മൃതദേഹം സംസ്‌കരിക്കുന്നതിലൂടെ കൊവിഡ് 19 പകരുമെന്നതിന് ശാസ്ത്രീയ തെളിവില്ല: ബോംബെ ഹൈക്കോടതി
national news
മൃതദേഹം സംസ്‌കരിക്കുന്നതിലൂടെ കൊവിഡ് 19 പകരുമെന്നതിന് ശാസ്ത്രീയ തെളിവില്ല: ബോംബെ ഹൈക്കോടതി
ന്യൂസ് ഡെസ്‌ക്
Friday, 22nd May 2020, 4:42 pm

മുംബൈ: കൊവിഡ് 19 മൃതദേഹങ്ങളിലൂടെ പകരുമെന്നതിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് ബോംബെ ഹൈക്കോടതി.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബാന്ദ്രയിലെ കബര്‍സ്ഥാനില്‍ അടക്കം ചെയ്യാന്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി.) നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നല്‍കിയ ഹരജികള്‍ ഹൈക്കോടതി തള്ളി.

ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി ഹരജി പരിഗണിച്ചത്. ഏപ്രില്‍ 14നാണ് പ്രദീപ് ഗാന്ധിയും മറ്റുള്ളവരും ചേര്‍ന്ന് ഹരജി സമര്‍പ്പിച്ചത്.

ബാന്ദ്രയിലെ ശ്മശാനത്തില്‍ കൊവിഡ്-19 ബാധിതരുടെ മൃതദേഹം മറവുചെയ്യുന്നത് സാമൂഹിക വ്യാപനത്തിന് കാരണമാകുമെന്ന് ആരോപിച്ചാണ് പ്രദേശവാസികള്‍ കോടതിയെ സമീപിച്ചത്.

‘മൃതദേഹങ്ങളിലൂടെ കൊവിഡ് 19 പടരുമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. മാത്രമല്ല, ശ്മശാനത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കാന്‍ ബി.എം.സി.ക്ക് പൂര്‍ണ അധികാരമുണ്ട്.

ഹരജിക്കാരില്‍നിന്ന് കോടതിച്ചെലവ് ഈടാക്കാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് ചെയ്യുന്നില്ലെന്ന് കോടതി പറഞ്ഞു.

പ്രദേശവാസികള്‍ ചേര്‍ന്ന് ശ്മശാനത്തിന്റെ ഗേറ്റില്‍ സ്ഥാപിച്ച പൂട്ട് നീക്കം ചെയ്യാനും ബി.എം.സി.ക്ക് കോടതി നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.

ഏപ്രില്‍ 13 നാണ് ഇവര്‍ ഗേറ്റ് പൂട്ടിയത്. മൃതദേഹം ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിന് എതിരെ പ്രതിഷേധം നടത്തിയതിനു പിന്നാലെ ആയിരുന്നു ഇത്.

വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഹരജിക്കാര്‍ സ്പെഷല്‍ ലീവ് പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപിച്ചു.

ഇതേത്തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സുപ്രീം കോടതി, ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: