| Thursday, 23rd May 2013, 1:05 pm

ചെന്നിത്തലക്ക് ഒരു വകുപ്പും വാഗ്ദാനം ചെയ്തിട്ടില്ല: എം.എം ഹസ്സന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവന്തപുരം: മന്ത്രിസഭയില്‍  രമേശ് ചെന്നിത്തലക്ക് ഒരു വകുപ്പും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസ്സന്‍.
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെ കുറിച്ച് ചര്‍ച്ച നടത്തി. എന്നാല്‍ ഏതെങ്കിലും ഗ്രൂപ്പിന്റെ വക്താവായല്ല താന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയതെന്നും എം.എം ഹസ്സന്‍ വ്യക്തമാക്കി.[]

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരരുതെന്നാഗ്രഹി ക്കുന്നവരാണ് ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തിയത്. തല്‍പ്പര കക്ഷികളാണ് ഇക്കാര്യം കൂടുതല്‍ വഷളാക്കിയതെന്നും ഹസ്സന്‍ കുറ്റപ്പെടുത്തി.

ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന് പ്രത്യക പരിഗണന നല്‍കണമെന്നും, കേരള യാത്രക്ക് ശേഷം ഇക്കാര്യം ചര്‍ച്ച നടത്തണമെന്നാണ് തീരുമാനിച്ചിരുന്നത്, എന്നാല്‍ ബാക്കി ഉണ്ടായതെല്ലാം ദുര്‍വ്യാഖ്യാനങ്ങളും, കെട്ടിച്ചമച്ചതുമാണെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനിടെ ഭരണത്തില്‍ വീതംവെപ്പിന് സാധ്യത നിലനിര്‍ത്തി കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് രംഗത്ത് വന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാറിന്റെ അവസാന രണ്ട് വര്‍ഷം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കവും ഐ ഗ്രൂപ്പ് നടത്തുന്നുണ്ട്.

നേരത്തേ സര്‍ക്കാര്‍ രൂപീകരണ വേളയില്‍ ഇങ്ങനെയൊരു ധാരണയുണ്ടായിരുന്നതായും ഐ ഗ്രൂപ്പ് ഇപ്പോള്‍ അവകാശപ്പെടുന്നുണ്ട്. ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനോട് നേരിട്ട് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

മന്ത്രി പദത്തിന്റെ പേരില്‍ എ ഗ്രൂപ്പ് തന്നെ അപമാനിച്ചുവെന്ന പരാതിയുമായി ചെന്നിത്തല നേരിട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കാനിരിക്കെയാണ് പുതിയ ആവശ്യവുമായി ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗതെത്തിയത്.

ഇന്ന് കൊച്ചിയില്‍ ചേരുന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. നേരത്തേ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല മന്ത്രിയായി വരില്ലെന്ന് ഐ ഗ്രൂപ്പ്  വ്യക്തമാക്കിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി വേണം ഐ ഗ്രൂപ്പിന്റെ പുതിയ നീക്കത്തെ കാണാന്‍. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം യു.ഡി.എഫില്‍ ശക്തമായ ആഭ്യന്തര പോരിന് വഴിവെച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more