ഹോട്ടലില്‍ നിന്ന് ഇന്നലെ ഇറങ്ങിയെങ്കിലും ഞായറാഴ്ച വരെ ഇന്ത്യന്‍ സംഘത്തിന് മാഞ്ചസ്റ്ററില്‍ തുടരേണ്ടി വരുമെന്നാണ് സൂചന.

ബി.സി.സി.ഐ ടിക്കറ്റ് തരപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 14ന് ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ഫൈനല്‍ നടക്കുന്ന ദിവസമാവും ടീമിന് മടങ്ങാന്‍ സാധിക്കുക.

ടിക്കറ്റുകള്‍ ലഭിയ്ക്കുന്നതിനനുസരിച്ച് വിവിധ ബാച്ചുകളായി താരങ്ങള്‍ മടങ്ങുമെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ പി.ടി.ഐയോട് പറഞ്ഞു.

രണ്ടാഴ്ച ഇടവേള ലഭിയ്ക്കുന്നതിനാല്‍ എല്ലാ താരങ്ങളും ഇന്ത്യയിലേക്ക് മടങ്ങുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 20ന് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം കഴിഞ്ഞ ഏഴാഴ്ചയായി ഇന്ത്യന്‍ ടീം ഒരുമിച്ചായിരുന്നു.

ഇനി ഇന്ത്യയ്ക്ക് ആഗസ്റ്റ് മൂന്നിന് വെസ്റ്റിന്‍ഡീസിനെതിരെ ട്വന്റി20 പരമ്പരയാണ് ആദ്യമുള്ളത്. ഇതില്‍ രണ്ട് മത്സരങ്ങള്‍ യു.എസിലെ ഫ്‌ളോറിഡയിലാണ്.